പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Monday, March 19, 2012

ഇനിയൊരു യുദ്ധം ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെ......

കവിത 
                                    സൈനികപത്നി
                                             
        ഇടനെഞ്ചു പൊട്ടിയൊലിച്ച ചോരത്തുള്ളി
        ഇഴയിട്ട പുഷ്പക്കുലയ്ക്കുമൊപ്പം
         ഒരുപിടി ശുഭ്രപ്രതീക്ഷകള്‍ കൂടുവ-
         ച്ചൊരുമിച്ച പച്ചത്തലപ്പുകളും 

ഒന്നിച്ചൊരുകൈക്കുടന്നയില്‍ നിന്‍കാല്‍ക്ക -
ലര്‍പ്പിച്ചതിധന്യയാകട്ടെ ഞാന്‍ 
ആപ്രഭാപൂരത്തില്‍നിന്നൊരു കൈത്തിരി
ഈയന്ധകാരത്തിലേറ്റട്ടെ   ഞാന്‍ 

         വീണ്ടുമൊരുവര്‍ഷമോടിയകലുന്നു 
         നീയില്ലയെന്നുഞാനെന്നോടു ചൊല്ലുന്നു 
          നീരൊഴുക്കുന്നെന്റെ കണ്ണുകള്‍, നീണ്ടൊരാ 
          വീഥിയിലെന്തിനോ നോക്കിനിന്നീടുന്നു 

അങ്ങ് കാര്‍ഗില്‍ ഭൂവിലര്‍പ്പിച്ച നിന്‍പ്രാണ-
നെങ്ങോമറഞ്ഞിരുന്നെന്നെനോക്കീടവേ 
അന്നുനീയെന്‍കാതിലോതിയവാക്കുകള്‍ 
മന്ത്രമായ്, ''ഭാരതഭൂമിയെ സേവിക്ക" 

          ചൊല്ലി ഞാനാമന്ത്രമെന്റെയുദരത്തില്‍ 
         സ്പന്ദനംചെയ്തൊരു കുഞ്ഞുകര്‍ണ്ണത്തിലും 
          സ്നേഹിച്ചുസ്നേഹംതിരിച്ചുവാങ്ങിച്ചവന്‍
          നാടിന്റെരക്ഷകനായ് വളര്‍ന്നീടുന്നു 

സ്മൃതികളില്‍  നീ മാത്രമെന്നുമെന്‍ ധൈര്യമായ്
ശക്തിയായ് ചൈതന്യദീപമായ് നില്ക്കുകില്‍ 
ഈജീവസാഗരം നീന്തിക്കടക്കുവാന്‍   
നിന്നോര്‍മ്മ  ശക്തിയായെന്നും തുണതരും ...
           
                   ****************************
..       
 അനിതാശരത്
 മലയാളം അധ്യാപിക 
ഗവ. ഹൈസ്കൂള്‍ കാലടി

Thursday, October 27, 2011

യുദ്ധ വിരുദ്ധ ചലചിത്ര മേള





പൂമരത്തണലില്‍ തിരിതെളിഞ്ഞു

പറപ്പൂര്‍ - പറപ്പൂര്‍ സെന്റ് ജോണ്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍ പൂമരത്തണലില്‍ വീണ്ടും ഒത്തുകൂടി. യുദ്ധവിരുദ്ധ ചിത്രങ്ങളുടെ ചലചിത്രമേള നാടക- സിനിമാ സംവിധായകന്‍ എം.ജി ശശി ഉദ്ഘാടനം നിര്‍വഹിച്ചു. തിരക്കഥകള്‍ നല്‍കിയ കുട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത 50 കുട്ടികള്‍ എം.ജി ശശിയുടെ ഒളിച്ചേ... കണ്ടേ എന്ന ടെലി ഫിലിം കണുകയും തിരകഥ, സിനിമ എന്നിവയുടെ സാങ്കേതിക വശങ്ങള്‍ സംവിധായകനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഗ്രേറ്റ് ഡിക്റ്റേറ്റര്‍, ടര്‍ട്ടില്‍സ് കാന്‍ ഫ്ലൈ, ഹിരോഷിമ ബി.ബി.സി ഡോക്യുമെന്ററി, കെ.പി ശശിയുടെ 'അമേരിക്ക', യുദ്ധവിരുദ്ധ ഗാനം, വിയറ്റ്നാം യുദ്ധ ചിത്രങ്ങള്‍, യുദ്ധവിരുദ്ധ ഷോര്‍ട്ട്ഫിലീമുകള്‍, എന്നിവ മൂന്നു ദിവസങ്ങളിലായി നടന്ന ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചു.
സ്ക്കൂള്‍ മാനേജര്‍ ഫാ. ഫ്രാങ്കോ കവലക്കാട്, പ്രിന്‍സിപ്പാള്‍ ശ്രി. വി.ടി സണ്ണി, പി.ടി.എ പ്രസിഡണ്ട് ജോര്‍ജ് മാത്യു, എല്‍സി ടീച്ചര്‍, സി .എഫ്. ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു. ജോളി എ.വി, റിമ.സി.ആര്‍, ബിതഫ്രാന്‍സിസ്, പി.വി.ജോസഫ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി




പഠനപ്രവര്‍ത്തങ്ങള്‍





പഠനപ്രവര്‍ത്തനങ്ങള്‍

1. വരികള്‍ വ്യാഖ്യാനിക്കല്‍

പ്രക്രിയകള്‍:-
    • ഏതു ധൂസര സങ്കല്പങ്ങളില്‍ വളര്‍ന്നാലും,
      ഏതു യന്ത്രവല്‍കൃതലോകത്തില്‍ പുലര്‍ന്നാലും,
      മനസ്സിലുണ്ടാവട്ടേ ഗ്രാമത്തിന്‍വെളിച്ചവും
      മണവും മമതയും- ഇത്തിരി കൊന്നപ്പൂവും
                      (വൈലോപ്പിള്ളി)
ഇതെഴുതിയ ചാര്‍ട്ട് പ്രദര്‍ശ്ശനം
    • ഗ്രാമത്തിന്റെ വിശുദ്ധിയായി നാം കണക്കാക്കുന്നതെന്തൊക്കെ?-ചര്‍ച്ച...ലിസ്റ്റ് ചെയ്യല്‍

    2.കവിത -പുനര്‍വായന
പ്രക്രിയകള്‍:-
    • 'മോഷ്ടിച്ചെടുത്ത ഒരു രാത്രി' എന്ന മുന്‍പ് പഠിച്ച കവിത വീണ്ടും പരിചയപ്പെടുന്നു.
    • കേന്ദ്രാശയം കണ്ടെത്തല്‍- ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍
    1. ആസ്വാദനക്കുറിപ്പ് തയ്യാറാക്കല്‍
പ്രക്രിയകള്‍:-
കവി
കേന്ദ്രാശയം
സമകാലിക പ്രസക്തി
അടുത്തൂണ്‍ - വ്യാഖ്യാനിക്കപ്പെടേണ്ട വരികള്‍(HB-യില്‍ ഉണ്ട്)
സമാനകൃതികള്‍
...........................

    • സുചനകള്‍ പൂരിപ്പിച്ച് ക്രമീകരിച്ച് ആസ്വാദനം തയ്യാറാക്കാം

      1. ആത്മഗതം തയ്യാറാക്കാം
പ്രക്രിയകള്‍:-
    • ഒരു ഗ്രാമത്തിന്റെ ആത്മഗതം തയ്യാറാക്കാന്‍ പറയാം. (ഇന്ന് ഗ്രാമം നേരിടുന്ന വെല്ലുവിളികളില്‍ ഊന്നിയാവണം ആത്മഗതം)
    • 5.ചര്‍ച്ചാക്കുറിപ്പ്
പ്രക്രിയകള്‍:-

    • 'കടലിന്റെ വക്കത്ത് ഒരു വീട് ' എന്ന കഥയിലെ അറുമുഖന്റെ ഭാര്യയുടെ പ്രവൃത്തികള്‍ വിശകലന വിധേയമാക്കാം.

6. വിശകലനക്കുറിപ്പ്
പ്രക്രിയകള്‍:-
    • ഏറ്റവും അടിത്തട്ടിലുള്ള മനുഷ്യരുടെ ജീവിതമാണ് മാധവിക്കുട്ടിയൂടെ കഥകളില്‍ പ്രത്യക്ഷപ്പെടുന്നത്.(ഇത് ചാര്‍ട്ടില്‍ പ്രദര്‍ശ്ശിപ്പിക്കുന്നു)
    • ഈ പ്രസ്ഥാവനയുടെ അടിസ്ഥാനത്തില്‍ അറുമുഖന്‍, ചെറുപ്പക്കാരന്‍ എന്നീ പാത്രങ്ങളെ വിലയിരുത്തുക.

          7.കഥാപാത്ര നിരൂപണം
പ്രക്രിയകള്‍:-

കഥാകൃത്ത്
കഥ ജീവിതാവസ്ഥ
പ്രവര്‍ത്തനങ്ങള്‍ ജീവിതത്തോടുള്ള കാഴ്ചപ്പാട്


*സൂചനകള്‍ വികസിപ്പിച്ച് കഥാപാത്ര നിരൂപണം തയ്യാറാക്കാന്‍ പറയാം

8.ലഘു ഉപന്യാസം

പ്രക്രിയകള്‍:-
    • നേടുന്നതിന്റെ ആനന്ദത്തേക്കാള്‍ നല്‍കുന്നതിന്റെ ആനന്ദം അനുഭവിക്കുന്ന അനേകം വ്യക്തികളുടെ പ്രവര്‍ത്തനങ്ങളാണ് ലോകത്തെ മുന്നോട്ട് നയിക്കുന്നത്".
    • ഇത് ഒരു ചാര്‍ട്ടില്‍ പ്രദര്‍ശ്ശിപ്പിക്കുന്നു.
    • ഈ പ്രസ്ഥാവനയെ മുന്‍നിറുത്തി വിണ്ടകാലടികള്‍, ഉതുപ്പാന്റെ കിണര്‍, കടലിന്റെ വക്കത്ത് ഒരു വീട് എന്നീ കവിതാ,കഥകളെ വിലയിരുത്തി ഉപന്യാസം തയ്യാറാക്കാം.(സൂചനകള്‍-വിണ്ടകാലടികളില്‍ തെളിയുന്ന ജീവിത സമീപനം,ഉതുപ്പാന്റെ ജീവിതം നല്‍കുന്ന സന്ദേശം,പുതപ്പ് നല്കുന്ന അറുമുഖന്റെ ഭാര്യയുടെ മനോഭാവം......)

      1. പ്രതികരണക്കുറിപ്പ്

പ്രക്രിയകള്‍:-
* വിവിധ പത്രവാര്‍ത്തകള്‍ സ്ലൈഡ് ഷോ വഴി കാണിക്കുന്നു

ഉദാ:- 1. സ്വത്തു തര്‍ക്കം .....മകന്‍ അച്ഛനെ വെട്ടിക്കൊന്നു.
      1. അപകടത്തില്‍ പരിക്കേറ്റ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു
      2. കൈക്കൂലി..റവന്യു ഉദ്യോഗസ്ഥന്‍ പിടിയില്‍
      3. ഗാന്ധി പ്രതിമ തകര്‍ത്ത സംഭവം .....പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തു.

* തുടര്‍ന്ന് വൈലോപ്പിള്ളിയുടെ പാഠഭാഗത്തു കൊടുത്ത വരികള്‍ പ്രദര്‍ശ്ശിപ്പിക്കുന്നു.
(പേജ്-60....പൃഥ്വിയിലന്നു മനുഷ്യന്‍......)
* കണ്ട കാര്യങ്ങള്‍ വച്ച് കുട്ടികള്‍ പ്രതികരിക്കട്ടെ....കുറിക്കട്ടെ.

Tuesday, September 27, 2011

ചിരിയുടെ രാജകുമാരന്‍


അശാന്തിപര്‍വങ്ങള്‍ക്കപ്പുറം -അധിക വായന









അയച്ചു തന്നത്
റസാഖ് മാലോറം

പട്ടാളക്കാരന്‍ കഥാസ്വാദനം


തകഴിയുടെ പട്ടാളക്കാരന്‍
തകഴിയുടെ പട്ടാളക്കാരന്‍ എന്ന കഥ , കഥാസാഹിത്യ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലു് തന്നെയാണ്.സംഭവവിവരണങ്ങളില്‍ നിന്നും,വര്‍ണനകളില്‍നിന്നും അനുഭവതലവിവരണങ്ങളിലേക്കും വ്യക്തിമനസ്സുകളിലേക്കും കഥ രൂപാന്തരം പ്രാപിച്ചെത്തുന്നത് ഈ കഥയില്‍ കാണാം.രാമന്‍ നായരുടെ ജീവിതത്തിന്റെ ഒരു വലിയഭാഗം തന്നെ ഈ കഥയിലുടെ വര്‍ണ്ണിക്കപ്പെടുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുന്ന
മനുഷ്യനെയാണിതില്‍ പറയുന്നത്.ആദ്യകാലത്ത് പേരു് പോലും നമ്മുടെ കഥാനായകന് നല്കിക്കാണുന്നില്ല. കിടക്കാനിടവും ക‍ഴിക്കാന്‍ ഭക്ഷണവും ഒരു സ്ഥിരവരുമാനവും
ഉണ്ടായിക്കഴിഞ്ഞ് കടമകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാനായതിനു് ശേഷം മാത്രമേ നായകനൊരു പേരു് നല്കിക്കാണുന്നുള്ളു.അയാള്‍ക്ക്, തന്റെ സാഹചര്യങ്ങളേക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്ന ഒരു മനസ്സുണ്ടെന്ന്, നാട്ടിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്ന സഹപ്രവര്‍ത്തകന്റെ നിരന്തരമായുള്ള ചോദ്യത്തിന് ദേഷ്യപ്പെട്ടെന്നവണ്ണം നല്കുന്ന മറുപടിയിലൂടെ നമുക്കാദ്യമായി മനസ്സിലാവുന്നു. പില്കാലത്ത് ടി.പദ്മനാഭന്റെയും എം.ടി. യുടേയും മാധവിക്കുട്ടിയുടേയും മററു് പലരുടേയും കഥകളിലൂടെ നാം വായിച്ചറിഞ്ഞ അവനവന്റെ അസ്തിത്വം അന്വേഷിക്കുന്ന മനുഷ്യന്റെ രൂപരേഖ ഇക്കഥയില്‍  നമുക്ക് കാണാം. സാമൂഹികതയില്‍നിന്നും വ്യക്തിയിലേക്ക്, വ്യക്തിമനസ്സിലേക്ക്,ഒററപ്പെടലിലേക്ക്,ചിന്തയിലേക്ക്, കഥാസാഹിത്യം വളരുന്നതിന്റെ ആദ്യകാലസൂചനകളുണ്ടീ പട്ടാളക്കാരനില്‍.
ഇന്ത്യയിലെ പല നഗരങ്ങളിലും താമസിക്കാനും ഭാഷകള്‍ പഠിക്കാനും സൗകര്യം ലഭിച്ച രാമന്‍നായര്‍ക്ക് ആദ്യമായി അവധി ലഭിക്കുന്ന അവസരത്തില്‍ കേരളത്തിന്റെ നന്മകളേക്കുറിച്ചോര്‍ക്കുന്നു.ഇവിടെ പക്ഷെ, നായകനേക്കാളധികം നമുക്ക് കാണാന്‍ കഴിയുന്നത് കുട്ടനാടിന്റെ കഥാകാരനെത്തന്നെയാണ്. വൈയക്തികതയിലേക്ക് കഥ നീങ്ങിത്തുടങ്ങിയകാലഘട്ടത്തില്‍,കഥാകൃത്തിന്റെ അഭിപ്രായങ്ങള്‍ ഇടയില്‍ ചില ഖണ്ഡികകളിലൂടെ ഏച്ചുകെട്ടിവച്ചിരിക്കുന്നതായിക്കാണാം.
കേരളത്തിലെ നഗരങ്ങളിലങ്ങോളമിങ്ങോളം ഒരു പരിചിത മുഖമന്വഷിച്ച് പക്ഷിവേഗത്തില്‍ യാത്ര ചെയ്ത നായകന് ഒരു ചിരിയോ ഒരു ചോദ്യമോ കിട്ടുന്നതേയില്ല കഥാകൃത്ത് പക്ഷിവേഗത്തില്‍ നായകനെ യാത്രചെയ്യിച്ചതും മന:പൂര്‍വ്വമാണ്. ഒന്ന് യാത്രാ സൗകര്യം, മറ്റൊന്ന്, തിരിച്ചറിയപ്പെടാതിരിക്കുന്ന അവസ്ഥ. അല്പം നേരം കിട്ടിയപ്പോള്‍ ,പോറ്റിയുടെ ചായക്കടയുടെ പടിയില്‍ പേരെഴുതാനും ക്ഷേത്രദര്‍ശനം നടത്തിയ വൃദ്ധനെ പിന്തുടരാനും നായകന്‍ ശ്രമിക്കുന്നുണ്ട് ഓരോ തവണ മാത്രം . ഒരിക്കല്‍ കൂടി പോറ്റിയുടെ കടയില്‍ ചെന്നിരുന്നെങ്കില്‍.......പോറ്റിയുടെ നിസംഗത മാറിയേക്കാം.ഒരിക്കല്‍ കൂടി വൃദ്ധനെ പിന്‍തുടര്‍ന്നെങ്കില്‍........വൃദ്ധന്‍ പരിചയം പുതുക്കിയേനെ.. കൂടുതല്‍
ചോദ്യങ്ങളുണ്ടായേനെ..അതൊന്നും സംഭവിച്ചില്ല. നഗരങ്ങളിലെ യാന്ത്രികതയും
അപരിചിതത്വവും വര്‍ണ്ണിക്കാന്‍ ശ്രമിക്കുന്ന കഥയില്‍ ഇത്രമതി.നാട്ടിന്‍പുറത്തിന്റെ പരിമിത യാത്രാസൗകര്യങ്ങളിലേക്ക് അവധിക്കാലാവസാനത്തോടെ എത്തിച്ചേരുന്ന രാമന്‍നായര്‍ക്ക് ,പെണ്‍മക്കള്‍ മാത്രമുളള ഒരമ്മയുടെ സ്നേഹവീട്ടല്‍ അഭയം കിട്ടുന്നു. വളരെ പ്രായോഗികമതിയായ ഒരു സ്ത്രീയെയാണിവിടെ തകഴി വരച്ചിട്ടിരിക്കുന്നത്. വര്‍ത്തമാനത്തിനിടയില്‍ പട്ടാളക്കാരന്‍ സ്വന്തം കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചു. ആറുപേര്‍ക്കു വേണ്ടി അത്താഴത്തിന് നാഴിയുരി അരിമാത്രം വേവിച്ചുവച്ച ആ സ്ത്രീക്ക് അതുമുഴുവനും അയാളെ കഴിപ്പിച്ച് തൃപ്തിപ്പെടുത്താനായിരുന്നു താല്പര്യം. ഒരു തുള്ളി, സ്നേഹമുള്ള വാക്കുകള്‍ക്കായി കൊതിച്ചിരുന്ന അയാളുടെ മനസ്സും വയറും നിറയ്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ആ ഒരു നേരത്തെ അത്താഴത്തിനും അവര്‍ ചൊരിഞ്ഞ സ്നേഹമുള്ള
വാക്കുകള്‍ക്കും അവരുടെ അന്നുവരെയുള്ളെ ദയനീയാവസ്ഥയെ മാറ്റിമറിക്കാന്‍ കഴിഞ്ഞു.പിറ്റേന്ന് നായകന്‍, അമ്മയുടെ കെട്ടുപ്രായം കഴിഞ്ഞുനിന്ന മകളെ കല്ല്യാണം കഴിക്കുന്നു. ഇല്ലെങ്കില്‍പ്പോലും തലേ രാത്രിയിലെ അസ്വസ്ഥമായ ഉലാത്തലിനിടയില്‍ അയാള്‍ തനിക്ക് ചെയ്യാനുള്ള മറ്റൊരു (നിസ്വാര്‍ത്ഥ?) കര്‍മ്മത്തിനുള്ള തീരുമാനമെടുത്തിട്ടുണ്ടാവും.ആവശ്യമുണ്ടെങ്കിലും ആഗ്രഹമുണ്ടെങ്കിലും ചിന്തിക്കുന്നആര്‍ക്കും ഒരു പരിധിയിലധികം മറ്റൊരാളുടെ സൗജന്യത്തില്‍ കഴിയാനിഷ്ടമില്ല.അതേതായാലും ആ അവസ്ഥയിലൂടെ കടന്നു്പോയിട്ടുള്ള നായകനറിയാം. അതിനാല്‍ത്തന്നെയാണ് പിറ്റേന്നയാള്‍ തന്റെയവസ്ഥ ഒരിക്കല്‍ക്കൂടി വ്യക്തമാക്കാന്‍ ശ്രമിച്ചത്. ആ സ്ത്രീയും ആഗ്രഹിച്ചത് അങ്ങനെയൊരു പെരുമാറ്റം തന്നെ. അതുകൊണ്ടുതന്നെ ഏറെ സമയമെടുക്കാതെ ആ വീട്ടിലൊരു കല്യാണവും ഏറെത്താമസിയാതെ യാത്ര പറയലും നടന്നു.ഇനി ആ വീട്ടിലേക്കാണ് തന്റെ വരുമാനമെത്തുന്നത് എന്ന് നായകന്‍
തീരുമാനിച്ചിരുന്നു എന്ന് വ്യക്തം. അതിനുള്ള പ്രതിഫലവും അയാള്‍ നിശ്ചയിച്ച
രുന്നു. സ്വന്തം ഭാര്യയുടെ കന്യകാത്വം. അതാണ് പിന്നില്‍ നിന്ന് പതിയെ
ചോദ്യങ്ങള്‍ ചോദിച്ച്,അയാള്‍ നോക്കിയപ്പോള്‍ അവനതാസ്യയായ അവളുടെയ
ടുത്തുനിന്നും, “നീ കന്യകയായിരിക്ക് ” എന്ന് നിര്‍ദ്ദേശിച്ചോ,കല്പിച്ചോ അയാള്‍
രാത്രിതന്നെ യാത്രയായത്. ആ ഒരു രാത്രിക്ക് തന്നിലും നാണിയിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ചയാള്‍ തികച്ചും ബോധവാനാണ്.പിറ്റേ ദിവസമായാല്‍, ഒരുപക്ഷെ നാണിയോട് തലേന്നുവരെ കഴിഞ്ഞതുപോലെ കഴിയാന്‍ നിര്‍ദ്ദേശിക്കാന്‍ പറ്റാതാവും. താന്‍ മുടക്കുന്ന മുതലിന് പ്രതിഫലം ആവശ്യപ്പെടാനും സാധിക്കില്ല. ബുദ്ധിമാനായ നായകന്‍ രാത്രിതന്നെ യാത്രയാവുക യും ഏറെ ജോലിക്കയറ്റങ്ങള്‍ കിട്ടിയിട്ടും ശമ്പള വര്‍ദ്ധനവുണ്ടായിട്ടും ഒരിക്കല്‍ പോലും ഭാര്യയുടെയടുത്തേക്ക് എത്താതിരിക്കുകയും ചെയ്യുന്നു. പിന്നീട് നാണിയെ, സ്ഥലത്തെ സാമാന്യം സമ്പന്നയായ,പറഞ്ഞാലനുസരിക്കാന്‍ ആള്‍ക്കാരുള്ള, ഭക്തയായി നാം കാണുന്നുണ്ട് .നാണിയെ സുചരിതയാക്കി നടത്താന്‍ ,ആ വീട്ടിലെ വരുമാനമാര്‍ഗ്ഗത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പരോക്ഷമായൊരറിവ് നല്‍കാന്‍ നായകന്‍ മറ്റൊന്നുകൂടി ചെയ്യുന്നു. ആ കൊച്ചു വീടിന്റെ ഭിത്തിയില്‍ ചാര്‍ത്താന്‍ പാകത്തിന് ഒരു ഫോട്ടോ അയച്ചു കൊടുക്കുന്നു .നാണിക്കും,ആ വീട്ടിലെ മറ്റുപെണ്‍മക്കള്‍ക്കും ആ ചിത്രം തന്നെ ഒരു സംരക്ഷണമാണ്.ജീവിക്കാന്‍ മാര്‍ഗ്ഗമില്ലത്ത , പേരു പോലും സ്വന്തമായില്ലാതിരുന്ന പട്ടാളത്തിലെടുക്കാന്‍ പാകത്തിന് വലുപ്പം മാത്രമുണ്ടായിരുന്ന ഒരാളിന്റ നിസ്വര്‍ത്ഥമോ സ്വര്‍ത്ഥമോ ആയ പ്രവര്‍ത്തിമൂലം , ഒരു നാട്ടിന്‍പുറത്തെ സാമാന്യം സമ്പന്ന കുടുംബമായി പില്‍ക്കാലത്ത് മാറിയ ഒരു കുടുംബത്തിലേക്ക് മൂന്നു വലിയ പെട്ടികളും ഒരു വലിയ തുകയും എത്തുന്നതോടെ കഥ തീരുന്നു.
കഥാകാരന്‍ നായകനില്‍ വരുന്നമാറ്റമൊന്നും നേരിട്ട് സൂചിപ്പിക്കുന്നില്ലെങ്കിലും അയാളുടെ സഹായത്താല്‍ മേല്‍ഗതിയിലേക്കെത്തുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ വളര്‍ച്ച വ്യക്തമായി ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നു.മാത്രമല്ല,യുദ്ധത്തിന്റെ ഭീകരത പല കുടുംബങ്ങളേയും അനാഥമാക്കുന്നുവെന്ന പരോക്ഷമായ സൂചനയും ഈ കഥ നല്‍കുന്നു.

അയച്ചു തന്നത്
ദിനേശ്. എസ്
 കഥ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക