മതിലുകള്‍ക്കതീതമായ വീക്ഷണം
അടൂര്‍ ഗോപാലകൃഷ്ണന്‍
ചോദ്യം: അഞ്ചുചിത്രങ്ങള്‍ സംവിധാനം ചെയ്ത താങ്കള്‍ ആറാമത്തെ ചിത്രത്തിന് മറ്റൊരാളുടെ സാഹിത്യസൃഷ്ടിയിലേക്കു തിരിയാനുണ്ടായ സാഹചര്യമെന്താണ് ?
അടൂര്‍: കഥ, തിരക്കഥ എന്നിവ സ്വന്തമായിത്തന്നെ രൂപപ്പെടുത്തുന്നതിലുള്ള സൗകര്യം മുമ്പുതന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' ഇപ്പോള്‍ ചലച്ചിത്ര രൂപത്തിലാക്കാന്‍ ഉദ്യമിക്കുന്നതിന്റെ കാര്യം പറയാം. വളരെ മുമ്പുതന്നെ ബഷീറിനോടും അദ്ദേഹത്തിന്റെ സൃഷ്ടികളോടും ഒരു ആരാധാനാമനോഭാവം തന്നെ എനിക്കു തോന്നിയിട്ടുണ്ട്. 'മതിലുകളി'ല്‍ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്ന പ്രമേയത്തിനാകട്ടെ, സാര്‍വജനീനതയുണ്ട്. കാലദേശാതീതമായ ഈ പ്രമേയം അപൂര്‍വമായ ഒരനുഭവമായി മാറുന്നതിനു കാരണം ഇത് കഥാകൃത്തിന്റെ സ്വന്തം ജീവിതത്തിന്റെ ഒരേടുതന്നെയാണെന്നതാണ്.
ചോദ്യം: പ്രശസ്തനായ ബഷീറിന്റെ ഏറ്റവും മികച്ച കൃതികളിലൊന്ന് ചലച്ചിത്രമാക്കുന്നത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടോ ?
അടൂര്‍: നന്നായി ചെയ്തുതീര്‍ക്കണമെന്നു തോന്നുന്ന ആള്‍ക്ക് ഏതൊരു ചിത്രവും സ്വയം ഏറ്റെടുക്കുന്ന ഒരു വെല്ലുവിളിതന്നെയാണ്. 'മതിലുകള്‍' എന്ന നോവലിന് പ്രത്യക്ഷത്തില്‍ ഒരു ചെറുകഥാരൂപമല്ലേയുള്ളൂ. ആഖ്യാനമാകട്ടെ, ഉത്തമപുരുഷനിലൂടെ കഥപറഞ്ഞു പോകുന്ന രീതി. അതായത് എല്ലാ രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഒരു പ്രധാനകഥാപാത്രം. അതിന്റെ ചിന്തകള്‍, അയാളുടേതായ വര്‍ണനകള്‍, തത്വചിന്ത, ആത്മഗതങ്ങള്‍ തുടങ്ങിയവ. ഇവയൊക്കെ അതേപടി ചിത്രീകരിക്കുന്നത് ശരിയാവില്ല. പുസ്തകരൂപത്തിലുള്ള കഥയെ പകര്‍ത്തിവെക്കുകയല്ല ലക്ഷ്യം. അതിനെ ദൃശ്യപരമായ ഒരു പുനസ്സൃഷ്ടി നടത്തേണ്ടിയിരിക്കുന്നു. 'മതിലുകള്‍' എന്ന ലഘുനോവല്‍ വായിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി സിനിമയിലൂടെ എങ്ങനെ നല്‍കാന്‍ കഴിയുമെന്നതാണ് ഇവിടെ ഒന്നാമത്തെ വെല്ലുവിളി. രണ്ടാമത്തേതും സങ്കീര്‍ണമാണ്. ഈ കഥയിലെ 'ഞാന്‍' എന്ന കഥാപാത്രം യഥാര്‍ഥ ബഷീര്‍ തന്നെയാണ്. അപ്പോള്‍ എഴുത്തുകാരനും മനുഷ്യനുമായ ബഷീറിനെ കണ്ടെത്തുക എന്നതും ഗൗരവമേറിയ പ്രശ്നമാണ്. ഇവ രണ്ടും ശരിക്ക് നിര്‍വഹിക്കേണ്ടിയിരിക്കുന്നു.
'മതിലുകളി'ല്‍ പ്രകടമാകുന്ന വീക്ഷണങ്ങള്‍ വളരെ വിപുലമാണ്. ആണും പെണ്ണും ഇതില്‍ പ്രേമബദ്ധരാകുന്നുണ്ട്. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത പെണ്‍ജയിലിലെ നാരായണിയുമായാണ് പ്രേമം. പക്ഷേ, ഇതു വെറും ബാഹ്യരൂപം മാത്രം. ജയിലുകളെ വേര്‍തിരിക്കുന്ന വന്‍മതിലുണ്ടല്ലോ, അത് എത്ര വലിയ പ്രതീകവും യാഥാര്‍ഥ്യവുമാണ്! ബന്ധങ്ങള്‍ക്കിടയില്‍ വന്നുചേരുന്നു വേര്‍തിരിവുകള്‍, മനുഷ്യര്‍ക്ക് അന്യോന്യം സ്നേഹിക്കാനും ഇടപെടാനും കഴിയാത്ത ദുര്‍ഘടമായ അവസ്ഥാവിശേഷം എന്നിവ പ്രകടം. മറ്റൊന്ന് എപ്പോഴും മനുഷ്യരില്‍ ഉയിരിട്ടുനില്‍ക്കുന്ന സ്വാതന്ത്ര്യാഭിവാഞ്ച. അതിനു മുന്നിലുള്ള ഉച്ചനീചത്വങ്ങളുടെ മതില്‍ക്കെട്ടുകള്‍... ഈ കഥയിലെ വിവിധ കഥാപാത്രങ്ങളുടെ വ്യാപാരങ്ങളും അവര്‍ക്കു ലഭിക്കുന്ന പരിചരണങ്ങളും ഇത്തരം ഗഹനമായ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നതായി കാണാം. 'ഞാന്‍' എന്ന ബഷീറാകട്ടെ, എല്ലാ അന്തേവാസികളെയും ഒന്നുപോലെ കാണുന്നു. നിയമപാലകനെയും കുറ്റവാളിയെയും പരിചാരകനെയുമെല്ലാം. ജീവിതവീക്ഷണം ഉദാത്തമായൊരു മേഖലയില്‍ ഉയര്‍ന്നു നില്‍ക്കുന്നു അനുഭൂതിവിശേഷമാണത്. മതിലിനതീതമായി ഇരുവശവും കാണാന്‍കഴിയുന്ന മനുഷ്യനാണ് അതിന് ഉടമയായ കഥാപാത്രം. അതുപോലെ ജയില്‍ എന്ന സങ്കേതം... കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ ദുരിതമനുഭവിക്കുന്ന ഇടം എന്നാണല്ലോ ജയിലിനെക്കുറിച്ചുള്ള നമ്മുടെ സാമാന്യസങ്കല്പം. അതിനെ അത്യുല്‍ക്കൃഷ്ടമായ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ആര്‍ജവമുണ്ട് ഈ സാഹിത്യ സൃഷ്ടിയില്‍. സ്നേഹവും ധാരണയും ആര്‍ജവവും സമ്മേളിക്കുന്ന വീക്ഷണം. അനുഭവങ്ങളെയെല്ലാം സ്വയം ആസ്വാദ്യകരമാക്കിമാറ്റുന്ന കാഴ്ചപ്പാടു പുലര്‍ത്തുന്ന കഥാനായകന്‍. അതു കൊണ്ടുതന്നെ ദൃശ്യപരമായ അനുഭൂതിയും ബഷീറിനെകണ്ടെത്തലും സുപ്രധാനങ്ങളാണ്.
ചോദ്യം: പുസ്തകത്തില്‍ നിന്നും വിഭിന്നമായ 'മതിലുകള്‍' ആയിരിക്കും തിരശ്ശീലയില്‍ കാണുക എന്നു കരുതാമോ? പുസ്തകത്തിന്റെ പകര്‍ത്തിയെഴുത്തല്ല ചിത്രം എന്നു നേരത്തെ പറഞ്ഞനിലയ്ക്ക് ഈചിത്രത്തിന്റെ തിരക്കഥാരചനയ്കുവേണ്ടി വന്ന തയ്യാറെടുപ്പുകളെക്കുറിച്ചുകൂടി വിശദീകരിക്കാമോ?
അടൂര്‍: വളരെ നീണ്ടതയ്യാറെടുപ്പു തന്നെയായിരുന്നു. ബഷീറിന്റെ കൃതികളെല്ലാം ഒന്നുരണ്ടാവൃത്തികൂടി വായിച്ചും കിട്ടാവുന്ന എല്ലാരേഖകളും ഉപയോഗിച്ചും ബഷീറിനെക്കുറിച്ചു പഠിച്ചു. പക്ഷേ, ഇതൊക്കെയാണെങ്കിലും ഏറ്റവും കൂടുതല്‍ സമയമെടുത്ത് എഴുതിയതാണ് തിരക്കഥ എന്നു പറയാനാവില്ല. കാരണം തയ്യാറെടുപ്പു നീണ്ടതായിരുന്നു എന്നതു തന്നെ. 'മതിലുകള്‍' എന്ന പുസ്തകത്തിനു പുറത്തുനിന്നും ചില കഥാപാത്രങ്ങളെയും സംഭവങ്ങളെയും ചിത്രത്തിന്റെ തിരക്കഥയില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതു മനപ്പൂര്‍വമല്ല.
ചിത്രം സ്വതന്ത്രാവിഷ്കരണമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിനെ കൂടുതല്‍ ഫലപ്രദമായി ആവിഷ്കരിക്കാനുതകുന്ന കഥാപാത്രങ്ങളും സംഭവങ്ങളും ചേര്‍ക്കുകയായിരുന്നു. എങ്കിലും, ഒന്നു പറയാം. ഈചിത്രമെടുക്കാന്‍ പ്ലാനിടുമ്പോള്‍ ഇത്രയധികം കഥാപാത്രങ്ങള്‍ കടന്നുവരുമെന്നു കരുതിയില്ല. എന്റെ ഇതര തിരക്കഥകളെക്കാള്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ ഇതില്‍ പ്രത്യക്ഷപ്പെടാന്‍ ഇടവന്നുവെന്നു പറയാം. ഏറ്റവും കൂടിതല്‍ സമയമെടുത്ത് ഷൂട്ടുചെയ്ത എന്റെ ചിത്രം ഇതാണ് - 37 ദിവസം. പക്ഷേ അതു പ്രധാനമായും മഴ തടസ്സം നിന്നതു കൊണ്ടായിരുന്നു.
ചോദ്യം: മതിലുകളിലെ സ്ത്രീയെ താങ്കള്‍ എങ്ങനെ കാണുന്നു?
അടൂര്‍: പതിനാലു മാസം ലോക്കപ്പില്‍ കിടന്നിട്ട് അവിടെ നിന്നും 'പുള്ളി' യായി കോടതിയിലും അവിടെനിന്നും നേരെ സെന്‍ട്രല്‍ ജയിലിലുമെത്തിച്ചേരുന്ന കഥാപാത്രമാണ് നായകന്‍. ബന്ധനകാലഘട്ടം ദീര്‍ഘമാണ്. സ്ത്രീയെ സംബന്ധിച്ച സഹജവാസന പുരുഷകഥാപാത്രത്തില്‍ ഉണ്ടാവുക എന്നത് പ്രകൃതിയുടെതന്നെ ഭാവമാണ്. മതിലിനപ്പുറത്തെ പെണ്‍ജയിലിലെ നാരായണി ബഷീറിന്റെ സങ്കല്പമാണ്. ആ കഥാപാത്രവുമായി ഏകാന്തതയില്‍ ബഷീര്‍ ഒരു ചങ്ങാത്തം സ്‌ഥാപിച്ചെടുക്കുകയാണ്. പുസ്തകത്തിലും നാരായണിയെ ബഷീര്‍ നേരില്‍ക്കാണുന്നില്ല. അത് ചൈതന്യവത്തായ ഒരു മനോഹരസങ്കല്പം മാത്രം.
ചോദ്യം: ഇതര കഥാപാത്രങ്ങളോട് താങ്കളുടെ സമീപനം എന്താണ് ?
അടൂര്‍: 1942- 45ലെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിന് ഊന്നല്‍ കൊടുക്കുന്നുണ്ട് ഇതില്‍. അന്നത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ സ്പഷ്ടമാക്കാനും അന്നത്തെ ബഷീറിനെ കാണിച്ചുകൊടുക്കാനും വേണ്ടി ഇതരകഥാപാത്രങ്ങളെയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് അനിയന്‍ജയിലര്‍, വാര്‍ഡര്‍ എന്നീ കഥാപാത്രങ്ങള്‍.
ചോദ്യം: താങ്കളെടുത്ത സ്വാതന്ത്ര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച് വിശദീകരിക്കാമോ ? പഴയ ബഷീറിനെ ചില ചിത്രകാരന്മാര്‍ അവതരിപ്പിച്ചിട്ടുണ്ടല്ലോ ? മമ്മൂട്ടിയെ പ്രധാനറോളില്‍ തിരഞ്ഞെടുക്കാനുണ്ടായ കാരണം എന്താണ് ?
അടൂര്‍: പ്രധാനകഥാപാത്രമായ മുപ്പത്തിയഞ്ചുവയസ്സുകാരന്‍ ബഷീറിന് കഷണ്ടിയുണ്ട്. എന്നാല്‍ ഈ കഥയില്‍ കഷണ്ടി പ്രസക്തമല്ല. ഭഗത് സിങ്ങിന്റെ മീശയുമായി ബഷീറിനെ ചിത്രീകരിച്ചിട്ടുള്ള 'പടം' ആയിരിക്കുമല്ലോ ഉദ്ദേശിച്ചത്? ആ മീശ ഈ ഫിലിമില്‍ വേണ്ടെന്നു വച്ചു. കാരണം പഴയ ഹിന്ദിസിനിമകളില്‍ ആ മീശ ചട്ടമ്പികളുടെ മേക്കപ്പിന്റെ പ്രധാന ഭാഗമാണ്. അത് ഹിന്ദിയില്‍ നിന്നും ഇതരഭാഷാ ചിത്രക്കാര്‍ അനുകരിച്ചിട്ടുമുണ്ട്. ബാഹ്യരൂപത്തേക്കാളേറെ പാത്രസൃഷ്ടിയില്‍ ആന്തരിക രൂപത്തിന് ഊന്നല്‍ കൊടുക്കാനാണ് എന്റെ ശ്രമം. കഴുത്ത് , തോളെല്ലുകള്‍, പൊക്കം, വളവ് എന്നീ ഘടകങ്ങള്‍ പഴയ ബഷീറിനോട് മമ്മൂട്ടിക്ക് കൂടുതല്‍ രൂപപരമായ അടുപ്പം നല്കുന്നു. അഭിനയസിദ്ധിയെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ.
ചോദ്യം: 1942 -45 കാലഘട്ടത്തിന്റെ കഥയ്ക്കുള്ള അന്തരീക്ഷം എങ്ങനെ ഒരുക്കിയെടുത്തു?
അടൂര്‍: കാലഘട്ടത്തെ സംബന്ധിച്ചു പഠിച്ചു. കാലം, വേഷം, പെരുമാറ്റരീതി, നിയമം, ആചാരം എന്നിങ്ങനെ ഒത്തിരികാര്യങ്ങള്‍ മുന്‍ജയില്‍ ഐ. ജി. ശ്രീ രാഘവന്‍ നായരില്‍ നിന്നും മനസ്സിലാക്കി. അദ്ദേഹത്തില്‍ നിന്നും വളരെ വിലപ്പെട്ട സഹായമാണ് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ളത്.
അക്കാലത്തെ വേഷത്തിന്റെ ഒരംശം പോലും ലഭ്യമായിരുന്നില്ല. ജയിലില്‍ ഒരു സൂപ്രണ്ടിന് പണ്ട് യാത്രയയപ്പു നല്‍കിയ വേളയിലെടുത്ത ഒരു പഴയ ഫോട്ടോയില്‍ നിന്നുമാണ് യൂണിഫോറത്തെസംബന്ധിച്ച അറിവുകള്‍ ലഭിച്ചത്. അന്നു ജയിലില്‍ സെന്‍ട്രി നിന്നിരുന്നത് നായര്‍ പട്ടാളമായിരുന്നു. അവരുടെ ഒരു മുദ്രപോലും ലഭ്യമായിരുന്നില്ല. അവരുടെ ചെരുപ്പിന്റെ ഒരു പൊളിഞ്ഞ മാതൃക ഭാഗ്യവശാല്‍ കിട്ടി. അതിനെ അവലംബിച്ച് പാദരക്ഷകള്‍ തയ്യാറാക്കി. ചിത്രത്തില്‍ കാണിക്കുന്ന അവരുടെ തൊപ്പി ആര്‍ട്ട് ഡയറക്ടര്‍ ശിവന്‍ സ്വയം രൂപപ്പെടുത്തിയതാണ്. സ്ഥിരം കോസ്റ്റ്യൂം നിര്‍മാതാക്കള്‍ ഇതിനുള്ള ശ്രമം ഉപേക്ഷിച്ചതിനാലാണ് ശിവന്‍ അതേറ്റെടുത്തത്.
1928-ലെ പ്രോക്ലമേഷന്‍സ് ആന്റ് റെഗുലേഷന്‍സ് ഓഫ് ട്രാവന്‍കൂറിന്റെ രണ്ടാം വാല്യം ലഭിച്ചതിനാല്‍ കുറെയേറെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. പക്ഷേ 1928ല്‍ പറഞ്ഞവ പലതും 1942ല്‍ മാറിക്കഴിഞ്ഞിരുന്നു. ഉദാഹരണത്തിന് അന്ന് ആറുമാസംതടവുകാര്‍ക്ക് ആഹാരം കഴിക്കാന്‍ മണ്‍ചട്ടിയാണ് നല്‍കിയിരുന്നത്. മറ്റുള്ളവര്‍ക്കു തകരപ്പാത്രവും. സി പി രാമസ്വാമി അയ്യര്‍ ദിവാനായി വന്നശേഷം പലപരിഷ്കരണങ്ങളും ഉണ്ടായി. വ്യക്തമായിപ്പറഞ്ഞാല്‍ ജയിലിന്റെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും മാത്രമാണ് സാരമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്തത്.
കഥയില്‍ മരത്തിന്മേല്‍ ചാടിനടക്കുന്ന കുറെ അണ്ണാന്മാരുണ്ടല്ലോ. നാലഞ്ചുമാസക്കാലം അഞ്ചെട്ട് അണ്ണാന്മാരെ ഇതിന്റെ ചിത്രീകരണത്തിനു മെരുക്കിയെടുക്കാന്‍വേണ്ടി പിടിച്ചു കൂട്ടിലിട്ടിരിക്കുകയായിരുന്നു.
തയ്യാറാക്കിയത്. ജി. ഹരി
(കുങ്കുമം വാരിക)
No comments:
Post a Comment