നമ്മുടെ നാട്, നമ്മുടെ ഭാഷ
പ്രിയപ്പെട്ട കുട്ടികളേ, നമ്മുടെ കൊച്ചുനാട് കേരളത്തെക്കുറിച്ചും നമ്മുടെ മനോഹരമായ ഭാഷ മലയാളത്തെക്കുറിച്ചും ഇന്നു പറയാം.
നമ്മുടെ നാടിനെയും നമ്മുടെ മലയാളത്തെയും സ്നേഹിക്കുന്നവരാണ് നമ്മള്‍. നമ്മള്‍ എന്ന വാക്ക് ഏറെ പ്രാവശ്യം പറഞ്ഞു. മനപ്പൂര്‍വമാണ്. നമ്മള്‍ എന്നാല്‍ ഈ നാട്ടിലുള്ളവരെല്ലാം. അമ്മ മലയാളത്തെ രക്ഷിക്കണം എന്നു പറഞ്ഞ് നമ്മള്‍ റാലി നടത്തുന്നു. സെമിനാറും പ്രഭാഷണ പരമ്പരയും നടത്തുന്നു. എന്നിട്ടും ഈ അമ്മയ്ക്ക് രക്ഷ കിട്ടുന്നുണ്ടോ? അമ്മയെ രക്ഷിക്കേണ്ടത് മക്കളുടെ കര്‍ത്തവ്യമാണ്. അമ്മ മലയാളത്തെ രക്ഷിക്കണം. ഈ നാടിനെ, പുഴകളെ, മലകളെ, പച്ചപ്പുല്‍പ്പരപ്പിനെ, കേരകേദാര തീര ഭൂവിനെ എല്ലാം രക്ഷിക്കണം. ജനനിയും ജന്മഭൂമിയും സ്വര്‍ഗത്തേക്കാള്‍ മനോഹരമാണെന്ന് നമ്മുടെ ചിന്തയിലൂടെയും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും കാണിച്ചു കൊടുക്കണം.
ആദ്യം നമ്മുടെ നാടിനെക്കുറിച്ച്. മലയുടെയും ആഴിയുടെയും ഇടയ്ക്കുള്ള മനോഹരമായ ഒരു നാട്. കിഴക്ക് സഹ്യപര്‍വതം, പടിഞ്ഞാറ് അറബിക്കടല്‍.
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വെച്ച്
സ്വച്ഛാബ്ധി മണല്‍ത്തിട്ടില്‍ പാദോപധാനം ചെയ്ത് നമ്മുടെ കൈരളി സുഖശയനം ചെയ്യുകയാണ്.
പാരിനു പരിഭൂഷ ചാര്‍ത്തിടും
ഭാരതത്തിന്റെ ചിത്രകം
കേരളം വിളങ്ങുന്നു കോമളം
കേര വൃക്ഷക സങ്കുലം - മഹാകവി പാലാ നാരായണന്‍ നായരുടെ കണ്ണിലൂടെയും കാണാം.
നമ്മുടെ നാടിന് ഈ പേര് വന്നത് എങ്ങനെയാണ്? കേര വൃക്ഷങ്ങളുടെ നാട് എന്ന അര്‍ത്ഥത്തില്‍ കേരളം എന്നു വന്നു. ചേരല്‍ + അളം എന്നതാണ് ശരി എന്നൊരു പക്ഷവുമുണ്ട്. ചേരല്‍ എന്നാല്‍ മലഞ്ചരിവ്. മലയും കടലുമായി ചേരുന്ന സ്ഥലമല്ലേ. മലഞ്ചരിവാണ്. അപ്പോള്‍ ചേരല്‍ പ്രദേശം എന്ന അര്‍ത്ഥത്തില്‍ ചേരളം. ചേരളം പിന്നീട് കേരളം എന്ന രൂപത്തിലേക്കു മാറി.
നമ്മുടെ നാടിനെ അറിയണമെങ്കില്‍ എന്തു ചെയ്യണം? ഈ നാട്ടില്‍ ഇറങ്ങി നടക്കണം. ഈ നാടിന്റെ ഹൃദയതാളം ഏറ്റു വാങ്ങണം - നഗ്നമായ പാദത്തോടെ, നിര്‍മലമായ ഹൃദയത്തോടെ. നാടന്‍ പാട്ടുകള്‍, വായ്ത്താരികള്‍, നാടോടിക്കലകള്‍, നാട്ടാചാരങ്ങള്‍, നാടന്‍ വിശ്വാസങ്ങള്‍, നാടന്‍ വാദ്യങ്ങള്‍, നാടന്‍ ചികിത്സകള്‍, നാടന്‍ പാചകങ്ങള്‍, നാടന്‍ ആടയാഭരണങ്ങള്‍, നാടന്‍ ചൊല്ലുകള്‍ ഇങ്ങനെ നാടുമായി ചേര്‍ന്നു കിടക്കുന്നതെല്ലാം മനസ്സിലാക്കണം.
പടയണിയും തുള്ളലും കൂത്തും കൂടിയാട്ടവും തെയ്യവും തിറയും മുടിയേറ്റും മോഹിനിയാട്ടവും ഒപ്പനയും തിരുവാതിരയും ചവിട്ടുനാടകവും കാക്കാരിശ്ശി നാടകവും തുടങ്ങിയ എത്രയെത്ര കലകള്‍. ഇലത്താളവും ഇടയ്ക്കയും മദ്ദളവും തിമിലയും കൊമ്പും കുഴലും ശംഖും ചെണ്ടയും ചേങ്ങിലയും തപ്പും തകിലും മിഴാവും തുടങ്ങിയ എത്രയോ വാദ്യോപകരണങ്ങള്‍. പഞ്ചവാദ്യവും പഞ്ചാരിമേളവും കൊഴുപ്പു കൂട്ടുന്ന ഉത്സവങ്ങള്‍. എല്ലാം എത്ര മനോഹരം.
കൃഷിയുമായും മറ്റു തൊഴിലുകളുമായും ആചാരങ്ങളുമായും ആഘോഷങ്ങളുമായും ബന്ധപ്പെട്ട എത്രയെത്ര നാടന്‍പാട്ടുകളാണ് നമുക്കുള്ളത്. ആരോമല്‍ ചേകവരുടെയും ഉണ്ണിയാര്‍ച്ചയുടെയും തച്ചോളി ഒതേനന്റെയും കഥകള്‍ പാടുന്ന വടക്കന്‍ പാട്ടുകള്‍. കന്നാടിയാന്‍ പോരും ഇരവിക്കുട്ടിപ്പിള്ളപ്പോരും വില്ലടിച്ചു പാടുന്ന തെക്കന്‍ പാട്ടുകള്‍. പാടിയാലും പാടിയാലും മതി വരില്ലാത്ത പാട്ടുകള്‍.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നു പോലെ - എന്നു തുടങ്ങിയുള്ള ഓണപ്പാട്ടുകളുടെ വര്‍ണശബളമായ, വിഭവസമൃദ്ധമായ ശേഖരം നമുക്കുണ്ട്.
ആലായാല്‍ തറവേണം
അടുത്തൊരമ്പലം വേണം
ആലിനു ചേര്‍ന്നൊരു കുളവും വേണം - ഇങ്ങനെ കൂട്ടപ്പാട്ടിനും ആടിപ്പാടാനും പറ്റിയ പാട്ടുകള്‍ . ഈ പാട്ടുകളുടെ സവിശേഷതകള്‍ എന്തൊക്കെയാണ്? നിഷ്കളങ്ക മനസ്സുകളില്‍ നിന്നും ഉതിര്‍ന്നു വീണതായതു കൊണ്ട് ലാളിത്യവും സാരള്യവും നിറഞ്ഞിരിക്കുന്നു. അതുല്യമായ കല്പനാവൈഭവം കൂടിച്ചേരുമ്പോള്‍ മാധുര്യമേറുന്നു. താളാത്മകതയുടെ വശ്യത കൂടിയാകുമ്പോള്‍ നാവില്‍ നിന്നും നാവിലേക്ക് പാടിപ്പാടി പരക്കുന്നു. ചടുലമായ വായ്ത്താരികളുടെ അകമ്പടിയോടെയാണ് ഈ പാട്ടുകളുടെ വരവ്.
തെയ്യാതിനന്താ തിനന്തിനം താരോ
താരാ തിനന്താ തിനന്തിനം താരോ
തെയ്താരാ തെയ്താരാ തക
തെയ്താരാ തെയ്താരാ
താരിക്കം താരാരോ തക താരിക്കം താരാരോ
താരിക്കം താരാരോ തക താരിക്കം താരാരോ
തന്നാനേ താനാ തിന തന്നാനം താനാ
തന്നാനേ താനാ തിന തന്നാനം താനാ
താനാ തനതന താനാതനതന താനാ തനതന തന്തിനനോ
താനാ തനതന താനാതനതന താനാ തനതന തന്തിനനോ
ഹൊയ്യാരെ ഹൊയ്യാരെ ഹര ഹൊയ്യാരെ ഹര ഹൊയ്യര ഹൊയ്യര
ഹൊയ്യാരെ ഹൊയ്യാരെ ഹര ഹൊയ്യാരെ ഹര ഹൊയ്യര ഹൊയ്യര
ഏരേരിയേരേയീരക യേരേരിയേരോ, ഏരേരിയേരേയീരക
യേരേരിയേരോ ഏരേരിയേരേയീരക യേരേരിയേരോ
ഏലേലയ്യാ ഏലേലം
ഏലേലയ്യാ ഏലേലം
തെയ്യക തെയ്യക തെയ്യകം താരോ
തെയ്യക തെയ്യക തെയ്യകം താരോ
തിയ്യോ തിനന്തോ തിനന്തിനോ തക
തിയ്യോ തിനന്തോ തിനന്തിനന്തോ.............ഇങ്ങനെ എത്രയെത്ര വായ്ത്താരികള്‍. പ്രതിഭയുള്ളവര്‍ക്ക് ഈ വായ്ത്താരിക്ക് ഒപ്പിച്ച് പാട്ടുകെട്ടി നോക്കാവുന്നതാണ്.
ഇനി നാടന്‍ ചൊല്ലുകളുടെ കാര്യം നോക്കിയാലോ. പഴഞ്ചൊല്ലുകള്‍ ഒരു വക. ശൈലികളും കടങ്കഥകളും മറ്റൊരിടത്ത്. പഴമൊഴിപ്പത്തായം നിറയെ സ്റ്റോക്കുണ്ട്.
ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ തന്നെ കഞ്ഞി എന്നു തുടങ്ങുന്ന ഓണപ്പഴഞ്ചൊല്ലുകള്‍ തന്നെ ഒരു പത്തായം നിറയെയുണ്ട്.
കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും, കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുക, കൈ നനയാതെ മീന്‍ പിടിക്കുക – ഇങ്ങനെ സന്ദര്‍ഭത്തിനു യോജിച്ച പഴഞ്ചൊല്ലുകള്‍ നാവില്‍ തനിയേ വന്നു കൊള്ളും.
നാടന്‍ ചികിത്സയുടെ കാര്യമെടുത്താല്‍ നമ്മുടെ പാരമ്പര്യത്തോടു കിടപിടിക്കാന്‍ ആര്‍ക്കാണു കഴിയുക. വളരെ നിസ്സാരമെന്നു തോന്നുന്ന ഒരു ചെടിയുടെ ഇലയോ വേരോ സിദ്ധൗഷധമാക്കി മാറ്റുവാന്‍ നമുക്കറിയാം.
നാടന്‍ കഥകളുടെ മാധുര്യം അമ്മിഞ്ഞപ്പാലിനോടൊപ്പം നമ്മുടെ മനസ്സില്‍ നിറഞ്ഞതാണ്. മുത്തശ്ശിക്കഥകളുടെ കല്ക്കണ്ടവും നുണഞ്ഞിറക്കിയാണ് ബാല്യം പിച്ചവെച്ചത്.
ഇങ്ങനെ അറിയുമ്പോള്‍ നമ്മുടെ നാടിനെ നാമറിയും. നമ്മുടെ സംസ്കാരത്തെ നാമറിയും. നമ്മുടെ സംസ്കാരത്തിന്റെ അടിസ്ഥാനമായ ഭാഷയെ നമ്മളറിയും.
ജനിക്കും മുതലെന്‍ മകനിംഗ്ലീഷു പഠിക്കണം
അതിനാല്‍ ഭാര്യ തന്‍ പേറങ്ങിംഗ്ലണ്ടിലാക്കി ഞാന്‍ - ഇങ്ങനെ കുഞ്ഞുണ്ണിമാഷ് ചില മലയാലീസിനെക്കുറിച്ചു പറഞ്ഞിട്ടില്ലേ. അവരെ പോലെയാവരുത്.
നമ്മുടെ ഭാഷയെക്കുറിച്ച് കുഞ്ഞുണ്ണിമാഷ് വേറെയും കുഞ്ഞിക്കവിതകള്‍ എഴുതിയിട്ടുണ്ട്.
ഉറുമ്പിന്‍ തലയാനയ്ക്കു -
മാനത്തലയുറുമ്പിനും
മാറ്റിവെച്ചു കൊടുത്തീടില്‍
മലയാളം മനോഹരം. - ശരിയല്ലേ.
അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യമുണ്ട്.
ആറു മലയാളിക്കു നൂറു മലയാളം
അരമലയാളിക്കുമൊരു മലയാളം
ഒരു മലയാളിക്കും മലയാളമില്ല.
കുഞ്ഞുണ്ണിമാഷ് പറഞ്ഞതു ശരിയാണോ? നിങ്ങള്‍ മലയാളികളല്ലേ. നിങ്ങള്‍ക്കു മലയാളമില്ലേ? നിങ്ങള്‍ എത്രകാലമായി മലയാളം പഠിക്കുന്നു? ഏഴെട്ടു കൊല്ലങ്ങളായില്ലേ? എങ്കില്‍ ഒരു ചോദ്യം - മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട്? ഇംഗ്ലീഷില്‍ എത്ര അക്ഷരങ്ങളുണ്ട് എന്നു ചോദിച്ചാല്‍ കൃത്യമായി പറയും - 26
നമ്മള്‍ മലയാളികള്‍ മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട് എന്നു മനസ്സിലാക്കണ്ടേ? വേണം.
മലയാളഭാഷയിലെ ആദ്യത്തെ സാഹിത്യകൃതിയാണ് രാമചരിതം. എഴുതിയത് ചീരാമകവി. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഈകൃതിയുടെ പിറവി. ഇതിന്റെ രചനയില്‍ മുപ്പത് അക്ഷരങ്ങളേ ഉപയോഗിച്ചിട്ടുള്ളൂ. എന്നാലും ഈ കൃതിയില്‍ പറയുന്നത്
അകാരാദി അയ് മ്പതെഴുത്തിനും അകരം തന്നെ മുറ്റും - എന്നാണ്. അതായത് അകാരാദികളുടെ എണ്ണം അമ്പത്.
ഏതാണ്ട് അറുന്നൂറു കൊല്ലം മുമ്പ് ജീവിച്ചിരുന്ന മഴമംഗലം നമ്പൂതിരി ഭാഷാനൈഷധം ചമ്പുവില്‍ പറയുന്നത് അമ്പത്തൊന്നക്ഷരാളിയായ ദേവിയെക്കുറിച്ചാണ്. ഇങ്ങനെ പറഞ്ഞു പോയാല്‍ ശരിയാവുകയില്ലല്ലോ. ഇനി പഴമക്കാരോടു ചോദിച്ചാലോ. അവര്‍ പറയും അമ്പത്തിയാറ് എന്ന്. ഒരുപാടു വളര്‍ന്നു വികസിച്ച നമ്മുടെ ഭാഷയുടെ അക്ഷരക്കണക്ക് ഇങ്ങനെ മതിയോ?
കേരളപാണിനീയം എന്നൊരു പുസ്തകത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഏ.ആര്‍.രാജരാജവര്‍മ്മയുടെ ഈ പുസ്തകമാണ് മലയാളത്തിലെ ആധികാരികമായ വ്യാകരണഗ്രന്ഥം. ഇതിലെ അക്ഷരക്കണക്കാണ് ഇന്ന് സര്‍വസമ്മതമായിട്ടുള്ളത്. അമ്പത്തിമൂന്ന് അക്ഷരങ്ങളാണ് ഇവിടെ പറയുന്നത്. പതിനാറു സ്വരങ്ങളും മുപ്പത്തിയേഴു വ്യഞ്ജനങ്ങളും. ഇതില്‍ മൂന്നു സ്വരങ്ങളും ഒരു വ്യഞ്ജനവും പ്രയോഗത്തിലില്ല. ബാക്കി നാല്പത്തിയൊന്‍പത് അക്ഷരങ്ങളാണ് നമ്മള്‍ ഉപയോഗിക്കുന്നത്. എങ്കിലും മലയാളഭാഷയില്‍ എത്ര അക്ഷരങ്ങളുണ്ട് എന്നു ചോദിച്ചാല്‍ തറപ്പിച്ചു പറയാം - അന്‍പത്തിമൂന്ന്. അതിന് ആധാരം കേരളപാണിനീയം.
ഈ അക്ഷരങ്ങളുപയോഗിച്ച് നമ്മള്‍ ആദ്യം പറഞ്ഞ വാക്ക് ഏതാണ്? ഓര്‍മ്മയുണ്ടോ?
മ്മ.... എന്നു തുടങ്ങി അമ്മയിലെത്തി. അതോ മമ്മിയിലോ? മമ്മിയല്ല, അമ്മ. അമ്മയെ വിളിച്ചു ചിരിച്ചു കൊഞ്ചിക്കിടക്കുമ്പോള്‍ വിശപ്പു വരും. അപ്പോഴെന്തു പറയും - അമ്മിഞ്ഞ. ആദ്യം അമ്മേ, അമ്മേ എന്നു കൊഞ്ചി വിളിച്ചു. വിശപ്പു വരുമ്പോള്‍ അമ്മിഞ്ഞ എന്നു നിലവിളിച്ചു. പിന്നെ അച്ഛന്‍, അണ്ണന്‍ ഇങ്ങനെ ഓരോന്നു പഠിക്കുകയാണ്.
ഇങ്ങനെ വാക്കുകള്‍ ഓരോന്നായി മനസ്സിലേക്കു വന്നു നിറയും. പിന്നെ മുറ്റത്തേക്കിറങ്ങും. കാക്കയെയും പൂച്ചയെയും കാണും. പുഴുവിനെയും ചിത്രശലഭത്തെയും കാണും. കുയില്‍ കൂകുമ്പോള്‍ തിരിച്ചു കൂകും. പുഴ പാടുമ്പോള്‍ കൂടെ താളം പിടിക്കും. ഇങ്ങനെ എല്ലാം അറിയുകയാണ്. എല്ലാം പഠിക്കുകയാണ്.
എല്ലാം മനസ്സിലാകുന്നുണ്ട്. നല്ല ഭാഷയാണ്. മധുരമുള്ള ഭാഷയാണ്. കുറെ മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ വേറെയും ഭാഷകള്‍ പഠിച്ചു.
മഹാകവി വള്ളത്തോള്‍ പറഞ്ഞതുപോലെ
മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍
മര്‍ത്യനു പെറ്റമ്മ തന്‍ഭാഷ താന്‍.
നമ്മള്‍ കഷ്ടപ്പെട്ടു പഠിച്ചെടുക്കുന്ന ഭാഷകള്‍ വളര്‍ത്തമ്മമാരുടെ സ്ഥാനം മാത്രമുള്ളവയാണ്. പെറ്റമ്മ ഒന്നു മാത്രമേയുള്ളൂ. അത് മാതൃഭാഷയാണ്. മലയാളമാണ്. സാഹിത്യവും സംഗീതവും എല്ലാം നിറഞ്ഞ മലയാളം. കഥയും കവിതയും നോവലും എല്ലാമുള്ള മലയാളം. സയന്‍സും ചരിത്രവും കണക്കും ഈ ഭാഷയിലൂടെ നമുക്കു വേഗത്തില്‍ മനസ്സിലാകും. മറ്റൊരു ഭാഷയിലൂടെ ഇതു പഠിച്ചാല്‍ മനസ്സിലാക്കുന്നതിന് താമസം നേരിടും. ഭാഷ പലതു പഠിക്കുന്നതു നല്ലതു തന്നെ. പക്ഷേ അറിവു നേടിയെടുക്കേണ്ടത് പെട്ടെന്നു മനസ്സിലാകുന്ന മാതൃഭാഷയിലൂടെ തന്നെയാകണം. ഒരു കുട്ടിയെ മാതൃഭാഷയിലല്ലാതെ പഠിപ്പിക്കുന്നത് അവനെ കാരാഗൃഹത്തിലടയ്ക്കുന്നതിനു തുല്യമാണെന്ന് ഗാന്ധിജി പറഞ്ഞത് അതു കൊണ്ടാണ്. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവു നേടലാണ്. അറിവു നേടുന്നതിന് മാതൃഭാഷയില്‍ തന്നെ പഠിക്കണം.
നമ്മള്‍ നമ്മുടെ അമ്മമലയാളത്തെ മറക്കാതിരിക്കണം. നമ്മുടെ നാടിന്റെ വെളിച്ചമായിത്തീരണം. മഹാകവി വൈലോപ്പിള്ളി പാടിയതു പോലെ
ഏതു ധൂസരസങ്കല്പങ്ങളില്‍ വളര്‍ന്നാലും
ഏതു യന്ത്രവല്‍കൃത ലോകത്തില്‍ പുലര്‍ന്നാലും
മനസ്സിലുണ്ടവട്ടേ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയും ഇത്തിരി കൊന്നപ്പൂവും.
രജികുമാര്‍. റ്റി.ആര്‍.
ജെ.എം.പി.ഹൈസ്കൂള്‍,
മലയാലപ്പുഴ,
പത്തനംതിട്ട.
സ്കൂള്‍ തുറക്കുന്നതിന് മുമ്പ് ഇതെല്ലാവരുമൊന്ന് വായിച്ചെങ്കില്‍ !!!!!!!!!!!!
ReplyDelete