ഇനിയൊരു യുദ്ധം ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെ......
കവിത
സൈനികപത്നി
ഇടനെഞ്ചു പൊട്ടിയൊലിച്ച ചോരത്തുള്ളി
ഇഴയിട്ട പുഷ്പക്കുലയ്ക്കുമൊപ്പം
ഒരുപിടി ശുഭ്രപ്രതീക്ഷകള് കൂടുവ-
ച്ചൊരുമിച്ച പച്ചത്തലപ്പുകളും
ഒന്നിച്ചൊരുകൈക്കുടന്നയില് നിന്കാല്ക്ക -
ലര്പ്പിച്ചതിധന്യയാകട്ടെ ഞാന്‍
ആപ്രഭാപൂരത്തില്നിന്നൊരു കൈത്തിരി
ഈയന്ധകാരത്തിലേറ്റട്ടെ ഞാന്‍
വീണ്ടുമൊരുവര്ഷമോടിയകലുന്നു
നീയില്ലയെന്നുഞാനെന്നോടു ചൊല്ലുന്നു
നീരൊഴുക്കുന്നെന്റെ കണ്ണുകള്‍, നീണ്ടൊരാ
വീഥിയിലെന്തിനോ നോക്കിനിന്നീടുന്നു
അങ്ങ് കാര്‍ഗില്‍ ഭൂവിലര്പ്പിച്ച നിന്പ്രാണ-
നെങ്ങോമറഞ്ഞിരുന്നെന്നെനോക്കീടവേ
അന്നുനീയെന്കാതിലോതിയവാക്കുകള്
മന്ത്രമായ്, ''ഭാരതഭൂമിയെ സേവിക്ക"
ചൊല്ലി ഞാനാമന്ത്രമെന്റെയുദരത്തില്
സ്പന്ദനംചെയ്തൊരു കുഞ്ഞുകര്ണ്ണത്തിലും
സ്നേഹിച്ചുസ്നേഹംതിരിച്ചുവാങ്ങിച്ചവന്
നാടിന്റെരക്ഷകനായ് വളര്‍ന്നീടുന്നു
സ്മൃതികളില്‍ നീ മാത്രമെന്നുമെന്‍ ധൈര്യമായ്
ശക്തിയായ് ചൈതന്യദീപമായ് നില്ക്കുകില്
ഈജീവസാഗരം നീന്തിക്കടക്കുവാന്‍
നിന്നോര്‍മ്മ ശക്തിയായെന്നും തുണതരും ...
****************************
..
അനിതാശരത്
മലയാളം അധ്യാപിക
ഗവ. ഹൈസ്കൂള്‍ കാലടി
നന്നായിരിക്കുന്നു
ReplyDelete