പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Tuesday, September 27, 2011

പട്ടാളക്കാരന്‍ കഥാസ്വാദനം


തകഴിയുടെ പട്ടാളക്കാരന്‍
തകഴിയുടെ പട്ടാളക്കാരന്‍ എന്ന കഥ , കഥാസാഹിത്യ വളര്‍ച്ചയിലെ ഒരു നാഴികക്കല്ലു് തന്നെയാണ്.സംഭവവിവരണങ്ങളില്‍ നിന്നും,വര്‍ണനകളില്‍നിന്നും അനുഭവതലവിവരണങ്ങളിലേക്കും വ്യക്തിമനസ്സുകളിലേക്കും കഥ രൂപാന്തരം പ്രാപിച്ചെത്തുന്നത് ഈ കഥയില്‍ കാണാം.രാമന്‍ നായരുടെ ജീവിതത്തിന്റെ ഒരു വലിയഭാഗം തന്നെ ഈ കഥയിലുടെ വര്‍ണ്ണിക്കപ്പെടുന്നു. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോവുന്ന
മനുഷ്യനെയാണിതില്‍ പറയുന്നത്.ആദ്യകാലത്ത് പേരു് പോലും നമ്മുടെ കഥാനായകന് നല്കിക്കാണുന്നില്ല. കിടക്കാനിടവും ക‍ഴിക്കാന്‍ ഭക്ഷണവും ഒരു സ്ഥിരവരുമാനവും
ഉണ്ടായിക്കഴിഞ്ഞ് കടമകളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവാനായതിനു് ശേഷം മാത്രമേ നായകനൊരു പേരു് നല്കിക്കാണുന്നുള്ളു.അയാള്‍ക്ക്, തന്റെ സാഹചര്യങ്ങളേക്കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്ന ഒരു മനസ്സുണ്ടെന്ന്, നാട്ടിലേക്കുള്ള യാത്രയ്ക്കൊരുങ്ങുന്ന സഹപ്രവര്‍ത്തകന്റെ നിരന്തരമായുള്ള ചോദ്യത്തിന് ദേഷ്യപ്പെട്ടെന്നവണ്ണം നല്കുന്ന മറുപടിയിലൂടെ നമുക്കാദ്യമായി മനസ്സിലാവുന്നു. പില്കാലത്ത് ടി.പദ്മനാഭന്റെയും എം.ടി. യുടേയും മാധവിക്കുട്ടിയുടേയും മററു് പലരുടേയും കഥകളിലൂടെ നാം വായിച്ചറിഞ്ഞ അവനവന്റെ അസ്തിത്വം അന്വേഷിക്കുന്ന മനുഷ്യന്റെ രൂപരേഖ ഇക്കഥയില്‍  നമുക്ക് കാണാം. സാമൂഹികതയില്‍നിന്നും വ്യക്തിയിലേക്ക്, വ്യക്തിമനസ്സിലേക്ക്,ഒററപ്പെടലിലേക്ക്,ചിന്തയിലേക്ക്, കഥാസാഹിത്യം വളരുന്നതിന്റെ ആദ്യകാലസൂചനകളുണ്ടീ പട്ടാളക്കാരനില്‍.
ഇന്ത്യയിലെ പല നഗരങ്ങളിലും താമസിക്കാനും ഭാഷകള്‍ പഠിക്കാനും സൗകര്യം ലഭിച്ച രാമന്‍നായര്‍ക്ക് ആദ്യമായി അവധി ലഭിക്കുന്ന അവസരത്തില്‍ കേരളത്തിന്റെ നന്മകളേക്കുറിച്ചോര്‍ക്കുന്നു.ഇവിടെ പക്ഷെ, നായകനേക്കാളധികം നമുക്ക് കാണാന്‍ കഴിയുന്നത് കുട്ടനാടിന്റെ കഥാകാരനെത്തന്നെയാണ്. വൈയക്തികതയിലേക്ക് കഥ നീങ്ങിത്തുടങ്ങിയകാലഘട്ടത്തില്‍,കഥാകൃത്തിന്റെ അഭിപ്രായങ്ങള്‍ ഇടയില്‍ ചില ഖണ്ഡികകളിലൂടെ ഏച്ചുകെട്ടിവച്ചിരിക്കുന്നതായിക്കാണാം.
കേരളത്തിലെ നഗരങ്ങളിലങ്ങോളമിങ്ങോളം ഒരു പരിചിത മുഖമന്വഷിച്ച് പക്ഷിവേഗത്തില്‍ യാത്ര ചെയ്ത നായകന് ഒരു ചിരിയോ ഒരു ചോദ്യമോ കിട്ടുന്നതേയില്ല കഥാകൃത്ത് പക്ഷിവേഗത്തില്‍ നായകനെ യാത്രചെയ്യിച്ചതും മന:പൂര്‍വ്വമാണ്. ഒന്ന് യാത്രാ സൗകര്യം, മറ്റൊന്ന്, തിരിച്ചറിയപ്പെടാതിരിക്കുന്ന അവസ്ഥ. അല്പം നേരം കിട്ടിയപ്പോള്‍ ,പോറ്റിയുടെ ചായക്കടയുടെ പടിയില്‍ പേരെഴുതാനും ക്ഷേത്രദര്‍ശനം നടത്തിയ വൃദ്ധനെ പിന്തുടരാനും നായകന്‍ ശ്രമിക്കുന്നുണ്ട് ഓരോ തവണ മാത്രം . ഒരിക്കല്‍ കൂടി പോറ്റിയുടെ കടയില്‍ ചെന്നിരുന്നെങ്കില്‍.......പോറ്റിയുടെ നിസംഗത മാറിയേക്കാം.ഒരിക്കല്‍ കൂടി വൃദ്ധനെ പിന്‍തുടര്‍ന്നെങ്കില്‍........വൃദ്ധന്‍ പരിചയം പുതുക്കിയേനെ.. കൂടുതല്‍
ചോദ്യങ്ങളുണ്ടായേനെ..അതൊന്നും സംഭവിച്ചില്ല. നഗരങ്ങളിലെ യാന്ത്രികതയും
അപരിചിതത്വവും വര്‍ണ്ണിക്കാന്‍ ശ്രമിക്കുന്ന കഥയില്‍ ഇത്രമതി.നാട്ടിന്‍പുറത്തിന്റെ പരിമിത യാത്രാസൗകര്യങ്ങളിലേക്ക് അവധിക്കാലാവസാനത്തോടെ എത്തിച്ചേരുന്ന രാമന്‍നായര്‍ക്ക് ,പെണ്‍മക്കള്‍ മാത്രമുളള ഒരമ്മയുടെ സ്നേഹവീട്ടല്‍ അഭയം കിട്ടുന്നു. വളരെ പ്രായോഗികമതിയായ ഒരു സ്ത്രീയെയാണിവിടെ തകഴി വരച്ചിട്ടിരിക്കുന്നത്. വര്‍ത്തമാനത്തിനിടയില്‍ പട്ടാളക്കാരന്‍ സ്വന്തം കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു കേള്‍പ്പിച്ചു. ആറുപേര്‍ക്കു വേണ്ടി അത്താഴത്തിന് നാഴിയുരി അരിമാത്രം വേവിച്ചുവച്ച ആ സ്ത്രീക്ക് അതുമുഴുവനും അയാളെ കഴിപ്പിച്ച് തൃപ്തിപ്പെടുത്താനായിരുന്നു താല്പര്യം. ഒരു തുള്ളി, സ്നേഹമുള്ള വാക്കുകള്‍ക്കായി കൊതിച്ചിരുന്ന അയാളുടെ മനസ്സും വയറും നിറയ്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ആ ഒരു നേരത്തെ അത്താഴത്തിനും അവര്‍ ചൊരിഞ്ഞ സ്നേഹമുള്ള
വാക്കുകള്‍ക്കും അവരുടെ അന്നുവരെയുള്ളെ ദയനീയാവസ്ഥയെ മാറ്റിമറിക്കാന്‍ കഴിഞ്ഞു.പിറ്റേന്ന് നായകന്‍, അമ്മയുടെ കെട്ടുപ്രായം കഴിഞ്ഞുനിന്ന മകളെ കല്ല്യാണം കഴിക്കുന്നു. ഇല്ലെങ്കില്‍പ്പോലും തലേ രാത്രിയിലെ അസ്വസ്ഥമായ ഉലാത്തലിനിടയില്‍ അയാള്‍ തനിക്ക് ചെയ്യാനുള്ള മറ്റൊരു (നിസ്വാര്‍ത്ഥ?) കര്‍മ്മത്തിനുള്ള തീരുമാനമെടുത്തിട്ടുണ്ടാവും.ആവശ്യമുണ്ടെങ്കിലും ആഗ്രഹമുണ്ടെങ്കിലും ചിന്തിക്കുന്നആര്‍ക്കും ഒരു പരിധിയിലധികം മറ്റൊരാളുടെ സൗജന്യത്തില്‍ കഴിയാനിഷ്ടമില്ല.അതേതായാലും ആ അവസ്ഥയിലൂടെ കടന്നു്പോയിട്ടുള്ള നായകനറിയാം. അതിനാല്‍ത്തന്നെയാണ് പിറ്റേന്നയാള്‍ തന്റെയവസ്ഥ ഒരിക്കല്‍ക്കൂടി വ്യക്തമാക്കാന്‍ ശ്രമിച്ചത്. ആ സ്ത്രീയും ആഗ്രഹിച്ചത് അങ്ങനെയൊരു പെരുമാറ്റം തന്നെ. അതുകൊണ്ടുതന്നെ ഏറെ സമയമെടുക്കാതെ ആ വീട്ടിലൊരു കല്യാണവും ഏറെത്താമസിയാതെ യാത്ര പറയലും നടന്നു.ഇനി ആ വീട്ടിലേക്കാണ് തന്റെ വരുമാനമെത്തുന്നത് എന്ന് നായകന്‍
തീരുമാനിച്ചിരുന്നു എന്ന് വ്യക്തം. അതിനുള്ള പ്രതിഫലവും അയാള്‍ നിശ്ചയിച്ച
രുന്നു. സ്വന്തം ഭാര്യയുടെ കന്യകാത്വം. അതാണ് പിന്നില്‍ നിന്ന് പതിയെ
ചോദ്യങ്ങള്‍ ചോദിച്ച്,അയാള്‍ നോക്കിയപ്പോള്‍ അവനതാസ്യയായ അവളുടെയ
ടുത്തുനിന്നും, “നീ കന്യകയായിരിക്ക് ” എന്ന് നിര്‍ദ്ദേശിച്ചോ,കല്പിച്ചോ അയാള്‍
രാത്രിതന്നെ യാത്രയായത്. ആ ഒരു രാത്രിക്ക് തന്നിലും നാണിയിലും ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ചയാള്‍ തികച്ചും ബോധവാനാണ്.പിറ്റേ ദിവസമായാല്‍, ഒരുപക്ഷെ നാണിയോട് തലേന്നുവരെ കഴിഞ്ഞതുപോലെ കഴിയാന്‍ നിര്‍ദ്ദേശിക്കാന്‍ പറ്റാതാവും. താന്‍ മുടക്കുന്ന മുതലിന് പ്രതിഫലം ആവശ്യപ്പെടാനും സാധിക്കില്ല. ബുദ്ധിമാനായ നായകന്‍ രാത്രിതന്നെ യാത്രയാവുക യും ഏറെ ജോലിക്കയറ്റങ്ങള്‍ കിട്ടിയിട്ടും ശമ്പള വര്‍ദ്ധനവുണ്ടായിട്ടും ഒരിക്കല്‍ പോലും ഭാര്യയുടെയടുത്തേക്ക് എത്താതിരിക്കുകയും ചെയ്യുന്നു. പിന്നീട് നാണിയെ, സ്ഥലത്തെ സാമാന്യം സമ്പന്നയായ,പറഞ്ഞാലനുസരിക്കാന്‍ ആള്‍ക്കാരുള്ള, ഭക്തയായി നാം കാണുന്നുണ്ട് .നാണിയെ സുചരിതയാക്കി നടത്താന്‍ ,ആ വീട്ടിലെ വരുമാനമാര്‍ഗ്ഗത്തെക്കുറിച്ച് നാട്ടുകാര്‍ക്ക് പരോക്ഷമായൊരറിവ് നല്‍കാന്‍ നായകന്‍ മറ്റൊന്നുകൂടി ചെയ്യുന്നു. ആ കൊച്ചു വീടിന്റെ ഭിത്തിയില്‍ ചാര്‍ത്താന്‍ പാകത്തിന് ഒരു ഫോട്ടോ അയച്ചു കൊടുക്കുന്നു .നാണിക്കും,ആ വീട്ടിലെ മറ്റുപെണ്‍മക്കള്‍ക്കും ആ ചിത്രം തന്നെ ഒരു സംരക്ഷണമാണ്.ജീവിക്കാന്‍ മാര്‍ഗ്ഗമില്ലത്ത , പേരു പോലും സ്വന്തമായില്ലാതിരുന്ന പട്ടാളത്തിലെടുക്കാന്‍ പാകത്തിന് വലുപ്പം മാത്രമുണ്ടായിരുന്ന ഒരാളിന്റ നിസ്വര്‍ത്ഥമോ സ്വര്‍ത്ഥമോ ആയ പ്രവര്‍ത്തിമൂലം , ഒരു നാട്ടിന്‍പുറത്തെ സാമാന്യം സമ്പന്ന കുടുംബമായി പില്‍ക്കാലത്ത് മാറിയ ഒരു കുടുംബത്തിലേക്ക് മൂന്നു വലിയ പെട്ടികളും ഒരു വലിയ തുകയും എത്തുന്നതോടെ കഥ തീരുന്നു.
കഥാകാരന്‍ നായകനില്‍ വരുന്നമാറ്റമൊന്നും നേരിട്ട് സൂചിപ്പിക്കുന്നില്ലെങ്കിലും അയാളുടെ സഹായത്താല്‍ മേല്‍ഗതിയിലേക്കെത്തുന്ന ഒരു ദരിദ്ര കുടുംബത്തിന്റെ വളര്‍ച്ച വ്യക്തമായി ചുരുങ്ങിയ വാക്കുകളില്‍ വിവരിക്കുന്നു.മാത്രമല്ല,യുദ്ധത്തിന്റെ ഭീകരത പല കുടുംബങ്ങളേയും അനാഥമാക്കുന്നുവെന്ന പരോക്ഷമായ സൂചനയും ഈ കഥ നല്‍കുന്നു.

അയച്ചു തന്നത്
ദിനേശ്. എസ്
 കഥ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക

No comments:

Post a Comment