Saturday, June 18, 2011
വായന വാരം
ചരമഗീതവും മറ്റു കവിതകളും
മണികണ്ഠദാസ്.കെ.വി.
മലയാളത്തിലെ കാലിക കാല്പനിക ശബ്ദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന് ഇന്നും ഒ എന്‍ വിയുടേതാണ്. ചങ്ങമ്പുഴയിലും പി യിലും വര്‍ണവസന്തം വിരിയിച്ച കാല്പനികത അതിന്റെ നിയന്ത്രിതമായ തിരനോട്ടം നടത്തുന്നത് ഒ എന്‍ വിയിലാണ്. സ്വപ്നത്തിന്റെ മായികതയും ഉണര്‍വിന്റെ ജാഗ്രതയും ഒത്തപാകത്തില്‍ ലയിച്ചു ചേര്‍ന്ന ഒ എന്‍ വി കവിത ഭാവപരമായ ഏകാഗ്രത പാലിക്കാന്‍ തുടക്കം മുതലേ ശ്രദ്ധിച്ചിരുന്നു.
ഭൂമിക്ക് ഒരു ചരമഗീതം എന്ന കവിതാസമാഹാരത്തില്‍ പ്രമേയപരമായും ആഖ്യാനപരമായും വ്യത്യസ്തത വെളിപ്പെടുത്തുന്ന മുപ്പതുകവിതകളുണ്ട്. അവയില്‍ ഭൂമിക്ക് ഒരു ചരമഗീതം, സൂര്യഗീതം, കൃഷ്ണപക്ഷത്തിലെ പാട്ട്, കുഞ്ഞേടത്തി, കോതമ്പുമണികള്‍ എന്നീ കവിതകള്‍ കവിയുടെ ആലാപനമാധുരികൊണ്ട് ഏറെ പ്രസിദ്ധിനേടിയവയാണ്. ഗ്രാമജീവിതത്തിന്റെ ലളിതജീവിതം വരയുന്ന ആവണിപ്പാടം തൊട്ട് കാലികപ്രസക്തമായ രാഷ്ടീയപ്രമേയം സ്വീകരിച്ച ഒരു അറബിക്കഥ വരെയുള്ള കവിതകളത്രയും ആവിഷ്കാരത്തിന്റെ പുതിയവഴികള്‍ കണ്ടെത്താനുള്ള ശ്രമങ്ങളത്രെ.
"കാണെക്കാണെ വയസ്സാവുന്നൂ മക്കള്‍ക്കെല്ലാമെന്നാലമ്മേ
വീണക്കമ്പികള്‍ മീട്ടുകയല്ലീ നവതാരുണ്യം നിന്‍തിരുവുടലില്‍"
എന്ന് ഏതാനും ദശകങ്ങള്‍ക്ക് മുമ്പ് കവി ഭൂമിയുടെ നിത്യതാരുണ്യത്തില്‍ വിസ്മയം കൊണ്ടിട്ടുണ്ട്. നിത്യഹരിതയായ ഭൂമിയും അതിലെ ജീവിതവും കവിയുടെ കാല്പനികമനസിനെ നിര്‍വൃതിയിലാഴ്ത്തി. പക്ഷേ മാറിയലോകത്തിരുന്നുകൊണ്ട് പഴയ പല്ലവി തന്നെ ആവര്‍ത്തിക്കാന്‍ ആവതില്ല. ഇന്ന് ഭൂമി ആസന്നമരണയാണ്. നാണക്കേടിന്റെ ഭാണ്ഡക്കെട്ടുമായി സൗരയൂഥപ്പെരുവഴിയിലൂടെ വേച്ചുനടക്കുന്ന ഉപേക്ഷിക്കപ്പെട്ട അമ്മയാണ് ഇന്ന് ഭൂമി. മാതാവിന്റെ ആസന്നമൃതിക്ക് മുന്‍കൂട്ടി ചരമഗീതം കുറിക്കാന്‍ വിധിക്കപ്പെട്ടവനാണ് കവി. എണ്ണിയാല്‍ തീരാത്ത സന്തതികളെപ്പെറ്റ ഭൂമാതാവ്, മക്കള്‍തമ്മില്‍ തലതല്ലിത്തകര്‍ക്കുന്ന അടര്‍ക്കളത്തില്‍ ദു:ഖസാക്ഷിയായി നില്‍ക്കേണ്ടിവന്നവളാണ്. അത്യാഗ്രഹവും ഭോഗതൃഷ്ണയും പെരുത്തമക്കളാവട്ടെ അമ്മയെത്തന്നെ വെട്ടിവിഴുങ്ങാന്‍ മടിക്കാത്തവര്‍. പ്രിയതമനായ സൂര്യനണിയിച്ച മനോഹരകഞ്ചുകം അമ്മയുടെ ശരീരത്തില്‍ നിന്ന് വലിച്ചൂരാന്‍ അവര്‍ക്ക് മടിയില്ല. അമ്മയെ ബലാല്‍ക്കാരം ചെയ്യുന്ന മക്കളെ മനുഷ്യരെന്നു വിളിക്കേണ്ടി വരുന്നതിലെ മാനക്കേട് കവിക്ക് സഹിക്കാവുന്നതിലുമപ്പുറമാണ്. ഇനിയും മരിക്കാത്തഭൂമി എന്ന അഭിസംബോധനതന്നെ കവിയുടെ ഭാവശക്തിവെളിപ്പെടുത്തും വിധം തീക്ഷ്ണതയാര്‍ന്നതാണ്. "നീയാകുമമൃതവും മൃതിയുടെ ബലിക്കാക്ക കൊത്തി" എന്ന നിശിതമായ വേദന പങ്കിട്ടുകൊണ്ടാണ് കവിത അവസാനിക്കുന്നത്. മനുഷ്യവംശം ഏതോ ദുരന്തമുനമ്പിലേക്കാണ് മുന്നേറുന്നത് ഏന്ന തിരിച്ചറിവ് പകരുന്ന ചരമഗീതം പ്രകൃതിചൂഷണത്തെക്കുറിച്ച് മലയാളത്തിലുണ്ടായിട്ടുള്ള ഏറ്റവും ഫലവത്തായ കാവ്യപ്രതികരണങ്ങളിലൊന്നാണ്.
'കെട്ടുപോയ് ഞങ്ങളിലെ സൂര്യന്‍' എന്ന ആത്മവിചാരണതന്നെയാണ് സൂര്യഗീതത്തിന്റെയും ഉള്ളടക്കം. എല്ലാം വെട്ടിപ്പിടിക്കാനുള്ള മനുഷ്യന്റെ പടപ്പാച്ചിലില്‍ അവനും അവന്റെ നിലനില്‍പിനാധാരമായ പ്രകൃതിയും ഇല്ലാതാവുമെന്ന ഭീതിയുടെ ഇരുട്ട് സൂര്യഗീതത്തിലുമുണ്ട്. കവിതയുടെ ആദ്യഖണ്ഡം ഭൂമിയിലെ ജീവന്റെ ആഹ്ലാദഭരിതമായ നൃത്തം കല്പനാസുന്ദരമായ ഭാഷയില്‍ അവതരിപ്പിക്കപ്പെടുന്നു. സൂര്യന്റെ അക്ഷയപാത്രത്തില്‍ നിന്ന് ഉറന്നൊഴുകുന്ന 'ഇത്തിരിച്ചുടുപാല്‍' കുടിച്ച് തെഴുത്ത ഭൂമിയിലെ ശതശാഖികളാര്‍ന്ന ജീവിതത്തിന്റെ ഉന്മത്തനൃത്തം മനോഹരം തന്നെ. പക്ഷേ അതിനിയും എത്രനാള്‍ നിലനില്ക്കുമെന്ന ആശങ്ക കവിയില്‍ നിറയുന്നു. 'മാനത്തൊരു പ്രാപ്പിടിയന്‍ റാകിപ്പറക്കുന്നുണ്ട്; ഈ ജീവചൈതന്യത്തെ കൊത്തിയുടയ്ക്കാന്‍.' സ്വാര്‍ഥതയുടെ ബലിപീഠത്തില്‍ പൊന്നനുജനെ കുരുതികൊടുക്കാന്‍ മടിക്കാത്ത മനുഷ്യന്‍ പ്രകൃതിയുടെ സര്‍ഗശക്തിയുടെ ശത്രുവായിമാറിക്കഴിഞ്ഞിരിക്കുന്നു. ജീവന്റെ സാന്നിദ്ധ്യം നഷ്ടപ്പെട്ട് ഈ ഭൂമി തണുത്തുറഞ്ഞ ചിതാഭൂമിയായി മാറിയേക്കും. പരിഹാരമെന്ത് ? നഷ്ടപ്പെട്ടുപോയ മഹാമൂല്യങ്ങളുടെയും സ്വപ്നങ്ങളുടെയും അമൃതബിന്ദുക്കള്‍ വാക്കിലും നോക്കിലും നിറക്കുക. ആശ്രമമൃഗങ്ങളേയും, കാപ്പിരിച്ചെറുമനേയും അഭയാര്‍ഥിയേയും അക്രമിക്കാന്‍ പുറപ്പെടുന്ന അവിവേകശക്തികളോട് അരുതരുതെന്നു വിളിച്ചുപറയുക. വാക്കിന്റെ തിരിയില്‍ സത്യത്തിന്റെ വെളിച്ചം വിരിയുമ്പോള്‍, ആത്മാവിന്റെ സ്വാതന്ത്ര്യത്തിന്റെ ധീരശബ്ദം മുഴങ്ങുമ്പോള്‍ സൂര്യചൈതന്യം നമ്മില്‍ വീണ്ടും നിറയും. സുസ്നേഹമൂര്‍ത്തിയായ സൂര്യന്‍ ജീവദാതാവായി നമുക്ക് മുകളില്‍ വീണ്ടും വിരിയും. ശുഭപ്രതീക്ഷയുടെ വിദൂരവെളിച്ചം ബാക്കിനിര്‍ത്തിയാണ് സൂര്യഗീതം അവസാനിക്കുന്നത്.
എല്ലാം നഷ്ടപ്പെടുന്നവരുടെ നിസ്സഹായമായ നിലവിളിയാണ് കൃഷ്ണപക്ഷത്തിലെ പാട്ട്. കൃഷ്ണപക്ഷമെന്നാല്‍ കറുത്തവാവെന്നര്‍ഥം. കൃഷ്ണനെ നഷ്ടപ്പെട്ട അമ്പാടിയിലെ നിസ്വജനം, പ്രതീക്ഷകളറ്റ് കൂരിരുട്ടില്‍ നിന്ന് നടത്തുന്ന സംഘവിലാപമാണ് ഈ കവിത. അവരുടെ യമുനാനദിയുടെ ശുദ്ധി ആരോ നശിപ്പിച്ചിരിക്കുന്നു. കടമ്പിന്റെ ചുണ്ടത്തെ രക്തം ഊറ്റിക്കുടിച്ചിരിക്കുന്നു. ഗോപസ്ത്രീകളെ കറവപ്പശുക്കളെപ്പോലെ ആട്ടിത്തെളിച്ചുകൊണ്ടുപോയിരിക്കുന്നു. ഒടുവിലായി അവര്‍ക്ക് ഇടയനും സര്‍വസ്വവുമായ കൃഷ്ണനും അപഹരിക്കപ്പെട്ടിരിക്കുന്നു. അവരുടെ കൃഷ്ണന്‍ ഇപ്പോള്‍ ശത്രുക്കളുടെ അന്തപ്പുരത്തില്‍ പൊന്‍കിരീടമണിഞ്ഞിരിക്കുന്നു. പൂതനകളോടൊപ്പം സുഖഭോഗകാമനകളില്‍ മുഴുകി പഴയതെല്ലാം മറന്നുപോയിരിക്കുന്നു. എല്ലാം നഷ്ടപ്പെട്ട നിസ്വലോകത്തിന് ആ കൃഷ്ണനെ പ്രതീക്ഷാപൂര്‍വം കാത്തിരിക്കുകയല്ലാതെ നിര്‍വാഹമില്ല. അത്രമേല്‍ നിരാധാരരാണവര്‍. കാലാകാലങ്ങളായി ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പാത്രമായി ആത്മബലം നഷ്ടപ്പെട്ട ജനവിഭാഗങ്ങളുടെ പ്രതീകലോകമാണ് കവിതയിലെ അമ്പാടി. നഷ്ടപ്പെട്ടുപോയ കൃഷ്ണനോ? നഷ്ടമായ അവരുടെ സമ്പത്തിന്റെയോ സങ്കല്പത്തിന്റെയോ പ്രതീക്ഷയുടെയോ ഒക്കെ പ്രതീകമാവാം കൃഷ്ണന്‍.
മനുഷ്യജീവിതത്തിന്റെ മഹത്വം കവിയെ എല്ലായ്പോഴും ആഹ്ലാദിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. ഉദയോന്മേഷമേകുന്ന ജീവപ്രകൃതിയില്‍ ലയിച്ചിരുന്നു പാടുന്ന കലാകാരന്മാരിലെല്ലാം നിറയുന്ന കേവലാഹ്ലാദത്തിന്റെ നിറവ് ഒന്നുതന്നെയെന്ന് ആറാംസിംഫണിയില്‍ കവി തിരിച്ചറിയുന്നു. സിംഫണികളുടെ സ്രഷ്ടാവായ ബീഥോവാന്റെ സംഗീതം തന്നിലുണര്‍ത്തുന്ന അനുഭൂതിലോകത്തെ പ്രസരിപ്പാര്‍ന്ന ജീവിതചിത്രങ്ങളിലൂടെ കവി സമര്‍ഥമായി പകര്‍ത്തുന്നു. ബീഥോവാന്റെ ആറാം സിംഫണി പൂത്തുനില്ക്കുന്ന പുഴയോരങ്ങളിലൂടെയും പേരറിയാത്ത പൂക്കളുടെ ഉദ്യാനങ്ങളുടെയും കറ്റക്കളങ്ങളിലൂടെയും തന്നെ കൊണ്ടുനടത്തുന്നു. ഒരേ പാട്ടിന്റെ താളത്തില്‍ വിതച്ചുകതിര്‍കൊയ്യുവോര്‍, ഒരേ പാത്രത്തില്‍ നിന്നൊരപ്പമാഹരിച്ചുയിര്‍പോറ്റുവോര്‍ - എല്ലാവരും എല്ലാത്തിനും അവകാശികളാവുന്ന സമത്വലോകത്തിന്റെ ദര്‍ശനമാണ് ആറാംസിംഫണിയും കവിയില്‍ നിറക്കുന്നത്.
സ്ത്രീജീവിതത്തിന്റെ അരക്ഷിതത്വവും വേദനയും ലളിതമെങ്കിലും തീവ്രമായി അവതരിപ്പിക്കുന്ന കവിതകളാണ് കോതമ്പുമണികളും കുഞ്ഞേടത്തിയും. നാടന്‍പാട്ടിന്റെ അനായാസതയും ലയവുമാണ് ഈ കവിതകളെ ഏറെ ആകര്‍ഷകമാക്കുന്നത്. പഞ്ചാബിലായാലും കേരളത്തിലായാലും സ്ത്രീ ജീവിക്കുന്നത് അരക്ഷിതലോകങ്ങളിലാണെന്ന് ഈ കവിതകള്‍ നമ്മെ ബോധ്യപ്പെടുത്തുന്നു. അനുജന്റെ ഓര്‍മകളിലൂടെ വിരിയുന്ന ഏടത്തിയുടെ ജീവിതചിത്രമാണ് കുഞ്ഞേടത്തി. ഒറ്റയ്ക്കടുപ്പില്‍ തീയൂതിയും ഒറ്റയ്ക്കിരുന്ന് കരഞ്ഞും ഒടുങ്ങിയവളാണവള്‍. ഒടുവില്‍ ഒറ്റയ്ക്കുതന്നെ പുഴയുടെയാഴങ്ങളിലേക്ക് യാത്രയായപ്പോള്‍ കുഞ്ഞേടത്തിയുടെ വയറ്റിലൊരുണ്ണിയുണ്ടായിരുന്നുപോല്‍. സ്വപ്നങ്ങളിലും ദു:ഖങ്ങളിലും ഹോമിച്ചൊടുങ്ങുന്ന സ്തീജന്മത്തിന്റെ മറ്റൊരു മുഖമാണ് കോതമ്പുമണികളിലുള്ളത്. 'നീയിന്നു നിന്നിലൊളിക്കുന്നു, നീയിന്നു നിന്നെ ഭയക്കുന്നു' - ഇതാണ് ഉത്തരേന്ത്യന്‍ പെണ്‍കുട്ടിയുടേയും സ്ഥിതി. അവള്‍ പ്രതീക്ഷിക്കുന്നതോ ? മാരനെയല്ല, മണാളനെയല്ല, മാനം കാക്കുമൊരാങ്ങളയെ.
സാമൂഹ്യപ്രമേയങ്ങള്‍ ഉള്‍ക്കൊള്ളുന്നവ തന്നെയാണ് സമാഹാരത്തിലെ ഒരുപുരാവൃത്തം, കാഞ്ചനസീത, ആമ്പല്‍പ്പൂ വില്‍ക്കുന്ന പെണ്‍കുട്ടി, ഒരു തൈനടുമ്പോള്‍, എന്റെ മണ്ണില്‍ തുടങ്ങിയ കവിതകള്‍. ആലപ്പുഴയില്‍ ലോഹമണല്‍ഖനനത്തിനു വന്ന സായ്പിന്റെ ആട്ടുംതുപ്പും അടിയുമേറ്റ് അപമാനം പൊറുക്കാതെ ആത്മഹത്യ ചെയ്ത നാട്ടുകാരന്റെ കയര്‍ത്തുമ്പിലെ ജഡമാണ് തന്നിലാദ്യമായി സ്വാതന്ത്ര്യസങ്കല്പമുണര്‍ത്തിയതെന്ന് ഒരു പുരാവൃത്തത്തില്‍ ഒ. എന്‍.വി സ്മരിക്കുന്നു. ഭൂഗര്‍ഭത്തിലേക്ക് അപ്രത്യക്ഷമായ സീതയെ അന്വേഷിച്ചു പോയ ഒരു ജനത മണ്ണിനടിയില്‍ സ്വര്‍ണസാന്നിധ്യമായി മാറിയ ദേവിയെ കമ്പോളച്ചരക്കാക്കി മാറ്റിയെന്ന വിമര്‍ശനമാണ് കാഞ്ചനസീത. സീതയ്ക്കുപകരം സ്വര്‍ണത്തെ ആദര്‍ശമായി കാണുന്ന ഒരു ജനതയുടെ ധാര്‍മികവീഴ്ചതന്നെയാണ് കവിതയുടെ പ്രമേയം. അമ്പലനടയില്‍ ദേവന്റെ ഇഷ്ടനൈവേദ്യമായ ആമ്പല്‍പ്പൂ വില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ചെറുതെങ്കിലും ഹൃദയം തൊടുന്നതാണ്. ദേവാലയമുറ്റത്തു നില്‍ക്കുന്ന ദരിദ്രബാല്യം ദൈവനീതിയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. ഒരു തൈ നടുമ്പോള്‍ ഒരു മുദ്രാവാക്യ കവിതയുടെ ലാളിത്യം ദീക്ഷിക്കുന്നു; അപ്പോഴും കവിതയുടെ പീലിത്തഴപ്പ് വിടര്‍ന്നാടുകയും ചെയ്യുന്നു. വൃക്ഷത്തിന്റെ സൗന്ദര്യമൂല്യവും സാമൂഹ്യമൂല്യവും ബോധ്യപ്പെടുത്താന്‍ ഈ കൊച്ചു കവിതയ്ക്ക് സാധിക്കുന്നു.
ഒരു അറബിക്കഥ. കവിതയിലെഴുതിയ ഒരു കഥ തന്നെ. വീടില്ലാതെ അലയുകയായിരുന്ന ജൂതന് വീടു നല്‍കിയ ചങ്ങാതി അവിടെ കൂടുകൂട്ടിയിരുന്ന പക്ഷിയെ വെടിവെച്ചുകൊല്ലണമെന്നാവശ്യപ്പെടുന്നു. ജൂതനതു ചെയ്തു. ജുതനും ചങ്ങാതിയും ഭക്ഷണത്തിനിരുന്നപ്പോള്‍ തീന്‍മേശയിലെ ഇറച്ചിപ്പാത്രത്തില്‍ നിന്ന് അഗ്നിച്ചിറകുകളുമായി പക്ഷി പറന്നുയര്‍ന്നു. ഇതാണ് കഥ. ഇസ്രായേലില്‍ ജൂതരാജ്യം കെട്ടിപ്പൊക്കാന്‍ കൂട്ടുനിന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ക്രൂരതയും പലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യദാഹവുമാണ് കവിതയുടെ ഉള്ളിലിരിപ്പ്.
കവിമനസ്സിന് സ്വാതന്ത്ര്യത്തോളം വലിയ മറ്റൊരാദര്‍ശവുമില്ല. രാഷ്ട്രീയ സ്വാതന്ത്യം മാത്രമല്ല മനസ്സിന്റെ നിരുപാധികമായ സ്വാതന്ത്ര്യവും കവിക്ക് പ്രധാനമാണ്. സ്വാതന്ത്ര്യത്തിന്റെ വില പാലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യമോഹങ്ങളെ ആവേശപൂര്‍വം അഭിനന്ദിക്കുന്ന കവിതയത്രെ. നീ തനിച്ചല്ലാ പലസ്തീന്‍ എന്ന ഐക്യദാര്‍ഢ്യവിളംബരം ലോകമാകമാനം ഉയര്‍ന്നു വരുന്ന സ്വാതന്ത്ര്യബോധത്തിന്റെ ശബ്ദമാണ്. പക്ഷിശാസ്ത്രം എന്തിനോ നീലാകാശത്തേക്കു കണ്ണെറിഞ്ഞ് ചിറകിന്‍തൂവലരിയപ്പെട്ട് കൂട്ടില്‍ കിടക്കുന്ന ഭാഗ്യം പറയുന്ന പക്ഷിയുടെ ദുര്‍വിധി ചിത്രീകരിക്കുന്നു. ഇനി എന്തു മോചനം എന്ന് സ്വയം ശപിക്കുന്ന കൂട്ടിലെ പക്ഷി കവിഹൃദയത്തിന്റെ പര്യായഭേദം തന്നെയാണ്. സാമൂഹ്യശീലങ്ങളുടെയും തത്വശാസ്ത്ര വിഭാഗങ്ങളുടെയും കൂട്ടില്‍പ്പെട്ടുകിടക്കുന്ന മനുഷ്യന് സഹജവാസനകളുടെയും സര്‍ഗാത്മകതയുടെയും നീലാകാശങ്ങളിലേക്ക് ഇഷ്ടാനുസരണം പാറിനടക്കാനാവുന്നില്ലയെന്ന ഖേദമാണ് ഈ കവിത.
ഭാരതത്തിന്റെ ഭാഗധേയത്തെക്കുറിച്ച് ആശങ്കപ്പെടുന്ന കവിതകളത്രെ ഇന്ത്യ 1984 : മൂന്നു ഗീതങ്ങള്‍. വിഭാഗീയതയും വിഘടനപ്രവണതയും കൊണ്ട് പൊറുതിമുട്ടുന്ന ഭാരതത്തെ മക്കളുടെ ഇരയായി മാറുന്ന തള്ളഞണ്ടായി ചിത്രീകരിക്കുന്നുണ്ട് കവി ഞണ്ട് എന്ന കവിതയില്‍. മണ്ണിനടിയില്‍ നിന്ന് ഭീകരമായ ശബ്ദങ്ങളുടെ ചെത്തം കേട്ട് ഉരുകുന്ന കവി മാതൃഭൂമിയോട് ഇങ്ങനെ ചോദിക്കുന്നു. 'നെഞ്ചിലുറക്കിയ ദു:ഖങ്ങള്‍ ദുസ്വപ്നം കണ്ടിട്ട് പൊട്ടിക്കരഞ്ഞതാണോ?' ( അജ്ഞാത ശബ്ദങ്ങള്‍ ) റഷ്യന്‍ പര്യടനത്തിന്റെ സ്മരണകളില്‍ പുഷ്പിച്ചവയാണ് യാത്രാഗീതങ്ങള്‍. യാത്രാനുഭവങ്ങള്‍ കവിയിലേക്കു പകരുന്ന പാഠം ഇതത്രെ. 'മര്‍ത്ത്യന്നൊരു ചോരയാണെങ്ങും.'
ഭൂമിയുടെ, അതിലെ ജീവന്റെയുന്മത്തനൃത്തത്തിന്റെ ഭാവിയെക്കുറിച്ച് കവി ആശങ്കാകുലനാണ്. ഈ വിസ്മയങ്ങളിനിയെത്ര കാലം എന്ന ഭയം കവിയില്‍ നിറയുന്നുണ്ട്. എങ്കിലും പൂര്‍ണമായ ഇരുട്ടിനെ പ്രവചിക്കുന്ന കവിയല്ല ഒ എന്‍ വി. തിരുത്താനും തിരിച്ചുവരാനുമുള്ള മനുഷ്യന്റെ സിദ്ധിയില്‍ കവി പ്രതീക്ഷ പുലര്‍ത്തുന്നുണ്ട്. അകലെ ശാന്തത പുതച്ചുറങ്ങുന്ന താരാപഥമുണ്ടെങ്കിലും എനിക്ക് ഉലഞ്ഞു നീങ്ങുന്ന ഈ ഭൂമിയുടെ ചെറുനൗകാഗൃഹത്തിലിരിക്കാനേ കൊതിയുള്ളൂവെന്ന് വെറും നുണയില്‍ കവി തെളിച്ചുപറയുന്നു. ഇരുളും വെളിച്ചവും കൈതപ്പൂഗന്ധവും ചകിരിച്ചോര്‍ചീയുന്ന മണവും, ഹ്ലാദവിഷാദങ്ങളും ഇടകലര്‍ന്ന മനുഷ്യജീവിതത്തിന്റെ പ്രകീര്‍ത്തനം തന്നെയാണ് ഒ എന്‍ വിയുടെ കവിതകള്‍.
Labels:
മത്സരം
വായന വാരം
മതിലുകള്‍ക്കതീതമായ വീക്ഷണം
അടൂര്‍ ഗോപാലകൃഷ്ണന്‍
ചോദ്യം: അഞ്ചുചിത്രങ്ങള്‍ സംവിധാനം ചെയ്ത താങ്കള്‍ ആറാമത്തെ ചിത്രത്തിന് മറ്റൊരാളുടെ സാഹിത്യസൃഷ്ടിയിലേക്കു തിരിയാനുണ്ടായ സാഹചര്യമെന്താണ് ?
അടൂര്‍: കഥ, തിരക്കഥ എന്നിവ സ്വന്തമായിത്തന്നെ രൂപപ്പെടുത്തുന്നതിലുള്ള സൗകര്യം മുമ്പുതന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളതിനാല്‍ ആവര്‍ത്തിക്കുന്നില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ 'മതിലുകള്‍' ഇപ്പോള്‍ ചലച്ചിത്ര രൂപത്തിലാക്കാന്‍ ഉദ്യമിക്കുന്നതിന്റെ കാര്യം പറയാം. വളരെ മുമ്പുതന്നെ ബഷീറിനോടും അദ്ദേഹത്തിന്റെ സൃഷ്ടികളോടും ഒരു ആരാധാനാമനോഭാവം തന്നെ എനിക്കു തോന്നിയിട്ടുണ്ട്. 'മതിലുകളി'ല്‍ കൈകാര്യം ചെയ്യപ്പെട്ടിരിക്കുന്ന പ്രമേയത്തിനാകട്ടെ, സാര്‍വജനീനതയുണ്ട്. കാലദേശാതീതമായ ഈ പ്രമേയം അപൂര്‍വമായ ഒരനുഭവമായി മാറുന്നതിനു കാരണം ഇത് കഥാകൃത്തിന്റെ സ്വന്തം ജീവിതത്തിന്റെ ഒരേടുതന്നെയാണെന്നതാണ്.
ചോദ്യം: പ്രശസ്തനായ ബഷീറിന്റെ ഏറ്റവും മികച്ച കൃതികളിലൊന്ന് ചലച്ചിത്രമാക്കുന്നത് ഒരു വെല്ലുവിളിയായി തോന്നുന്നുണ്ടോ ?
അടൂര്‍: നന്നായി ചെയ്തുതീര്‍ക്കണമെന്നു തോന്നുന്ന ആള്‍ക്ക് ഏതൊരു ചിത്രവും സ്വയം ഏറ്റെടുക്കുന്ന ഒരു വെല്ലുവിളിതന്നെയാണ്. 'മതിലുകള്‍' എന്ന നോവലിന് പ്രത്യക്ഷത്തില്‍ ഒരു ചെറുകഥാരൂപമല്ലേയുള്ളൂ. ആഖ്യാനമാകട്ടെ, ഉത്തമപുരുഷനിലൂടെ കഥപറഞ്ഞു പോകുന്ന രീതി. അതായത് എല്ലാ രംഗങ്ങളിലും പ്രത്യക്ഷപ്പെടുന്ന ഒരു പ്രധാനകഥാപാത്രം. അതിന്റെ ചിന്തകള്‍, അയാളുടേതായ വര്‍ണനകള്‍, തത്വചിന്ത, ആത്മഗതങ്ങള്‍ തുടങ്ങിയവ. ഇവയൊക്കെ അതേപടി ചിത്രീകരിക്കുന്നത് ശരിയാവില്ല. പുസ്തകരൂപത്തിലുള്ള കഥയെ പകര്‍ത്തിവെക്കുകയല്ല ലക്ഷ്യം. അതിനെ ദൃശ്യപരമായ ഒരു പുനസ്സൃഷ്ടി നടത്തേണ്ടിയിരിക്കുന്നു. 'മതിലുകള്‍' എന്ന ലഘുനോവല്‍ വായിക്കുമ്പോഴുണ്ടാകുന്ന അനുഭൂതി സിനിമയിലൂടെ എങ്ങനെ നല്‍കാന്‍ കഴിയുമെന്നതാണ് ഇവിടെ ഒന്നാമത്തെ വെല്ലുവിളി. രണ്ടാമത്തേതും സങ്കീര്‍ണമാണ്. ഈ കഥയിലെ 'ഞാന്‍' എന്ന കഥാപാത്രം യഥാര്‍ഥ ബഷീര്‍ തന്നെയാണ്. അപ്പോള്‍ എഴുത്തുകാരനും മനുഷ്യനുമായ ബഷീറിനെ കണ്ടെത്തുക എന്നതും ഗൗരവമേറിയ പ്രശ്നമാണ്. ഇവ രണ്ടും ശരിക്ക് നിര്‍വഹിക്കേണ്ടിയിരിക്കുന്നു.
'മതിലുകളി'ല്‍ പ്രകടമാകുന്ന വീക്ഷണങ്ങള്‍ വളരെ വിപുലമാണ്. ആണും പെണ്ണും ഇതില്‍ പ്രേമബദ്ധരാകുന്നുണ്ട്. ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത പെണ്‍ജയിലിലെ നാരായണിയുമായാണ് പ്രേമം. പക്ഷേ, ഇതു വെറും ബാഹ്യരൂപം മാത്രം. ജയിലുകളെ വേര്‍തിരിക്കുന്ന വന്‍മതിലുണ്ടല്ലോ, അത് എത്ര വലിയ പ്രതീകവും യാഥാര്‍ഥ്യവുമാണ്! ബന്ധങ്ങള്‍ക്കിടയില്‍ വന്നുചേരുന്നു വേര്‍തിരിവുകള്‍, മനുഷ്യര്‍ക്ക് അന്യോന്യം സ്നേഹിക്കാനും ഇടപെടാനും കഴിയാത്ത ദുര്‍ഘടമായ അവസ്ഥാവിശേഷം എന്നിവ പ്രകടം. മറ്റൊന്ന് എപ്പോഴും മനുഷ്യരില്‍ ഉയിരിട്ടുനില്‍ക്കുന്ന സ്വാതന്ത്ര്യാഭിവാഞ്ച. അതിനു മുന്നിലുള്ള ഉച്ചനീചത്വങ്ങളുടെ മതില്‍ക്കെട്ടുകള്‍... ഈ കഥയിലെ വിവിധ കഥാപാത്രങ്ങളുടെ വ്യാപാരങ്ങളും അവര്‍ക്കു ലഭിക്കുന്ന പരിചരണങ്ങളും ഇത്തരം ഗഹനമായ വിഷയങ്ങളെ ഉള്‍ക്കൊള്ളുന്നതായി കാണാം. 'ഞാന്‍' എന്ന ബഷീറാകട്ടെ, എല്ലാ അന്തേവാസികളെയും ഒന്നുപോലെ കാണുന്നു. നിയമപാലകനെയും കുറ്റവാളിയെയും പരിചാരകനെയുമെല്ലാം. ജീവിതവീക്ഷണം ഉദാത്തമായൊരു മേഖലയില്‍ ഉയര്‍ന്നു നില്‍ക്കുന്നു അനുഭൂതിവിശേഷമാണത്. മതിലിനതീതമായി ഇരുവശവും കാണാന്‍കഴിയുന്ന മനുഷ്യനാണ് അതിന് ഉടമയായ കഥാപാത്രം. അതുപോലെ ജയില്‍ എന്ന സങ്കേതം... കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ ദുരിതമനുഭവിക്കുന്ന ഇടം എന്നാണല്ലോ ജയിലിനെക്കുറിച്ചുള്ള നമ്മുടെ സാമാന്യസങ്കല്പം. അതിനെ അത്യുല്‍ക്കൃഷ്ടമായ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ആര്‍ജവമുണ്ട് ഈ സാഹിത്യ സൃഷ്ടിയില്‍. സ്നേഹവും ധാരണയും ആര്‍ജവവും സമ്മേളിക്കുന്ന വീക്ഷണം. അനുഭവങ്ങളെയെല്ലാം സ്വയം ആസ്വാദ്യകരമാക്കിമാറ്റുന്ന കാഴ്ചപ്പാടു പുലര്‍ത്തുന്ന കഥാനായകന്‍. അതു കൊണ്ടുതന്നെ ദൃശ്യപരമായ അനുഭൂതിയും ബഷീറിനെകണ്ടെത്തലും സുപ്രധാനങ്ങളാണ്.
ചോദ്യം: പുസ്തകത്തില്‍ നിന്നും വിഭിന്നമായ 'മതിലുകള്‍' ആയിരിക്കും തിരശ്ശീലയില്‍ കാണുക എന്നു കരുതാമോ? പുസ്തകത്തിന്റെ പകര്‍ത്തിയെഴുത്തല്ല ചിത്രം എന്നു നേരത്തെ പറഞ്ഞനിലയ്ക്ക് ഈചിത്രത്തിന്റെ തിരക്കഥാരചനയ്കുവേണ്ടി വന്ന തയ്യാറെടുപ്പുകളെക്കുറിച്ചുകൂടി വിശദീകരിക്കാമോ?
അടൂര്‍: വളരെ നീണ്ടതയ്യാറെടുപ്പു തന്നെയായിരുന്നു. ബഷീറിന്റെ കൃതികളെല്ലാം ഒന്നുരണ്ടാവൃത്തികൂടി വായിച്ചും കിട്ടാവുന്ന എല്ലാരേഖകളും ഉപയോഗിച്ചും ബഷീറിനെക്കുറിച്ചു പഠിച്ചു. പക്ഷേ, ഇതൊക്കെയാണെങ്കിലും ഏറ്റവും കൂടുതല്‍ സമയമെടുത്ത് എഴുതിയതാണ് തിരക്കഥ എന്നു പറയാനാവില്ല. കാരണം തയ്യാറെടുപ്പു നീണ്ടതായിരുന്നു എന്നതു തന്നെ. 'മതിലുകള്‍' എന്ന പുസ്തകത്തിനു പുറത്തുനിന്നും ചില കഥാപാത്രങ്ങളെയും സംഭവങ്ങളെയും ചിത്രത്തിന്റെ തിരക്കഥയില്‍ സ്വീകരിച്ചിട്ടുണ്ട്. ഇതു മനപ്പൂര്‍വമല്ല.
ചിത്രം സ്വതന്ത്രാവിഷ്കരണമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. അതിനെ കൂടുതല്‍ ഫലപ്രദമായി ആവിഷ്കരിക്കാനുതകുന്ന കഥാപാത്രങ്ങളും സംഭവങ്ങളും ചേര്‍ക്കുകയായിരുന്നു. എങ്കിലും, ഒന്നു പറയാം. ഈചിത്രമെടുക്കാന്‍ പ്ലാനിടുമ്പോള്‍ ഇത്രയധികം കഥാപാത്രങ്ങള്‍ കടന്നുവരുമെന്നു കരുതിയില്ല. എന്റെ ഇതര തിരക്കഥകളെക്കാള്‍ കൂടുതല്‍ കഥാപാത്രങ്ങള്‍ ഇതില്‍ പ്രത്യക്ഷപ്പെടാന്‍ ഇടവന്നുവെന്നു പറയാം. ഏറ്റവും കൂടിതല്‍ സമയമെടുത്ത് ഷൂട്ടുചെയ്ത എന്റെ ചിത്രം ഇതാണ് - 37 ദിവസം. പക്ഷേ അതു പ്രധാനമായും മഴ തടസ്സം നിന്നതു കൊണ്ടായിരുന്നു.
ചോദ്യം: മതിലുകളിലെ സ്ത്രീയെ താങ്കള്‍ എങ്ങനെ കാണുന്നു?
അടൂര്‍: പതിനാലു മാസം ലോക്കപ്പില്‍ കിടന്നിട്ട് അവിടെ നിന്നും 'പുള്ളി' യായി കോടതിയിലും അവിടെനിന്നും നേരെ സെന്‍ട്രല്‍ ജയിലിലുമെത്തിച്ചേരുന്ന കഥാപാത്രമാണ് നായകന്‍. ബന്ധനകാലഘട്ടം ദീര്‍ഘമാണ്. സ്ത്രീയെ സംബന്ധിച്ച സഹജവാസന പുരുഷകഥാപാത്രത്തില്‍ ഉണ്ടാവുക എന്നത് പ്രകൃതിയുടെതന്നെ ഭാവമാണ്. മതിലിനപ്പുറത്തെ പെണ്‍ജയിലിലെ നാരായണി ബഷീറിന്റെ സങ്കല്പമാണ്. ആ കഥാപാത്രവുമായി ഏകാന്തതയില്‍ ബഷീര്‍ ഒരു ചങ്ങാത്തം സ്‌ഥാപിച്ചെടുക്കുകയാണ്. പുസ്തകത്തിലും നാരായണിയെ ബഷീര്‍ നേരില്‍ക്കാണുന്നില്ല. അത് ചൈതന്യവത്തായ ഒരു മനോഹരസങ്കല്പം മാത്രം.
ചോദ്യം: ഇതര കഥാപാത്രങ്ങളോട് താങ്കളുടെ സമീപനം എന്താണ് ?
അടൂര്‍: 1942- 45ലെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിന് ഊന്നല്‍ കൊടുക്കുന്നുണ്ട് ഇതില്‍. അന്നത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ സ്പഷ്ടമാക്കാനും അന്നത്തെ ബഷീറിനെ കാണിച്ചുകൊടുക്കാനും വേണ്ടി ഇതരകഥാപാത്രങ്ങളെയും വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് അനിയന്‍ജയിലര്‍, വാര്‍ഡര്‍ എന്നീ കഥാപാത്രങ്ങള്‍.
ചോദ്യം: താങ്കളെടുത്ത സ്വാതന്ത്ര്യത്തെയും വ്യതിയാനങ്ങളെയും കുറിച്ച് വിശദീകരിക്കാമോ ? പഴയ ബഷീറിനെ ചില ചിത്രകാരന്മാര്‍ അവതരിപ്പിച്ചിട്ടുണ്ടല്ലോ ? മമ്മൂട്ടിയെ പ്രധാനറോളില്‍ തിരഞ്ഞെടുക്കാനുണ്ടായ കാരണം എന്താണ് ?
അടൂര്‍: പ്രധാനകഥാപാത്രമായ മുപ്പത്തിയഞ്ചുവയസ്സുകാരന്‍ ബഷീറിന് കഷണ്ടിയുണ്ട്. എന്നാല്‍ ഈ കഥയില്‍ കഷണ്ടി പ്രസക്തമല്ല. ഭഗത് സിങ്ങിന്റെ മീശയുമായി ബഷീറിനെ ചിത്രീകരിച്ചിട്ടുള്ള 'പടം' ആയിരിക്കുമല്ലോ ഉദ്ദേശിച്ചത്? ആ മീശ ഈ ഫിലിമില്‍ വേണ്ടെന്നു വച്ചു. കാരണം പഴയ ഹിന്ദിസിനിമകളില്‍ ആ മീശ ചട്ടമ്പികളുടെ മേക്കപ്പിന്റെ പ്രധാന ഭാഗമാണ്. അത് ഹിന്ദിയില്‍ നിന്നും ഇതരഭാഷാ ചിത്രക്കാര്‍ അനുകരിച്ചിട്ടുമുണ്ട്. ബാഹ്യരൂപത്തേക്കാളേറെ പാത്രസൃഷ്ടിയില്‍ ആന്തരിക രൂപത്തിന് ഊന്നല്‍ കൊടുക്കാനാണ് എന്റെ ശ്രമം. കഴുത്ത് , തോളെല്ലുകള്‍, പൊക്കം, വളവ് എന്നീ ഘടകങ്ങള്‍ പഴയ ബഷീറിനോട് മമ്മൂട്ടിക്ക് കൂടുതല്‍ രൂപപരമായ അടുപ്പം നല്കുന്നു. അഭിനയസിദ്ധിയെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ.
ചോദ്യം: 1942 -45 കാലഘട്ടത്തിന്റെ കഥയ്ക്കുള്ള അന്തരീക്ഷം എങ്ങനെ ഒരുക്കിയെടുത്തു?
അടൂര്‍: കാലഘട്ടത്തെ സംബന്ധിച്ചു പഠിച്ചു. കാലം, വേഷം, പെരുമാറ്റരീതി, നിയമം, ആചാരം എന്നിങ്ങനെ ഒത്തിരികാര്യങ്ങള്‍ മുന്‍ജയില്‍ ഐ. ജി. ശ്രീ രാഘവന്‍ നായരില്‍ നിന്നും മനസ്സിലാക്കി. അദ്ദേഹത്തില്‍ നിന്നും വളരെ വിലപ്പെട്ട സഹായമാണ് ഇക്കാര്യത്തില്‍ ലഭിച്ചിട്ടുള്ളത്.
അക്കാലത്തെ വേഷത്തിന്റെ ഒരംശം പോലും ലഭ്യമായിരുന്നില്ല. ജയിലില്‍ ഒരു സൂപ്രണ്ടിന് പണ്ട് യാത്രയയപ്പു നല്‍കിയ വേളയിലെടുത്ത ഒരു പഴയ ഫോട്ടോയില്‍ നിന്നുമാണ് യൂണിഫോറത്തെസംബന്ധിച്ച അറിവുകള്‍ ലഭിച്ചത്. അന്നു ജയിലില്‍ സെന്‍ട്രി നിന്നിരുന്നത് നായര്‍ പട്ടാളമായിരുന്നു. അവരുടെ ഒരു മുദ്രപോലും ലഭ്യമായിരുന്നില്ല. അവരുടെ ചെരുപ്പിന്റെ ഒരു പൊളിഞ്ഞ മാതൃക ഭാഗ്യവശാല്‍ കിട്ടി. അതിനെ അവലംബിച്ച് പാദരക്ഷകള്‍ തയ്യാറാക്കി. ചിത്രത്തില്‍ കാണിക്കുന്ന അവരുടെ തൊപ്പി ആര്‍ട്ട് ഡയറക്ടര്‍ ശിവന്‍ സ്വയം രൂപപ്പെടുത്തിയതാണ്. സ്ഥിരം കോസ്റ്റ്യൂം നിര്‍മാതാക്കള്‍ ഇതിനുള്ള ശ്രമം ഉപേക്ഷിച്ചതിനാലാണ് ശിവന്‍ അതേറ്റെടുത്തത്.
1928-ലെ പ്രോക്ലമേഷന്‍സ് ആന്റ് റെഗുലേഷന്‍സ് ഓഫ് ട്രാവന്‍കൂറിന്റെ രണ്ടാം വാല്യം ലഭിച്ചതിനാല്‍ കുറെയേറെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞു. പക്ഷേ 1928ല്‍ പറഞ്ഞവ പലതും 1942ല്‍ മാറിക്കഴിഞ്ഞിരുന്നു. ഉദാഹരണത്തിന് അന്ന് ആറുമാസംതടവുകാര്‍ക്ക് ആഹാരം കഴിക്കാന്‍ മണ്‍ചട്ടിയാണ് നല്‍കിയിരുന്നത്. മറ്റുള്ളവര്‍ക്കു തകരപ്പാത്രവും. സി പി രാമസ്വാമി അയ്യര്‍ ദിവാനായി വന്നശേഷം പലപരിഷ്കരണങ്ങളും ഉണ്ടായി. വ്യക്തമായിപ്പറഞ്ഞാല്‍ ജയിലിന്റെ കെട്ടിടങ്ങള്‍ക്കും മതിലുകള്‍ക്കും മാത്രമാണ് സാരമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്തത്.
കഥയില്‍ മരത്തിന്മേല്‍ ചാടിനടക്കുന്ന കുറെ അണ്ണാന്മാരുണ്ടല്ലോ. നാലഞ്ചുമാസക്കാലം അഞ്ചെട്ട് അണ്ണാന്മാരെ ഇതിന്റെ ചിത്രീകരണത്തിനു മെരുക്കിയെടുക്കാന്‍വേണ്ടി പിടിച്ചു കൂട്ടിലിട്ടിരിക്കുകയായിരുന്നു.
തയ്യാറാക്കിയത്. ജി. ഹരി
(കുങ്കുമം വാരിക)
Labels:
മത്സരം
വായന വാരം
ഓർമ്മകൾ ചന്ദനഗന്ധം പോലെ
ബി. സരസ്വതി
സ്മരണകൾ
പ്രസിദ്ധീകരണം: നാഷണൽ ബുക്സ് സ്റ്റാൾ
വില : 100 രൂപ
മലയാള ചെറുകഥാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന സ്ഥാനമാണ് കാരൂരിനുള്ളത്. ലോകസാഹിത്യത്തിലെ ഉത്കൃഷ്ടമായ കഥകൾക്കൊപ്പം നിൽക്കുന്ന ഒട്ടേറെ കഥകൾ മലയാളഭാഷയ്ക്ക് കാരൂർ നീലകണ്ഠപിള്ള സംഭാവന നൽകി. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്നവരുടെ കഥകൾ, അദ്ദേഹം സ് നേഹത്തിന്റെയും, ആശയുടെയും, ആകുലതയുടെയും, നന്മയുടെയും, ലാളിത്യത്തിന്റെയും ഭാഷയിൽ മലയാളത്തിനായി നൽകി.
സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉപജ്ഞാതാക്കളി ലൊരാളും, ദീർഘകാലം അതിന്റെ അമരക്കാരനുമായ കാരൂർ സാഹിത്യകാരന്മാർക്കിടയിലെ ബഹുമുഖപ്രതിഭയായിരുന്നു. അധ്യാപകൻ, സാഹിത്യകാരൻ, സഹകാരി, വ്യാപാരി, സാമൂഹ്യപ്രവർത്തകൻ എന്ന നിലകളിലൊക്കെ പ്രവർത്തിച്ച കാരൂരിന്റെ ജീവിതം മലയാളിക്ക് സമഗ്രമായി പരിചയപ്പെടുത്തുന്ന കൃതിയാണ് ‘ഓർമ്മകൾ ചന്ദനഗന്ധം പോലെ’ എന്ന സ്മരണാഗ്രന്ഥം. ഇത് രചിച്ചത് കാരൂരിന്റെ മകളും പ്രശസ്ത കഥാകാരിയുമായ ബി. സരസ്വതിയാണ്. ഒരു മകളുടെ പിതൃസ്മരണകൾ എന്നതിനപ്പുറം ഒരു എഴുത്തുകാരിയായ മകൾ കഥാകൃത്തായ പിതാവിന്റെ സമഗ്രസംഭാവനകളെ, രചനയുടെ സന്ദർഭങ്ങളുടെ നേരനുഭവ സാക്ഷ്യത്തോടെ വിലയിരുത്തുന്നുവെന്ന അപൂർവ്വതയും ഈ സ്മരണാഗ്രന്ഥത്തിനുണ്ട്.
1898 ഫിബ്രവരി 22ന് ഏറ്റുമാനൂരിനടുത്തുള്ള കാരൂർ വീട്ടിൽ ജനിച്ച നീലകണ്ഠപ്പിള്ള മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയ ജീവിത സാഹചര്യവും, അനുഭവങ്ങളും, എഴുത്തിന്റെ വഴികളും, സൗഹൃദങ്ങളും, വൈകാരികമായ ഭാവത്തോടെ എഴുത്തുകാരി വിവരിക്കുമ്പോൾ അതിഭാവുകത്വം അതിൽ കലരാതെ ശ്രദ്ധിച്ചിട്ടുമുണ്ട്.
12 അധ്യായങ്ങളിലായി വിവരിക്കുന്ന സ്മരണകൾക്ക് പ്രൗഢമായ അവതാരികയെഴുതിയിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത നിരൂപകയായ ഡോ.എം. ലീലാവതിയാണ്.
‘ഉതുപ്പാന്റെ കിണർ’ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉതുപ്പാനായ കാരൂരിന്റെ കഥയാവുന്നത് എങ്ങനെയാണെന്ന് നമുക്ക് വായിച്ചെടുക്കാൻ ഈ ഗ്രന്ഥം സഹായിക്കും. കാരൂരിന്റെ എഴുത്തിന് കരുത്തു പകർന്ന സഹധർമ്മിണി ഭവാനിയമ്മയെന്ന ഉത്തമ കുടുംബിനിയെയും കഥാകാരിയായ സരസ്വതി, ലീല എന്നീ മക്കളെയും കാരൂരിന്റെ സഹോദരൻമാരെയും കുടുംബത്തെയും സ്മരണയിൽ ഉചിതമായി ചേർത്തിരിക്കുന്നു.
പ്രശംസാവാചകങ്ങൾ ഒട്ടും ഇഷ്ടപ്പെടാതിരുന്ന ഒരെഴുത്തുകാരന്റെ ജീവിതം ഒട്ടും പൊലിപ്പിക്കാതെ കൃത്യതയോടെ ചിത്രീകരിച്ചു എന്നതിൽ മകൾക്ക് അഭിമാനിക്കാം. ഒപ്പം ‘തോട്ടം സൂപ്രണ്ട് ’, ‘അധ്യാപക കഥകൾ’, ‘ഉതുപ്പാന്റെ കിണർ’, ‘മീനാക്ഷി ദർശനം’, ‘സേഫ്റ്റിപിൻ’, ‘ചെകുത്താൻ’, ‘മോതിരം’, ‘മരപ്പാവകൾ’ തുടങ്ങിയ നിലവധി കഥകളെ കഥാകാരി വിശകലനം ചെയ്യുകയും അനുഭവതലങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു.
വിശ്രമരഹിതമായ ജീവിതം നയിച്ച ഒരെഴുത്തുകാരനായിരുന്നു കാരൂർ. 1975 സെപ്തംബർ 30ന് ജീവിത്തിൽ നിന്നും സാഹിത്യലോകത്തുനിന്നും എന്നെന്നേക്കുമായി വിടവാങ്ങിയപ്പോൾ കൈരളിക്ക് നഷ്ടമായത് മഹാനായ വിശ്വസാഹിത്യകാരനെയാണ്.
‘ഓർമ്മകൾ ചന്ധനഗന്ധം പോലെ എന്ന ഈ സ്മരണാഗ്രന്ഥം വായനക്കാർക്ക് നൽകുന്നത് മികച്ച ഒരു വായനാനുഭവമാണ്.
പ്രമോദ് എൻ.
ജി.എച്ച്.എസ്.എസ്. പയമ്പ്ര
Labels:
മത്സരം
വായന വാരം
വായന വാര മത്സരങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്ന പുസ്തങ്ങളെ പരിചയപ്പെടുത്തുന്നു
അജയ്യമായ ആത്മചൈതന്യം
എ.പി.ജെ. അബ്ദുൾകലാം
സ്മരണ
വില : 90 രൂപ
പ്രസിദ്ധീകരണം : ഡി.സി. ബുക്സ്
തൊട്ടതൊക്കെ പൊന്നാക്കിയ പ്രതിഭയാണ് എ.പി.ജെ. അബ്ദുൾകലാം. തന്റെ ജീവിതവിജയത്തിന്റെ വേരുകൾ തേടുന്ന ഒരു പ്രതിഭയുടെ മൗനം വാചാലമാകുന്ന സൂചനകളുടെ, വാക്കുകളുടെ പുസ്തകമാണ് അജയ്യമായ ആത്മചൈതന്യം. ‘സ്മരണ’ എന്ന രചനാവിഭാഗത്തിൽ പെടുന്ന ഈ കൃതിയിൽ സ്വന്തം ജീവിതത്തിന്റെ പിന്നിട്ട പാതകളിൽ തന്നെ സ്വാധീനിച്ച വ്യക്തികളേയും ആശയങ്ങളേയും കലാം സ്മരിക്കുന്നു.
ഇച്ഛാക്തിയുടെ മഹത്വം വിളിച്ചുപറയുന്ന ഈ കൃതി ‘അജയ്യമായ ആത്മചൈതന്യം’ തന്നെയാണ് തൻറെ ഇച്ഛാശക്തിയുടേയും ആധാരം എന്ന് വെളിപ്പെടുത്തുന്നു. ഒട്ടനവധി കഴിവുകളും സാധ്യതകളുമുള്ള മനുഷ്യൻ പ്രതിസന്ധികളെ മുറിച്ചു കടക്കുമ്പോൾ മാത്രമാണ് വിജയിയാവുന്നതെന്നും അത്തരം വിജയികൾ ലോകത്തിന് വെളിച്ചം പകരുന്നവരാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.
പതിനാല് ചെറുഭാഗങ്ങളാണ് ഈ കൃതിയിൽ ഉള്ളത്. പ്രചോദനം നൽകിയ വ്യക്തികൾ മുതൽ അജയ്യമായ ഇച്ഛാശക്തി വരെ പറന്നുകിടക്കുന്ന ഈ കൃതി വായനക്കാരെ ഏറെ സ്വാധീനിക്കുകയും അവരെ മാറ്റി മറിക്കുകയും ചെയ്യും എന്നത് വ്യക്തം. തന്റെ അമ്മയെ പരിചയപ്പെടുത്തുന്ന ആദ്യ ഭാഗം അമ്മ അനുഭവിച്ച ദാരിദ്ര്യവും പരിമിതികൾക്കുള്ളിലും പഠനത്തിന് തനിക്ക് നൽകിയ പ്രോത്സാഹനവും സ്മരിക്കുന്നു. അമ്മ വറ്റാത്ത സ്നേഹത്തിന്റെ ഉറവിടമാണെന്നും അതാണ് തന്നെ നിർമ്മിക്കുന്നതിൽ ഏറെ സ്വാധീനിച്ചതെന്നും പറയാതെ പറയുന്നു. തുടർന്ന് എം.എസ്. സുബ്ബലക്ഷ്മി, വിക്രം സാരാഭായ്, ബ്രഹ്മപ്രകാശ്, എം.ജി.കെ. മേനോൻ, രാജാ രാമണ്ണ എന്നിവർ വിദ്യാഭ്യാസത്തിലും പ്രവർത്തരംഗത്തും തന്നെ എങ്ങനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നു. ഈ ഭാഗം സ്വപ്നദർശികൾക്കു മാത്രമേ ഉന്നതങ്ങളിലെത്താൻ പറ്റൂ എന്നും അവർക്കു മാത്രമേ പുതുരാഷ്ട്രം കെട്ടിപ്പെടുക്കാൻ പറ്റൂ എന്നും നമ്മെ ഓർമ്മപ്പെടുത്തുന്നു.
അധ്യാപകൻ, വിദ്യാഭ്യാസം എന്നിവ എന്താവണമെന്ന സമഗ്രബോധമാണ് അടുത്ത ഭാഗം നമുക്ക് തരുന്നത്. അധ്യാപകന്റെ ജീവിതം അനേകം ദീപങ്ങളെ ജ്വലിപ്പിക്കുന്നതാവണമെന്നും, വിദ്യാഭ്യാസം ശരിയായ അർത്ഥത്തിൽ സത്യാന്വേഷണമാണെന്നും കലാം തിരിച്ചറിയുന്നുണ്ട്.
കലയും, സാഹിത്യവും ജീവിതത്തിൽ ശാന്തിയും സമാധാനവും പകരാൻ ഉപകരിക്കുന്നതാവണമെന്നും സംഗീതത്തിനും നൃത്തത്തിനും അതിനു കഴിയുമെന്നും സൂചിപ്പിക്കുന്നതാണ് അടുത്ത ഭാഗം.
ധർമ്മവും നീതിയും വളർന്നാൽ മാത്രമേ ഒരു നല്ല സമൂഹം ഉണ്ടാകൂ എന്ന് സൂചിപ്പിക്കുന്ന ഭാഗമാണ് ശാശ്വതമൂല്യങ്ങൾ വിജ്ഞാനത്തോടൊപ്പം വിവേകം വളരുന്നില്ലെങ്കിൽ ഈ വിജ്ഞാനം മാനവരാശിയുടെ പതനത്തിലേക്കെത്തിക്കുമെന്ന് കലാം സൂചിപ്പിക്കുന്നു. ശാസ്ത്രവും ആത്മീയതയും കൈകോർക്കേണ്ടതിന്റെ ആവശ്യകത ഈ ഭാഗത്ത് കലാം നിർദ്ദേശിക്കുന്നു. സ്ത്രീ ശാക്തീകരണം, വികസിത ഇന്ത്യ എന്ന ഭാഗവും ഒരു സമഗ്രദർശനത്തിന്റെ പ്രായോഗികതയുടെ വഴികൾ തുറക്കുന്നവയാണ്.
പതിനാല് ഭാഗങ്ങൾ വായിച്ചവസാനിപ്പിക്കുന്പോൾ നമ്മളിൽ നിറയുന്നത് ഒരു തമിഴ് ഭാഷാ പണ്ഡിതനും, കവിയും ആയ കലാം എന്ന ശാസ്ത്രജ്ഞന്റെ ആഴമുള്ള ചിന്തകളുടെ വെളിപാടുകളാണ്. അതാകട്ടെ പ്രബുദ്ധ പൗരബോധത്തിലേക്ക് നമ്മെ നയിക്കും. ഈ ഊർജ്ജം പകരുന്ന ‘അജയ്യമായ ആത്മചൈതന്യം’ എന്ന പുസ്തകം വിശ്വമാനവികതയുടെ അണയാത്ത ദീപമാണ്. അതാകട്ടെ ശാശ്വതദർശനവുമാണ്.
എ. സുരേഷ് കുമാർ
ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
അത്തോളി
Ph: 9946066070
Labels:
മത്സരം
വായന വാരം
പി.എന്‍ . പണിക്കര്‍ : വായനയുടെ വഴികാട്ടി
|
ഗ്രന്ഥശാലപ്രഥാനത്തിനും വായനശാലാ നിര്‍മ്മാണത്തിനും മുന്‍കൈ എടുത്ത അദ്ദേഹം അനൌപചാരിക വയോജന വിദ്യാഭ്യാസരംഗത്തും പ്രവര്‍ത്തിച്ചു.2011 ജൂണ്‍ 19 ന് പണിക്കര്‍ അന്തരിച്ചിട്ട് പതിനാറു വര്‍ഷം തികയുന്നു.
ചങ്ങനാശ്ശേരിക്കടുത്തുള്ള നീലംപേരൂരില്‍ ജനിച്ച പണിക്കര്‍ മലയാളം ഹയര്‍ പരീക്ഷ പാസായശേഷം നീലംപേരൂര്‍ മിഡില്‍ സ്കൂള്‍ അധ്യാപകനായി.ഇദ്ദേഹത്തിന്‍റെ ശ്രമഫലമായി ജന്മദേശത്തു സ്ഥാപിതമായ വായനശാലയാണ് പില്‍ക്കാലത്ത് സനാതന ധര്‍മവായനശാലയായി പ്രസിദ്ധമായത്.
സനാതന ധര്‍മവായനശാലയുടെയും പി.കെ. മെമ്മോറിയന്‍ ഗ്രന്ഥശാലയുടെയും സ്ഥാപകനും ആദ്യ സെക്രട്ടറിയുമായിരുന്നു. 1945-ല്‍ അന്നു നിലവിലുണ്ടായിരുന്ന 47 ഗ്രന്ഥശാലകളുടെ പ്രവര്‍ത്തകരുടെ സമ്മേളനം വിളിച്ചുകൂട്ടി. ആ സമ്മേളനത്തിന്‍റെ തീരുമാനപ്രകാരം 1947-ല്‍ രൂപീകൃതമായ തിരു-കൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957-ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്.
സ്കൂള്‍ അധ്യാപകനായിരിക്കുമ്പോള്‍തന്നെ അന്നത്തെ ഗവണ്‍മെന്‍റില്‍ നിന്നും അനുവാദം നേടി പണിക്കര്‍ മുഴുവന്‍ സമയഗ്രന്ഥശാലാ പ്രവര്‍ത്തകനായി. ''വായിച്ചുവളരുക, ചിന്തിച്ചു വിവേകം നേടുക'' എന്നീ മുദ്രാവാക്യങ്ങളുമായി 1972-ല്‍ ഗ്രന്ഥശാലാ സംഘത്തിന്‍റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിക്കപ്പെട്ട സാംസ്കാരിക ജാഥയ്ക്കും അദ്ദേഹം നേതൃത്വം നല്കി.
ദീര്‍ഘകാലം കേരളഗ്രന്ഥശാലാ സംഘം സെക്രട്ടറിയായും അതിന്‍റെ മുഖപത്രമായ ഗ്രന്ഥലോകത്തിന്‍റെ പത്രാധിപരായും പ്രവര്‍ത്തിച്ച പണിക്കര്‍ 1977-ല്‍ ആസ്ഥാനത്തുനിന്ന് വിരമിച്ചു.
അനൗപചാരിക വിദ്യാഭ്യാസവികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന കാന്‍ഫെഡിന്റെ സെക്രട്ടറിയായും (1978 മുതല്‍) സ്റ്റേറ്റ് റിഡേഴ്സ് സെന്‍ററിന്റെ ഓണററി എക്സിക്യൂട്ടീവ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു.കാന്‍ഫെഡ് ന്യൂസ്, അനൗപചാരിക വിദ്യാഭ്യാസം, നാട്ടുവെളിച്ചം, നമ്മുടെ പത്രം എന്നിവയുടെ പത്രാധിപത്യവും വഹിച്ചു.
1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു
കടപ്പാട്
വെബ് ദുനിയ മലയാളം
ജിതൂസ്.കെ വിളയില്‍
Labels:
അറിയിപ്പുകള്
Thursday, June 9, 2011
കഥകളി ഡമോണ്‍സ്ട്രേഷന്‍
പത്താം ക്ലാസ്സിലെ ഒന്നാം യൂണിറ്റുമായി ബന്ധപ്പെട്ട് ക്ലാസ്സില്‍ കാണിക്കാവുന്ന കഥകളി ഡമോണ്‍സ്ട്രേഷന്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അവതരണം ശ്രീമതി പ്രീതിബാലകൃഷ്ണന്‍. തയ്യാറിക്കിയത് എസ്.ആര്‍.ജി മലയാളം
Labels:
വീഡിയോ
എസ്.ആര്‍.ജി സംരംഭം
അവധിക്കാല പരിശീലനത്തോടനുബന്ധിച്ച് എസ്.ആര്‍.ജി അംഗങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഹ്രസ്വചിത്രം '3G' കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Labels:
വീഡിയോ
Monday, June 6, 2011
വിഡിയോ
പത്താം ക്ലാസിലെ കേരളപാഠാവലി മലയാളം ഒന്നാം അധ്യായത്തിനു സഹായകമായി കാസര്‍ഗോഡ് ജില്ലയിലെ ശ്രീ ഷരീഫ് കുരിക്കള്‍ തയ്യാറാക്കിയ വിഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Labels:
അറിയിപ്പുകള്
Subscribe to:
Posts (Atom)