പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു
Showing posts with label സര്‍ഗാത്മകം. Show all posts
Showing posts with label സര്‍ഗാത്മകം. Show all posts

Tuesday, September 27, 2011

പട്ടാളക്കാരന്‍ കഥാസ്വാദനം


തകഴിയുടെ പട്ടാളക്കാരന്‍
തകഴിയുടെ പട്ടാളക്കാരന്‍ എന്ന കഥ , കഥാസാഹിത്യ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലു് തന്നെയാണ്.സംഭവവിവരണങ്ങളില്‍ നിന്നും,വര്‍ണനകളില്‍നിന്നും അനുഭവതലവിവരണങ്ങളിലേക്കും വ്യക്തിമനസ്സുകളിലേക്കും കഥ രൂപാന്തരം പ്രാപിച്ചെത്തുന്നത് ഈ കഥയില്‍ കാണാം.രാമന്‍ നായരുടെ ജീവിതത്തിന്റെ ഒരു വലിയഭാഗം തന്നെ ഈ കഥയിലുടെ വര്‍ണ്ണിക്കപ്പെടുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുന്ന
മനുഷ്യനെയാണിതില്‍ പറയുന്നത്.ആദ്യകാലത്ത് പേരു് പോലും നമ്മുടെ കഥാനായകന് നല്കിക്കാണുന്നില്ല. കിടക്കാനിടവും ക‍ഴിക്കാന്‍ ഭക്ഷണവും ഒരു സ്ഥിരവരുമാനവും
ഉണ്ടായിക്കഴിഞ്ഞ് കടമകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാനായതിനു് ശേഷം മാത്രമേ നായകനൊരു പേരു് നല്കിക്കാണുന്നുള്ളു.അയാള്‍ക്ക്, തന്റെ സാഹചര്യങ്ങളേക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്ന ഒരു മനസ്സുണ്ടെന്ന്, നാട്ടിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്ന സഹപ്രവര്‍ത്തകന്റെ നിരന്തരമായുള്ള ചോദ്യത്തിന് ദേഷ്യപ്പെട്ടെന്നവണ്ണം നല്കുന്ന മറുപടിയിലൂടെ നമുക്കാദ്യമായി മനസ്സിലാവുന്നു. പില്കാലത്ത് ടി.പദ്മനാഭന്റെയും എം.ടി. യുടേയും മാധവിക്കുട്ടിയുടേയും മററു് പലരുടേയും കഥകളിലൂടെ നാം വായിച്ചറിഞ്ഞ അവനവന്റെ അസ്തിത്വം അന്വേഷിക്കുന്ന മനുഷ്യന്റെ രൂപരേഖ ഇക്കഥയില്‍  നമുക്ക് കാണാം. സാമൂഹികതയില്‍നിന്നും വ്യക്തിയിലേക്ക്, വ്യക്തിമനസ്സിലേക്ക്,ഒററപ്പെടലിലേക്ക്,ചിന്തയിലേക്ക്, കഥാസാഹിത്യം വളരുന്നതിന്റെ ആദ്യകാലസൂചനകളുണ്ടീ പട്ടാളക്കാരനില്‍.
ഇന്ത്യയിലെ പല നഗരങ്ങളിലും താമസിക്കാനും ഭാഷകള്‍ പഠിക്കാനും സൗകര്യം ലഭിച്ച രാമന്‍നായര്‍ക്ക് ആദ്യമായി അവധി ലഭിക്കുന്ന അവസരത്തില്‍ കേരളത്തിന്റെ നന്മകളേക്കുറിച്ചോര്‍ക്കുന്നു.ഇവിടെ പക്ഷെ, നായകനേക്കാളധികം നമുക്ക് കാണാന്‍ കഴിയുന്നത് കുട്ടനാടിന്റെ കഥാകാരനെത്തന്നെയാണ്. വൈയക്തികതയിലേക്ക് കഥ നീങ്ങിത്തുടങ്ങിയകാലഘട്ടത്തില്‍,കഥാകൃത്തിന്റെ അഭിപ്രായങ്ങള്‍ ഇടയില്‍ ചില ഖണ്ഡികകളിലൂടെ ഏച്ചുകെട്ടിവച്ചിരിക്കുന്നതായിക്കാണാം.
കേരളത്തിലെ നഗരങ്ങളിലങ്ങോളമിങ്ങോളം ഒരു പരിചിത മുഖമന്വഷിച്ച് പക്ഷിവേഗത്തില്‍ യാത്ര ചെയ്ത നായകന് ഒരു ചിരിയോ ഒരു ചോദ്യമോ കിട്ടുന്നതേയില്ല കഥാകൃത്ത് പക്ഷിവേഗത്തില്‍ നായകനെ യാത്രചെയ്യിച്ചതും മന:പൂര്‍വ്വമാണ്. ഒന്ന് യാത്രാ സൗകര്യം, മറ്റൊന്ന്, തിരിച്ചറിയപ്പെടാതിരിക്കുന്ന അവസ്ഥ. അല്പം നേരം കിട്ടിയപ്പോള്‍ ,പോറ്റിയുടെ ചായക്കടയുടെ പടിയില്‍ പേരെഴുതാനും ക്ഷേത്രദര്‍ശനം നടത്തിയ വൃദ്ധനെ പിന്തുടരാനും നായകന്‍ ശ്രമിക്കുന്നുണ്ട് ഓരോ തവണ മാത്രം . ഒരിക്കല്‍ കൂടി പോറ്റിയുടെ കടയില്‍ ചെന്നിരുന്നെങ്കില്‍.......പോറ്റിയുടെ നിസംഗത മാറിയേക്കാം.ഒരിക്കല്‍ കൂടി വൃദ്ധനെ പിന്‍തുടര്‍ന്നെങ്കില്‍........വൃദ്ധന്‍ പരിചയം പുതുക്കിയേനെ.. കൂടുതല്‍
ചോദ്യങ്ങളുണ്ടായേനെ..അതൊന്നും സംഭവിച്ചില്ല. നഗരങ്ങളിലെ യാന്ത്രികതയും
അപരിചിതത്വവും വര്‍ണ്ണിക്കാന്‍ ശ്രമിക്കുന്ന കഥയില്‍ ഇത്രമതി.നാട്ടിന്‍പുറത്തിന്റെ പരിമിത യാത്രാസൗകര്യങ്ങളിലേക്ക് അവധിക്കാലാവസാനത്തോടെ എത്തിച്ചേരുന്ന രാമന്‍നായര്‍ക്ക് ,പെണ്‍മക്കള്‍ മാത്രമുളള ഒരമ്മയുടെ സ്നേഹവീട്ടല്‍ അഭയം കിട്ടുന്നു. വളരെ പ്രായോഗികമതിയായ ഒരു സ്ത്രീയെയാണിവിടെ തകഴി വരച്ചിട്ടിരിക്കുന്നത്. വര്‍ത്തമാനത്തിനിടയില്‍ പട്ടാളക്കാരന്‍ സ്വന്തം കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചു. ആറുപേര്‍ക്കു വേണ്ടി അത്താഴത്തിന് നാഴിയുരി അരിമാത്രം വേവിച്ചുവച്ച ആ സ്ത്രീക്ക് അതുമുഴുവനും അയാളെ കഴിപ്പിച്ച് തൃപ്തിപ്പെടുത്താനായിരുന്നു താല്പര്യം. ഒരു തുള്ളി, സ്നേഹമുള്ള വാക്കുകള്‍ക്കായി കൊതിച്ചിരുന്ന അയാളുടെ മനസ്സും വയറും നിറയ്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ആ ഒരു നേരത്തെ അത്താഴത്തിനും അവര്‍ ചൊരിഞ്ഞ സ്നേഹമുള്ള
വാക്കുകള്‍ക്കും അവരുടെ അന്നുവരെയുള്ളെ ദയനീയാവസ്ഥയെ മാറ്റിമറിക്കാന്‍ കഴിഞ്ഞു.പിറ്റേന്ന് നായകന്‍, അമ്മയുടെ കെട്ടുപ്രായം കഴിഞ്ഞുനിന്ന മകളെ കല്ല്യാണം കഴിക്കുന്നു. ഇല്ലെങ്കില്‍പ്പോലും തലേ രാത്രിയിലെ അസ്വസ്ഥമായ ഉലാത്തലിനിടയില്‍ അയാള്‍ തനിക്ക് ചെയ്യാനുള്ള മറ്റൊരു (നിസ്വാര്‍ത്ഥ?) കര്‍മ്മത്തിനുള്ള തീരുമാനമെടുത്തിട്ടുണ്ടാവും.ആവശ്യമുണ്ടെങ്കിലും ആഗ്രഹമുണ്ടെങ്കിലും ചിന്തിക്കുന്നആര്‍ക്കും ഒരു പരിധിയിലധികം മറ്റൊരാളുടെ സൗജന്യത്തില്‍ കഴിയാനിഷ്ടമില്ല.അതേതായാലും ആ അവസ്ഥയിലൂടെ കടന്നു്പോയിട്ടുള്ള നായകനറിയാം. അതിനാല്‍ത്തന്നെയാണ് പിറ്റേന്നയാള്‍ തന്റെയവസ്ഥ ഒരിക്കല്‍ക്കൂടി വ്യക്തമാക്കാന്‍ ശ്രമിച്ചത്. ആ സ്ത്രീയും ആഗ്രഹിച്ചത് അങ്ങനെയൊരു പെരുമാറ്റം തന്നെ. അതുകൊണ്ടുതന്നെ ഏറെ സമയമെടുക്കാതെ ആ വീട്ടിലൊരു കല്യാണവും ഏറെത്താമസിയാതെ യാത്ര പറയലും നടന്നു.ഇനി ആ വീട്ടിലേക്കാണ് തന്റെ വരുമാനമെത്തുന്നത് എന്ന് നായകന്‍
തീരുമാനിച്ചിരുന്നു എന്ന് വ്യക്തം. അതിനുള്ള പ്രതിഫലവും അയാള്‍ നിശ്ചയിച്ച
രുന്നു. സ്വന്തം ഭാര്യയുടെ കന്യകാത്വം. അതാണ് പിന്നില്‍ നിന്ന് പതിയെ
ചോദ്യങ്ങള്‍ ചോദിച്ച്,അയാള്‍ നോക്കിയപ്പോള്‍ അവനതാസ്യയായ അവളുടെയ
ടുത്തുനിന്നും, “നീ കന്യകയായിരിക്ക് ” എന്ന് നിര്‍ദ്ദേശിച്ചോ,കല്പിച്ചോ അയാള്‍
രാത്രിതന്നെ യാത്രയായത്. ആ ഒരു രാത്രിക്ക് തന്നിലും നാണിയിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ചയാള്‍ തികച്ചും ബോധവാനാണ്.പിറ്റേ ദിവസമായാല്‍, ഒരുപക്ഷെ നാണിയോട് തലേന്നുവരെ കഴിഞ്ഞതുപോലെ കഴിയാന്‍ നിര്‍ദ്ദേശിക്കാന്‍ പറ്റാതാവും. താന്‍ മുടക്കുന്ന മുതലിന് പ്രതിഫലം ആവശ്യപ്പെടാനും സാധിക്കില്ല. ബുദ്ധിമാനായ നായകന്‍ രാത്രിതന്നെ യാത്രയാവുക യും ഏറെ ജോലിക്കയറ്റങ്ങള്‍ കിട്ടിയിട്ടും ശമ്പള വര്‍ദ്ധനവുണ്ടായിട്ടും ഒരിക്കല്‍ പോലും ഭാര്യയുടെയടുത്തേക്ക് എത്താതിരിക്കുകയും ചെയ്യുന്നു. പിന്നീട് നാണിയെ, സ്ഥലത്തെ സാമാന്യം സമ്പന്നയായ,പറഞ്ഞാലനുസരിക്കാന്‍ ആള്‍ക്കാരുള്ള, ഭക്തയായി നാം കാണുന്നുണ്ട് .നാണിയെ സുചരിതയാക്കി നടത്താന്‍ ,ആ വീട്ടിലെ വരുമാനമാര്‍ഗ്ഗത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പരോക്ഷമായൊരറിവ് നല്‍കാന്‍ നായകന്‍ മറ്റൊന്നുകൂടി ചെയ്യുന്നു. ആ കൊച്ചു വീടിന്റെ ഭിത്തിയില്‍ ചാര്‍ത്താന്‍ പാകത്തിന് ഒരു ഫോട്ടോ അയച്ചു കൊടുക്കുന്നു .നാണിക്കും,ആ വീട്ടിലെ മറ്റുപെണ്‍മക്കള്‍ക്കും ആ ചിത്രം തന്നെ ഒരു സംരക്ഷണമാണ്.ജീവിക്കാന്‍ മാര്‍ഗ്ഗമില്ലത്ത , പേരു പോലും സ്വന്തമായില്ലാതിരുന്ന പട്ടാളത്തിലെടുക്കാന്‍ പാകത്തിന് വലുപ്പം മാത്രമുണ്ടായിരുന്ന ഒരാളിന്റ നിസ്വര്‍ത്ഥമോ സ്വര്‍ത്ഥമോ ആയ പ്രവര്‍ത്തിമൂലം , ഒരു നാട്ടിന്‍പുറത്തെ സാമാന്യം സമ്പന്ന കുടുംബമായി പില്‍ക്കാലത്ത് മാറിയ ഒരു കുടുംബത്തിലേക്ക് മൂന്നു വലിയ പെട്ടികളും ഒരു വലിയ തുകയും എത്തുന്നതോടെ കഥ തീരുന്നു.
കഥാകാരന്‍ നായകനില്‍ വരുന്നമാറ്റമൊന്നും നേരിട്ട് സൂചിപ്പിക്കുന്നില്ലെങ്കിലും അയാളുടെ സഹായത്താല്‍ മേല്‍ഗതിയിലേക്കെത്തുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ വളര്‍ച്ച വ്യക്തമായി ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നു.മാത്രമല്ല,യുദ്ധത്തിന്റെ ഭീകരത പല കുടുംബങ്ങളേയും അനാഥമാക്കുന്നുവെന്ന പരോക്ഷമായ സൂചനയും ഈ കഥ നല്‍കുന്നു.

അയച്ചു തന്നത്
ദിനേശ്. എസ്
 കഥ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

Friday, July 29, 2011

തിരിഞ്ഞു നോക്കുമ്പോള്‍


തിരിഞ്ഞു നോക്കുമ്പോള്‍
ലത കെ കെ
സെന്റ് അലോഷ്യസ് ഹൈസ്ക്കൂള്‍ എന്‍. പറവൂര്‍


പഴമയുടെ പൈതൃകം പേറുന്ന
പൊട്ടിയടര്‍ന്നൊരീ കല്പടവുകള്‍
ചവിട്ടിക്കയറുമ്പോള്‍
ചോക്കുപൊ‌‌‌ടിയും കൈപ്പുസ്തകവും
വിടര്‍ന്ന പീലിക്കണ്‍കളും
പ്രത്യാശതന്‍ അത്ഭുതവിളക്കായ് ജ്വലിക്കവേ
കാലത്തിന്റെ കുത്തൊഴുക്കില്‍
പൊരുളറിയാതെ
അലയൊലികള്‍ ആര്‍ത്തലച്ചു
പോകവേ
മുത്തുകളും രത്നങ്ങളും കയ്യില്‍
തടഞ്ഞുവോ?
വിജ്‍‍‍‍‍ഞാനക്കനികള്‍ കാററടിച്ചു
പറക്കവേ,
മുഖം തിരിച്ചു നിന്നവര്‍ക്കും
പങ്കിട്ടു കൊടുത്തില്ലേ?
എന്തേ മനസ്സു്വിങ്ങുന്നു
കുററബോധത്താല്‍
തലകുനിക്കുന്നു?
ജീവിതത്തിന്‍ അനന്തമാം വീഥിയില്‍
വെളിച്ചത്തിന്‍ പൊന്‍കതിരുകള്‍
തലോടവേ
ഏതോ അനര്‍ഘമാം നിമിഷത്തില്‍
പു‍ഞ്ചിരിതൂകി കടന്നു പോകവേ

മനസ്സിന്‍ അഗാധമാം കയങ്ങളിലെവിടെയോ
കണ്ണുനീരിന്നുറവക്കണ്ണുകള്‍ കണ്‍മിഴിക്കുന്നു.

Friday, April 29, 2011

ലേഖനം

നമ്മുടെ നാട്, നമ്മുടെ ഭാഷ
പ്രിയപ്പെട്ട കുട്ടികളേ, നമ്മുടെ കൊച്ചുനാട് കേരളത്തെക്കുറിച്ചും നമ്മുടെ മനോഹരമായ ഭാഷ മലയാളത്തെക്കുറിച്ചും ഇന്നു പറയാം.
നമ്മുടെ നാടിനെയും നമ്മുടെ മലയാളത്തെയും സ്നേഹിക്കുന്നവരാണ് നമ്മള്‍. നമ്മള്‍ എന്ന വാക്ക് ഏറെ പ്രാവശ്യം പറഞ്ഞു. മനപ്പൂര്‍വമാണ്. നമ്മള്‍ എന്നാല്‍ ഈ നാട്ടിലുള്ളവരെല്ലാം. അമ്മ മലയാളത്തെ രക്ഷിക്കണം എന്നു പറഞ്ഞ് നമ്മള്‍ റാലി നടത്തുന്നു. സെമിനാറും പ്രഭാഷണ പരമ്പരയും നടത്തുന്നു. എന്നിട്ടും ഈ അമ്മയ്ക്ക് രക്ഷ കിട്ടുന്നുണ്ടോ? അമ്മയെ രക്ഷിക്കേണ്ടത് മക്കളുടെ കര്‍ത്തവ്യമാണ്. അമ്മ മലയാളത്തെ രക്ഷിക്കണം. ഈ നാടിനെ, പുഴകളെ, മലകളെ, പച്ചപ്പുല്‍പ്പരപ്പിനെ, കേരകേദാര തീര ഭൂവിനെ എല്ലാം രക്ഷിക്കണം. ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മനോഹരമാണെന്ന് നമ്മുടെ ചിന്തയിലൂടെയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും കാണിച്ചു കൊടുക്കണം.
ആദ്യം നമ്മുടെ നാടിനെക്കുറിച്ച്. മലയുടെയും ആഴിയുടെയും ഇടയ്ക്കുള്ള മനോഹരമായ ഒരു നാട്. കിഴക്ക് സഹ്യപര്‍വതം, പടിഞ്ഞാറ് അറബിക്കടല്‍.
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വെച്ച്
സ്വച്ഛാബ്ധി മണല്‍ത്തിട്ടില്‍ പാദോപധാനം ചെയ്ത് നമ്മുടെ കൈരളി സുഖശയനം ചെയ്യുകയാണ്.
പാരിനു പരിഭൂഷ ചാര്‍ത്തിടും
ഭാരതത്തിന്റെ ചിത്രകം
കേരളം വിളങ്ങുന്നു കോമളം
കേര വൃക്ഷക സങ്കുലം - മഹാകവി പാലാ നാരായണന്‍ നായരുടെ കണ്ണിലൂടെയും കാണാം.
നമ്മുടെ നാടിന് ഈ പേര് വന്നത് എങ്ങനെയാണ്? കേര വൃക്ഷങ്ങളുടെ നാട് എന്ന അര്‍ത്ഥത്തില്‍ കേരളം എന്നു വന്നു. ചേരല്‍ + അളം എന്നതാണ് ശരി എന്നൊരു പക്ഷവുമുണ്ട്. ചേരല്‍ എന്നാല്‍ മലഞ്ചരിവ്. മലയും കടലുമായി ചേരുന്ന സ്ഥലമല്ലേ. മലഞ്ചരിവാണ്. അപ്പോള്‍ ചേരല്‍ പ്രദേശം എന്ന അര്‍ത്ഥത്തില്‍ ചേരളം. ചേരളം പിന്നീട് കേരളം എന്ന രൂപത്തിലേക്കു മാറി.
നമ്മുടെ നാടിനെ അറിയണമെങ്കില്‍ എന്തു ചെയ്യണം? ഈ നാട്ടില്‍ ഇറങ്ങി നടക്കണം. ഈ നാടിന്റെ ഹൃദയതാളം ഏറ്റു വാങ്ങണം - നഗ്നമായ പാദത്തോടെ, നിര്‍മലമായ ഹൃദയത്തോടെ. നാടന്‍ പാട്ടുകള്‍, വായ്ത്താരികള്‍, നാടോടിക്കലകള്‍, നാട്ടാചാരങ്ങള്‍, നാടന്‍ വിശ്വാസങ്ങള്‍, നാടന്‍ വാദ്യങ്ങള്‍, നാടന്‍ ചികിത്സകള്‍, നാടന്‍ പാചകങ്ങള്‍, നാടന്‍ ആടയാഭരണങ്ങള്‍, നാടന്‍ ചൊല്ലുകള്‍ ഇങ്ങനെ നാടുമായി ചേര്‍ന്നു കിടക്കുന്നതെല്ലാം മനസ്സിലാക്കണം.
പടയണിയും തുള്ളലും കൂത്തും കൂടിയാട്ടവും തെയ്യവും തിറയും മുടിയേറ്റും മോഹിനിയാട്ടവും ഒപ്പനയും തിരുവാതിരയും ചവിട്ടുനാടകവും കാക്കാരിശ്ശി നാടകവും തുടങ്ങിയ എത്രയെത്ര കലകള്‍. ഇലത്താളവും ഇടയ്ക്കയും മദ്ദളവും തിമിലയും കൊമ്പും കുഴലും ശംഖും ചെണ്ടയും ചേങ്ങിലയും തപ്പും തകിലും മിഴാവും തുടങ്ങിയ എത്രയോ വാദ്യോപകരണങ്ങള്‍. പഞ്ചവാദ്യവും പഞ്ചാരിമേളവും കൊഴുപ്പു കൂട്ടുന്ന ഉത്സവങ്ങള്‍. എല്ലാം എത്ര മനോഹരം.
കൃഷിയുമായും മറ്റു തൊഴിലുകളുമായും ആചാരങ്ങളുമായും ആഘോഷങ്ങളുമായും ബന്ധപ്പെട്ട എത്രയെത്ര നാടന്‍പാട്ടുകളാണ് നമുക്കുള്ളത്. ആരോമല്‍ ചേകവരുടെയും ഉണ്ണിയാര്‍ച്ചയുടെയും തച്ചോളി ഒതേനന്റെയും കഥകള്‍ പാടുന്ന വടക്കന്‍ പാട്ടുകള്‍. കന്നാടിയാന്‍ പോരും ഇരവിക്കുട്ടിപ്പിള്ളപ്പോരും വില്ലടിച്ചു പാടുന്ന തെക്കന്‍ പാട്ടുകള്‍. പാടിയാലും പാടിയാലും മതി വരില്ലാത്ത പാട്ടുകള്‍.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ - എന്നു തുടങ്ങിയുള്ള ഓണപ്പാട്ടുകളുടെ വര്‍ണശബളമായ, വിഭവസമൃദ്ധമായ ശേഖരം നമുക്കുണ്ട്.
ആലായാല്‍ തറവേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം - ഇങ്ങനെ കൂട്ടപ്പാട്ടിനും ആടിപ്പാടാനും പറ്റിയ പാ‍ട്ടുകള്‍ . ഈ പാട്ടുകളുടെ സവിശേഷതകള്‍ എന്തൊക്കെയാണ്? നിഷ്കളങ്ക മനസ്സുകളില്‍ നിന്നും ഉതിര്‍ന്നു വീണതായതു കൊണ്ട് ലാളിത്യവും സാരള്യവും നിറഞ്ഞിരിക്കുന്നു. അതുല്യമായ കല്പനാവൈഭവം കൂടിച്ചേരുമ്പോള്‍ മാധുര്യമേറുന്നു. താളാത്മകതയുടെ വശ്യത കൂടിയാകുമ്പോള്‍ നാവില്‍ നിന്നും നാവിലേക്ക് പാടിപ്പാടി പരക്കുന്നു. ചടുലമായ വായ്ത്താരികളുടെ അകമ്പടിയോടെയാണ് ഈ പാട്ടുകളുടെ വരവ്.
തെയ്യാതിനന്താ തിനന്തിനം താരോ
താരാ തിനന്താ തിനന്തിനം താരോ
തെയ്താരാ തെയ്താരാ തക
തെയ്താരാ തെയ്താരാ
താരിക്കം താരാരോ തക താരിക്കം താരാരോ
താരിക്കം താരാരോ തക താരിക്കം താരാരോ
തന്നാനേ താനാ തിന തന്നാനം താനാ
തന്നാനേ താനാ തിന തന്നാനം താനാ
താനാ തനതന താനാതനതന താനാ തനതന തന്തിനനോ
താനാ തനതന താനാതനതന താനാ തനതന തന്തിനനോ
ഹൊയ്യാരെ ഹൊയ്യാരെ ഹര ഹൊയ്യാരെ ഹര ഹൊയ്യര ഹൊയ്യര
ഹൊയ്യാരെ ഹൊയ്യാരെ ഹര ഹൊയ്യാരെ ഹര ഹൊയ്യര ഹൊയ്യര
ഏരേരിയേരേയീരക യേരേരിയേരോ, ഏരേരിയേരേയീരക
യേരേരിയേരോ ഏരേരിയേരേയീരക യേരേരിയേരോ
ഏലേലയ്യാ ഏലേലം
ഏലേലയ്യാ ഏലേലം
തെയ്യക തെയ്യക തെയ്യകം താരോ
തെയ്യക തെയ്യക തെയ്യകം താരോ
തിയ്യോ തിനന്തോ തിനന്തിനോ തക
തിയ്യോ തിനന്തോ തിനന്തിനന്തോ.............ഇങ്ങനെ എത്രയെത്ര വായ്ത്താരികള്‍. പ്രതിഭയുള്ളവര്‍ക്ക് ഈ വായ്ത്താരിക്ക് ഒപ്പിച്ച് പാട്ടുകെട്ടി നോക്കാവുന്നതാണ്.
ഇനി നാടന്‍ ചൊല്ലുകളുടെ കാര്യം നോക്കിയാലോ. പഴഞ്ചൊല്ലുകള്‍ ഒരു വക. ശൈലികളും കടങ്കഥകളും മറ്റൊരിടത്ത്. പഴമൊഴിപ്പത്തായം നിറയെ സ്റ്റോക്കുണ്ട്.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്നു തുടങ്ങുന്ന ഓണപ്പഴഞ്ചൊല്ലുകള്‍ തന്നെ ഒരു പത്തായം നിറയെയുണ്ട്.
കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും, കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുക, കൈ നനയാതെ മീന്‍ പിടിക്കുക – ഇങ്ങനെ സന്ദര്‍ഭത്തിനു യോജിച്ച പഴ‍ഞ്ചൊല്ലുകള്‍ നാവില്‍ തനിയേ വന്നു കൊള്ളും.
നാടന്‍ ചികിത്സയുടെ കാര്യമെടുത്താല്‍ നമ്മുടെ പാരമ്പര്യത്തോടു കിടപിടിക്കാന്‍ ആര്‍ക്കാണു കഴിയുക. വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു ചെടിയുടെ ഇലയോ വേരോ സിദ്ധൗഷധമാക്കി മാറ്റുവാന്‍ നമുക്കറിയാം.
നാടന്‍ കഥകളുടെ മാധുര്യം അമ്മിഞ്ഞപ്പാലിനോടൊപ്പം നമ്മുടെ മനസ്സില്‍ നിറഞ്ഞതാണ്. മുത്തശ്ശിക്കഥകളുടെ കല്ക്കണ്ടവും നുണഞ്ഞിറക്കിയാണ് ബാല്യം പിച്ചവെച്ചത്.
ഇങ്ങനെ അറിയുമ്പോള്‍ നമ്മുടെ നാടിനെ നാമറിയും. നമ്മുടെ സംസ്കാരത്തെ നാമറിയും. നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനമായ ഭാഷയെ നമ്മളറിയും.
ജനിക്കും മുതലെന്‍ മകനിംഗ്ലീഷു പഠിക്കണം
അതിനാല്‍ ഭാര്യ തന്‍ പേറങ്ങിംഗ്ലണ്ടിലാക്കി ഞാന്‍ - ഇങ്ങനെ കുഞ്ഞുണ്ണിമാഷ് ചില മലയാലീസിനെക്കുറിച്ചു പറഞ്ഞിട്ടില്ലേ. അവരെ പോലെയാവരുത്.
നമ്മുടെ ഭാഷയെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് വേറെയും കുഞ്ഞിക്കവിതകള്‍ എഴുതിയിട്ടുണ്ട്.
ഉറുമ്പിന്‍ തലയാനയ്ക്കു -
മാനത്തലയുറുമ്പിനും
മാറ്റിവെച്ചു കൊടുത്തീടില്‍
മലയാളം മനോഹരം. - ശരിയല്ലേ.
അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യമുണ്ട്.
ആറു മലയാളിക്കു നൂറു മലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല.
കുഞ്ഞുണ്ണിമാഷ് പറഞ്ഞതു ശരിയാണോ? നിങ്ങള്‍ മലയാളികളല്ലേ. നിങ്ങള്‍ക്കു മലയാളമില്ലേ? നിങ്ങള്‍ എത്രകാലമായി മലയാളം പഠിക്കുന്നു? ഏഴെട്ടു കൊല്ലങ്ങളായില്ലേ? എങ്കില്‍ ഒരു ചോദ്യം - മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? ഇംഗ്ലീഷില്‍ എത്ര അക്ഷരങ്ങളുണ്ട് എന്നു ചോദിച്ചാല്‍ കൃത്യമായി പറയും - 26
നമ്മള്‍ മലയാളികള്‍ മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട് എന്നു മനസ്സിലാക്കണ്ടേ? വേണം.
മലയാളഭാഷയിലെ ആദ്യത്തെ സാഹിത്യകൃതിയാണ് രാമചരിതം. എഴുതിയത് ചീരാമകവി. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈകൃതിയുടെ പിറവി. ഇതിന്റെ രചനയില്‍ മുപ്പത് അക്ഷരങ്ങളേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാലും ഈ കൃതിയില്‍ പറയുന്നത്
അകാരാദി അയ് മ്പതെഴുത്തിനും അകരം തന്നെ മുറ്റും - എന്നാണ്. അതായത് അകാരാദികളുടെ എണ്ണം അമ്പത്.
ഏതാണ്ട് അറുന്നൂറു കൊല്ലം മുമ്പ് ജീവിച്ചിരുന്ന മഴമംഗലം നമ്പൂതിരി ഭാഷാനൈഷധം ചമ്പുവില്‍ പറയുന്നത് അമ്പത്തൊന്നക്ഷരാളിയായ ദേവിയെക്കുറിച്ചാണ്. ഇങ്ങനെ പറഞ്ഞു പോയാല്‍ ശരിയാവുകയില്ലല്ലോ. ഇനി പഴമക്കാരോടു ചോദിച്ചാലോ. അവര്‍ പറയും അമ്പത്തിയാറ് എന്ന്. ഒരുപാടു വളര്‍ന്നു വികസിച്ച നമ്മുടെ ഭാഷയുടെ അക്ഷരക്കണക്ക് ഇങ്ങനെ മതിയോ?
കേരളപാണിനീയം എന്നൊരു പുസ്തകത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? .ആര്‍.രാജരാജവര്‍മ്മയുടെ ഈ പുസ്തകമാണ് മലയാളത്തിലെ ആധികാരികമായ വ്യാകരണഗ്രന്ഥം. ഇതിലെ അക്ഷരക്കണക്കാണ് ഇന്ന് സര്‍വസമ്മതമായിട്ടുള്ളത്. അമ്പത്തിമൂന്ന് അക്ഷരങ്ങളാണ് ഇവിടെ പറയുന്നത്. പതിനാറു സ്വരങ്ങളും മുപ്പത്തിയേഴു വ്യഞ്ജനങ്ങളും. ഇതില്‍ മൂന്നു സ്വരങ്ങളും ഒരു വ്യഞ്ജനവും പ്രയോഗത്തിലില്ല. ബാക്കി നാല്പത്തിയൊന്‍പത് അക്ഷരങ്ങളാണ് നമ്മള്‍ ഉപയോഗിക്കുന്നത്. എങ്കിലും മലയാളഭാഷയില്‍ എത്ര അക്ഷരങ്ങളുണ്ട് എന്നു ചോദിച്ചാല്‍ തറപ്പിച്ചു പറയാം - അന്‍പത്തിമൂന്ന്. അതിന് ആധാരം കേരളപാണിനീയം.
ഈ അക്ഷരങ്ങളുപയോഗിച്ച് നമ്മള്‍ ആദ്യം പറഞ്ഞ വാക്ക് ഏതാണ്? ഓര്‍മ്മയുണ്ടോ?
മ്മ.... എന്നു തുടങ്ങി അമ്മയിലെത്തി. അതോ മമ്മിയിലോ? മമ്മിയല്ല, അമ്മ. അമ്മയെ വിളിച്ചു ചിരിച്ചു കൊഞ്ചിക്കിടക്കുമ്പോള്‍ വിശപ്പു വരും. അപ്പോഴെന്തു പറയും - അമ്മിഞ്ഞ. ആദ്യം അമ്മേ, അമ്മേ എന്നു കൊഞ്ചി വിളിച്ചു. വിശപ്പു വരുമ്പോള്‍ അമ്മിഞ്ഞ എന്നു നിലവിളിച്ചു. പിന്നെ അച്ഛന്‍, അണ്ണന്‍ ഇങ്ങനെ ഓരോന്നു പഠിക്കുകയാണ്.
ഇങ്ങനെ വാക്കുകള്‍ ഓരോന്നായി മനസ്സിലേക്കു വന്നു നിറയും. പിന്നെ മുറ്റത്തേക്കിറങ്ങും. കാക്കയെയും പൂച്ചയെയും കാണും. പുഴുവിനെയും ചിത്രശലഭത്തെയും കാണും. കുയില്‍ കൂകുമ്പോള്‍ തിരിച്ചു കൂകും. പുഴ പാടുമ്പോള്‍ കൂടെ താളം പിടിക്കും. ഇങ്ങനെ എല്ലാം അറിയുകയാണ്. എല്ലാം പഠിക്കുകയാണ്.
എല്ലാം മനസ്സിലാകുന്നുണ്ട്. നല്ല ഭാഷയാണ്. മധുരമുള്ള ഭാഷയാണ്. കുറെ മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ വേറെയും ഭാഷകള്‍ പഠിച്ചു.
മഹാകവി വള്ളത്തോള്‍ പറഞ്ഞതുപോലെ
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍.
നമ്മള്‍ കഷ്ടപ്പെട്ടു പഠിച്ചെടുക്കുന്ന ഭാഷകള്‍ വളര്‍ത്തമ്മമാരുടെ സ്ഥാനം മാത്രമുള്ളവയാണ്. പെറ്റമ്മ ഒന്നു മാത്രമേയുള്ളൂ. അത് മാതൃഭാഷയാണ്. മലയാളമാണ്. സാഹിത്യവും സംഗീതവും എല്ലാം നിറഞ്ഞ മലയാളം. കഥയും കവിതയും നോവലും എല്ലാമുള്ള മലയാളം. സയന്‍സും ചരിത്രവും കണക്കും ഈ ഭാഷയിലൂടെ നമുക്കു വേഗത്തില്‍ മനസ്സിലാകും. മറ്റൊരു ഭാഷയിലൂടെ ഇതു പഠിച്ചാല്‍ മനസ്സിലാക്കുന്നതിന് താമസം നേരിടും. ഭാഷ പലതു പഠിക്കുന്നതു നല്ലതു തന്നെ. പക്ഷേ അറിവു നേടിയെടുക്കേണ്ടത് പെട്ടെന്നു മനസ്സിലാകുന്ന മാതൃഭാഷയിലൂടെ തന്നെയാകണം. ഒരു കുട്ടിയെ മാതൃഭാഷയിലല്ലാതെ പഠിപ്പിക്കുന്നത് അവനെ കാരാഗൃഹത്തിലടയ്ക്കുന്നതിനു തുല്യമാണെന്ന് ഗാന്ധിജി പറഞ്ഞത് അതു കൊണ്ടാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവു നേടലാണ്. അറിവു നേടുന്നതിന് മാതൃഭാഷയില്‍ തന്നെ പഠിക്കണം.
നമ്മള്‍ നമ്മുടെ അമ്മമലയാളത്തെ മറക്കാതിരിക്കണം. നമ്മുടെ നാടിന്റെ വെളിച്ചമായിത്തീരണം. മഹാകവി വൈലോപ്പിള്ളി പാടിയതു പോലെ
ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.

രജികുമാര്‍. റ്റി.ആര്‍.
ജെ.എം.പി.ഹൈസ്കൂള്‍,
മലയാലപ്പുഴ,
പത്തനംതിട്ട.

Saturday, February 19, 2011

കവിതകള്‍

കൊല്ലത്ത് വച്ച് നടന്ന മലയാളം എസ്.ആര്‍ ജി.പരിശീലനത്തിലെ  കാവ്യ സദസ്സില്‍  അവതരിപ്പിച്ച കവിതകള്‍ 
ആലപ്പുഴയിലെ മണി സാറാണ് പോസ്റ്റ്‌ ചെയ്യാന്‍ തക്കവണ്ണം മനോഹരമാക്കിയത്  
ഈ കവിതകളുടെ നിരൂപണങ്ങള്‍  ക്ഷണിക്കുന്നു.
നിരൂപണങ്ങള്‍ അയക്കേണ്ടത്
malayalamsrg@gmail.com









Monday, November 8, 2010

ലേഖനം

മലയാള ചെറുകഥയിലെ ആധുനിക പ്രവണതകള്‍

ളര്‍ച്ചയുടെ സ്ഥൂലതയില്‍ സര്‍വദിക്കുകളിലേക്കും കൈകളെത്തിപ്പിടിച്ചു മുന്നേറുന്ന ഒരു വടവൃക്ഷത്തിന്റെ സ്വഭാവമുണ്ട് മലയാള ചെറുകഥയ്ക്ക്.പ്രമേയസ്വീകരണത്തിലും ആഖ്യാനവിധാനത്തിലും പുതുമയുടെ വഴിയേ പോകുവാന്‍പുതുവെളിച്ചവും പുതുലാവണ്യവും ആവാഹിച്ചെടുക്കുവാന്‍ മലയാളചെറുകഥാകാരന്മാര്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നുതകഴിയും ദേവും പൊന്‍കുന്നം വര്‍ക്കിയും ഉറൂബും പൊറ്റെക്കാടും ഉള്‍പ്പെടുന്ന നവോത്ഥാനകാല ചെറുകഥാകൃത്തുക്കളില്‍ നിന്നും ആധുനികരും ഉത്തരാധുനികരും ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞിരിക്കുന്നു.
ഇതിവൃത്തത്തിനു പരമപ്രാധാന്യം കല്പിച്ചുകൊണ്ടുള്ള ദീര്‍ഘമായ പശ്ചാത്തല വര്‍ണനകളും ഉപകഥകളുടെ സന്നിവേശവും നവഭാവുകത്വത്തിനു രസനീയമല്ലസംഭവങ്ങളെ യഥാതഥമായി ആവിഷ്കരിക്കുവാനും കഥാപാത്രങ്ങളെ ആദര്‍ശവത്ക്കരിക്കാനുമാണ് നവോത്ഥാനകഥാകാരന്മാര്‍ ശ്രമിച്ചത്വൈകാരികതയുടെ തീവ്രതാപം വമിക്കുന്ന രചനകളിലൂടെ അതിനെ മറികടക്കുവാന്‍ എംടിയും മാധവിക്കുട്ടിയും ടി.പദ്മനാഭനും എന്‍.മോഹനനും അടക്കമുള്ള ആധുനികര്‍ക്ക് കഴിഞ്ഞു.മലയാളചെറുകഥയിലെ പുതിയൊരു പ്രവണതയാണ് അവിടെ ദര്‍ശനീയമായത്അപ്രതീക്ഷിതമായ തുടക്കവും അപരിചിതസ്ഥലങ്ങളിലൂടെയുള്ള കഥയുടെ സഞ്ചാരവും വികാരതീവ്രതയുള്ള സന്ദര്‍ഭങ്ങളുടെ ഉചിതമായ കോര്‍ത്തിണക്കലും സംഭാഷണങ്ങളിലെ ശ്രദ്ധയും മിതത്വവും സൂക്ഷ്മമായ നിരീക്ഷണവും ഈ പ്രവണതയുടെ പൊതുസ്വഭാവങ്ങളായി എടുത്തുകാണിക്കപ്പെടുന്നു.ഇതിവൃത്തത്തെക്കാള്‍ ആഖ്യാനത്തിനാണു പ്രാധാന്യംദുരന്തവും ഫലിതവും,ചരിത്രവും രാഷ്ട്രീയവുംതത്ത്വചിന്തയും അരാജകവാദവും പശ്ചാത്തലത്തില്‍ നിര്‍ത്തിക്കൊണ്ട് ബിംബസ്വഭാവമുള്ള കഥകള്‍ രചിക്കുമ്പോഴും വൈകാരികതയ്ക്ക് മുന്‍തൂക്കം നല്കുന്ന ആഖ്യാനരീതി കൈവിടാതിരിക്കുവാന്‍ ആധുനികര്‍ ശ്രദ്ധ കാണിച്ചു.വി.വിജയനും കാക്കനാടനും എം.മുകുന്ദനും സക്കറിയയും ഉള്‍പ്പെടുന്ന ആധു‌നികരിലെ അടുത്തതലമുറ ആഖ്യാനത്തിന്റെ സവിശേഷത കൊണ്ട് ഇതിവൃത്തത്തിന്റെ പ്രാധാന്യത്തെ തമസ്കരിക്കുകയാണു ചെയ്തത്ഈ ഭൂമികയില്‍ നിന്നുകൊണ്ടു വേണം മലയാളചെറുകഥയുടെ പുതിയ പ്രവണതയിലേക്കു കടക്കേണ്ടത്തീവ്രതാപത്തിന്റെ മേഖലയാണത്ഇതിവൃത്തത്തിന്റെ സുഘടിതമായ വ്യവസ്ഥയോ ആഖ്യാനത്തന്റെ പെരുമയില്‍ അനുഭവതീക്ഷ്ണമാകുന്ന വൈകാരികതയോ മാത്രം ഈ കഥകളില്‍ തിരയരുത്.
2010 ഒക്ടോബര്‍ 31-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഉണ്ണി.ആര്‍ എഴുതിയ ചെറുകഥയിലേക്കു കടക്കാംലീല എന്നാണു കഥയുടെ പേര്.സ്വേച്ഛാധിപത്യ മനസ്സുള്ള കുട്ടിയപ്പന്റെ ലീലകളുടെ കഥയാണിത്ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയ കഥയിലെ തൊമ്മി എന്ന വിധേയനെപ്പോലെയുള്ള പിള്ളേച്ചനാണ് ഈ കഥയിലെ മറ്റൊരു കഥാപാത്രം.
തന്തയൊണ്ടാക്കിയത് മുഴുവന്‍ നശിപ്പിക്കാന്‍ ഓരോന്ന് ജനിച്ചോളുംകൊറെ പഠിച്ചിട്ടുണ്ടെന്ന് പറഞ്ഞിട്ട് വല്ല കാര്യമൊണ്ടോ?” എന്നുള്ള പിള്ളേച്ചന്റെ ഭാര്യ പത്മിനിയുടെ വാക്കുകളിലൂടെ കുട്ടിയപ്പന്റെ പേരുപോലെ തന്നെ വിചിത്രമായ ജീവിതരീതിയും സ്വഭാവവും ഏറെക്കുറെ പിടികിട്ടുംമുടിയനായ പുത്രന്റെ ഏതു കഥയിലും പറയുന്നതുപോലെ ഇതും രതിയുടെയും സുരപാനത്തിന്റെയും കഥയാണ്.
നട്ടപ്പാതിരയ്ക്ക് പിളേളച്ചന്റെ വീട്ടിലെത്തി അക്ഷമനായി തന്റെ ഇംഗിതമറിയിക്കുന്ന കുട്ടിയപ്പന്‍ഒരു കൊമ്പനാനയുടെ തുമ്പിക്കൈയില്‍ ഒരു പെണ്ണിനെ തുണയില്ലാതെ ചേര്‍ത്തുനിര്‍ത്തി ഭോഗിക്കണം എന്ന ആഗ്രഹമാണ് കുട്ടിയപ്പനെ ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്ഈ ആഗ്രഹ സഫലീകരണത്തിനായി പിള്ളേച്ചനെയും കൂട്ടുപിടിച്ചുകൊണ്ടുള്ള യാത്രയുടെ കഥയാണ് ലീലഅതിനു പറ്റിയ കൊമ്പനാനയെ അന്വേഷിച്ചു നടക്കുമ്പോള്‍ കാര്യസാദ്ധ്യത്തിനു വേണ്ടി നടത്തുന്ന തീവ്ര പരിശ്രമങ്ങളും പെരുമാറ്റരീതികളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടുകൂടിയാണ് അവതരിപ്പിക്കുന്നത്ഏറെക്കാശ് വാടക കൊടുക്കേണ്ടതുണ്ടെങ്കിലും വയനാട്ടില്‍ നിന്ന് ആനയെ ഒത്തുകിട്ടിഇനി പറ്റിയ പെണ്‍കുട്ടിയെയാണ് വേണ്ടത്.
ഈ അന്വേഷണത്തിനിടയില്‍ കുട്ടിയപ്പന്റെ അസ്വാഭാവിക ലൈംഗിക കാമനകളുടെ ലോകവും ഉന്മാദപ്രവൃത്തികളും ചുരുളഴിയുന്നുണ്ട്.വാടകയ്ക്കെടുക്കുന്ന പെണ്ണിനെ തുണിയൊന്നുമില്ലാതെ ദേഹം മുഴുവന്‍ എണ്ണ തേപ്പിച്ച് ടേപ്പ് റിക്കാര്‍ഡറില്‍ പാട്ടുമിട്ട് രാത്രി മുഴുവന്‍ ഡാന്‍സ് ചെയ്യിപ്പിക്കുകയും രാവിലെ നെറ്റിയില്‍ ഉമ്മയും കൈ നിറയെ കാശും കൊടുത്തു പറഞ്ഞു വിടുകയും ചെയ്യുന്ന കുട്ടിയപ്പന്‍മറ്റൊരിക്കല്‍ മൂക്കില്‍ പഞ്ഞിയും വച്ചിട്ട് വിളക്കുകള്‍ക്കും ചന്ദനത്തിരിക്കുമിടയില്‍ മരിച്ചവനെപ്പോലെ കിടന്ന്പെണ്ണിനെ രാത്രി മുഴുവന്‍ നിലവിളിക്കാനേല്പിച്ചിട്ട് രാവിലെ നിറയെ കാശു നല്കി പറഞ്ഞു വിടുന്ന കുട്ടിയപ്പന്‍കൂടാതെ വീട്ടിലെ വേലക്കാരിത്തള്ള ഏലിയാമ്മച്ചേച്ചിയുടെ നടുവൊടിച്ച സംഭവവും ഉപകഥയായി ചേര്‍ത്തിട്ടുണ്ട്മുകളിലെ നിലയിലേക്ക് ചായയും ഭക്ഷണവും ജന്നലിലൂടെ ഏണിമാര്‍ഗം എത്തിക്കുവാനുള്ള ഏര്‍പ്പാടുണ്ടാക്കിയതിനാലാണ് ഏലിയാമ്മച്ചേച്ചിയ്ക്ക് വീണു നടുവൊടിയേണ്ടി വന്നത്.
ഇങ്ങനെ വിചിത്ര സ്വഭാവങ്ങളുടെ കൂടിയിരിപ്പുകാരനായ കുട്ടിയപ്പന് ഒരു പെണ്‍കുട്ടിയെ ലഭിച്ചുതന്ത തന്നെ ഗര്‍ഭിണിയാക്കിയതിനു ശേഷം മാര്‍ക്കറ്റിലിറക്കിയിരിക്കുന്ന ലീലലീല എന്നത് അവളുടെ ശരിക്കുമുള്ള പേരല്ലകുട്ടിയപ്പനിട്ട പേരാണ്ലീലയെ വിവസ്ത്രയാക്കി കൊമ്പനാനയുടെ തുമ്പിക്കൈയോടു ചേര്‍ത്തു നിര്‍ത്തി കണ്ടപ്പോഴേക്കും കുട്ടിയപ്പന്റെ ഭ്രാന്ത് സംതൃപ്തി നേടിഅതിനു ശേഷമുള്ള മടങ്ങിവരവ് പരിണാമദശയിലെ വിചിത്രമായൊരു ചിത്രം പോലെ മുന്നില്‍ നഗ്നനായ കുട്ടിയപ്പന്‍അതിനു പിന്നില്‍ നഗ്നയായ ലീലഅതിനു പിന്നില്‍ ഭൂമിയിലെ ഏറ്റവും വലിയ മൃഗം.നടക്കുന്നതിനിടയില്‍ പെട്ടെന്ന് ലീല തിരിഞ്ഞു നിന്നുമദഗജം വന്യമായ ഒരു ആവേശത്തോടെ അവളെ പൊക്കിയെടുക്കുന്നിടത്ത് കഥ അവസാനിക്കുന്നു.
ആഖ്യാനത്തന്റെ സവിശേഷത കൊണ്ട് ശ്രദ്ധേയമാകുന്ന ഒരു രചനയാണിത്.സുഘടിതമായ ഒരു ഇതിവൃത്തം ഇതിലില്ലഉള്ളത് അശ്ലീലത്തിന്റെ ആധിക്യം കൊണ്ട് വികൃതവുമാണ്ദീര്‍ഘമായ പശ്ചാത്തല വര്‍ണനകളും ഉപകഥകളുടെ ആഖ്യാനവും നവോത്ഥാനകഥകളെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുവൈകാരികതയ്ക്ക് ഇടമില്ലാത്ത രചനാരീതിയാണിവിടെയുള്ളത്.നമ്മെ സംഭ്രമിപ്പിക്കുന്ന തരത്തില്‍ രതിയുടെ അപരിചിത മേഖലകള്‍ അനാവരണം ചെയ്യുവാനാണ് കഥാകൃത്ത് ശ്രമിച്ചിരിക്കുന്നത്ലൈംഗിക വൈകൃതത്തിനുള്ള പ്രേരണ എല്ലാ മനുഷ്യരുടെയും ഉപബോധ മനസ്സില്‍ കുടികൊള്ളുന്നുണ്ട്ക്രമവിരുദ്ധമായ ലൈംഗികത അതിന്റെ സംതൃപ്തിക്കായി ക്രമവിരുദ്ധമായ വഴികള്‍ തേടിക്കൊണ്ടിരിക്കുംപരപീഡനസുഖവും ആത്മപീഡന സംതൃപ്തിയും ക്രമവിരുദ്ധ ലൈംഗികതയുടെ പ്രവര്‍ത്തന ഫലമായി ഉണ്ടാകുന്നതാണ്കുട്ടിയപ്പന്റെ പ്രവൃത്തിയില്‍ ഇതു രണ്ടുമുണ്ട്.ലൈംഗികതയുടെ ഭ്രാന്തില്‍ മനുഷ്യനില്‍ മൃഗത്തിന്റെ അക്രമസ്വഭാവം നമുക്കു കാണാവുന്നതാണ്അതുതന്നെയാണ് മറ്റൊരു തരത്തില്‍ കൊമ്പനാനയുടെ പ്രവൃത്തിയായി കഥാകൃത്ത് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്.
ആധുനികകാലത്തെ കഥാകാരന്മാരുടെ രചനകളില്‍ വൈകാരികാംശത്തിന് പ്രാധാന്യം നല്കിയതിനോടൊപ്പം ചില മൂല്യങ്ങള്‍ ആസ്വാദകനിലേക്ക് സംക്രമിപ്പിക്കുവാനും കൂടി ശ്രമിച്ചിട്ടുള്ളതായി കാണാംഇക്കാര്യത്തിലും ലീല ഒരു വലിയ പരാജയമാണ്ഈ കഥയില്‍ ധര്‍മ വിരുദ്ധമായ ജീവിതം നയിക്കുന്ന ഒരു വ്യക്തിയുടെ കഥയാണ് പറയുന്നത്ഇവിടെ പറയുന്ന ലൈംഗികത പ്രകൃതി വിരുദ്ധമെന്നു പറയാനാവില്ലെങ്കിലും സാത്വികമായ ഒരു നിലയിലുള്ളതല്ലപരപീഡനസുഖവും ആത്മപീഡനരതിയും കെട്ടുപിണയുന്ന ക്രമവിരുദ്ധ ലൈംഗികതയുടെ വിചിത്ര വഴികള്‍ കാണിച്ചു തരുവാന്‍ ഈ കഥയ്ക്കു കഴിയുന്നു എന്നത് ഒരു മെച്ചമായി പറയാമെന്നു മാത്രംആഖ്യാനരീതി ആകര്‍ഷകമാണെങ്കിലും വൃഥാസ്ഥൂലമായ വര്‍ണനകളും അതിഭാവുകത്വം നിറഞ്ഞ രചനാശൈലിയും ഈ കഥയുടെ വലിയ പോരായ്മകളാണ്.
ഭാഷാപോഷിണി 2010 ഒക്ടോബര്‍ ലക്കത്തില്‍ വന്ന കെ.പി.രാമനുണ്ണിയുടെ'വൈദ്യശരീരംഎന്ന കഥ കൂടി പരിശോധിക്കാംഅനന്തകൃഷ്ണന്‍ എന്ന മനുഷ്യന്റെ ജീവിതദുരന്തങ്ങളുടെ ചിത്രം ഈ കഥയില്‍ വരച്ചു വച്ചിരിക്കുന്നു.ഔദ്യോഗിക ജീവിതത്തിലേക്കു കടന്നപ്പോള്‍ അതിവൈകാരികതയോടെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും അതിന്റെ ഭാഗമായി നിരാഹാര സത്യാഗ്രഹം അനുഷ്ഠിക്കുകയും ചെയ്യുന്ന അനന്തകൃഷ്ണന്‍തനിക്ക് താന്‍ ഭിത്തിയായൊരു കാരാഗൃഹത്തിലേക്ക് ഘട്ടം ഘട്ടമായി പ്രവേശിപ്പിക്കപ്പെടുക എന്നതായിരുന്നു അതിന്റെ ഫലംഅയാള്‍ ഒരു വൈദ്യശരീരമായിയാന്ത്രികമായ ജീവിതചര്യകളില്‍ ഏര്‍പ്പെട്ടു കഴിയുന്ന ഒരു മനുഷ്യനായി രൂപം പ്രാപിക്കുന്നുആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഭാര്യയില്‍ നിന്നും അകന്നു കഴിയുന്ന അനന്തകൃഷ്ണന്‍ ഭാര്യയുടെ മനസ്സില്‍ ഒരു ജൈവപിണ്ഡമായി തീര്‍ന്നിരിക്കുന്നുഅതുകൊണ്ടു തന്നെ ഒരു സ്ത്രീലമ്പടന് വഴങ്ങിക്കൊടുക്കുന്നതില്‍ അവള്‍ക്ക് കുറ്റബോധം തോന്നുന്നില്ലഅതേ മനുഷ്യന്‍ മകളെ നശിപ്പിക്കുമ്പോഴും അതു കണ്ടു നില്ക്കുന്ന അനന്തകൃഷ്ണന്‍ വൈകാരികതയുടെ ലോകത്തുനിന്നും പുറത്തുകടന്ന്കൃത്യമായ ടൈംടേബിളില്‍ മുന്നോട്ടു പോകുന്നതു കൊണ്ട് പ്രതികരിക്കുവാന്‍ ശ്രമിക്കുന്നതേയില്ല.
അതിവൈകാരികത ഉന്മാദമായിത്തീരുന്ന ചിത്രം ആദ്യം അവതരിപ്പിച്ചു.തനിക്കു പുറത്തുള്ള സമൂഹത്തിന്റെ പ്രശ്നങ്ങളായിരുന്നു അപ്പോള്‍ അയാളെ ഭരിച്ചത്വികാരരഹിതമായ അവസ്ഥയാണ് പിന്നീട്തന്റെ ശരീരത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന യാന്ത്രികമായ ജീവിതംഇതും ഒരു തരം ഭ്രാന്തു തന്നെയാണ്തന്നെക്കുറിച്ചു മാത്രം ചിന്തിക്കുന്നവന്‍ സ്വയം ഒരു ദുര്‍ഗം ചമയ്ക്കുകയാണ്സമൂഹമനസ്സില്‍ അവനു സ്ഥാനമില്ലകൂട്ടായ്മയുടെ കെട്ടു തീര്‍ക്കുന്ന ചങ്ങലക്കണ്ണിയില്‍ നിന്നും അവന്‍ അറ്റുപോകുകയാണ്.അനന്തകൃഷ്ണന്റെ ദാരുണമരണം അതാണു കാണിക്കുന്നത്ആഖ്യാനത്തന്റെ ചാരുതയാണ് ഈ കഥയെയും ശ്രദ്ധേയമാക്കുന്നത്അതിഭാവുകത്വത്തിന്റെ അകമ്പടിയില്ലാതെ രചന നടത്തിയിരിക്കുന്നുആഖ്യാനത്തന്റെ സവിശേഷത കൊണ്ട് സുദൃഢമായൊരു ഇതിവൃത്തം രൂപപ്പെട്ടു വരുന്നു.
മലയാളചെറുകഥയിലെ പുതിയ പ്രവണതകള്‍ ചൂണ്ടിക്കാണിക്കുന്നതിനായി ഒരേ സമയത്തു പ്രസിദ്ധീകരിച്ച രണ്ടു കഥകള്‍ പരിശോധിക്കുകയായിരുന്നു.പ്രമേയസ്വീകരണത്തിലും ആഖ്യാനശൈലിയിലും പാത്രാവിഷ്കരണത്തിലും ഇവ വ്യത്യസ്തത പുലര്‍ത്തുന്നു.മനുഷ്യമനസ്സുകളുടെ അനിര്‍വചനീയ മേഖലകളിലൂടെ സൂക്ഷ്മനിരീക്ഷണം ആവശ്യപ്പെടുന്ന ജാഗ്രതയോടെ സഞ്ചാരം നടത്തുവാന്‍ ഈ കഥകള്‍ പ്രേരണ നല്കുന്നുഒന്ന് ശ്ലീലവും മറ്റേത് അശ്ലീലവും ആണെന്ന വ്യത്യാസമേയുള്ളൂ.
.വി.വിജയന്റെ അരിമ്പാറയും എട്ടുകാലിയും ആസ്വദിക്കുകയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെയും മറ്റും രതികഥകളെ തിരസ്കരിക്കുകയും ചെയ്തവരാണ് മലയാളികള്‍തിരസ്കാരത്തിന്റെ ഏറ്റവും താണപടിയില്‍ പോലും സ്ഥാനം നല്കാതെ ചവറ്റുകുട്ടയില്‍ കളയേണ്ട സാധനത്തെ വന്‍പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുക മാത്രമല്ലമാസികയുടെ മുഖച്ചിത്രമായി വലിയ പരസ്യത്തോടെ പ്രചരിപ്പിക്കുക എന്നതാണ് മലയാളത്തിന്റെ പുതിയ പ്രവണതഅതിനിടയില്‍ 'വൈദ്യശരീരംപോലുള്ള നല്ല കഥകള്‍ ഉണ്ടാകുന്നു എന്നത് ആശ്വാസകരം.

രജികുമാര്‍.റ്റി.ആര്‍.
ജെ.എം.പി.ഹൈസ്കൂള്‍
മലയാലപ്പുഴ.