പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Saturday, June 18, 2011

വായന വാരം


ഓർമ്മകൾ ചന്ദനഗന്ധം പോലെ
ബി. സരസ്വതി

സ്മരണകൾ
പ്രസിദ്ധീകരണം: നാഷണൽ ബുക്സ് സ്റ്റാൾ
വില :  100 രൂപ

            മലയാള  ചെറുകഥാ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ തിളക്കമാർന്ന സ്ഥാനമാണ് കാരൂരിനുള്ളത്. ലോകസാഹിത്യത്തിലെ ഉത്കൃഷ്ടമായ കഥകൾക്കൊപ്പം നിൽക്കുന്ന ഒട്ടേറെ കഥകൾ മലയാളഭാഷയ്ക്ക് കാരൂർ നീലകണ്ഠപിള്ള സംഭാവന നൽകി. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്നവരുടെ കഥകൾ, അദ്ദേഹം സ് നേഹത്തിന്റെയും, ആശയുടെയും, ആകുലതയുടെയും, നന്മയുടെയും, ലാളിത്യത്തിന്റെയും ഭാഷയിൽ മലയാളത്തിനായി നൽകി.
            സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉപജ്ഞാതാക്കളി ലൊരാളും, ദീർഘകാലം അതിന്റെ  അമരക്കാരനുമായ കാരൂർ സാഹിത്യകാരന്മാർക്കിടയിലെ ബഹുമുഖപ്രതിഭയായിരുന്നു. അധ്യാപകൻ, സാഹിത്യകാരൻ, സഹകാരി, വ്യാപാരി, സാമൂഹ്യപ്രവർത്തകൻ എന്ന നിലകളിലൊക്കെ പ്രവർത്തിച്ച കാരൂരിന്റെ ജീവിതം മലയാളിക്ക് സമഗ്രമായി പരിചയപ്പെടുത്തുന്ന കൃതിയാണ് ഓർമ്മകൾ ചന്ദനഗന്ധം പോലെ എന്ന സ്മരണാഗ്രന്ഥം. ഇത് രചിച്ചത് കാരൂരിന്റെ മകളും പ്രശസ്ത കഥാകാരിയുമായ ബി. സരസ്വതിയാണ്. ഒരു മകളുടെ പിതൃസ്മരണകൾ എന്നതിനപ്പുറം ഒരു എഴുത്തുകാരിയായ മകൾ കഥാകൃത്തായ പിതാവിന്റെ സമഗ്രസംഭാവനകളെ, രചനയുടെ സന്ദർഭങ്ങളുടെ നേരനുഭവ സാക്ഷ്യത്തോടെ വിലയിരുത്തുന്നുവെന്ന അപൂർവ്വതയും ഈ സ്മരണാഗ്രന്ഥത്തിനുണ്ട്.
            1898 ഫിബ്രവരി 22ന് ഏറ്റുമാനൂരിനടുത്തുള്ള കാരൂർ വീട്ടിൽ ജനിച്ച നീലകണ്ഠപ്പിള്ള മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയ ജീവിത സാഹചര്യവും, അനുഭവങ്ങളും, എഴുത്തിന്റെ വഴികളും, സൗഹൃദങ്ങളും, വൈകാരികമായ ഭാവത്തോടെ എഴുത്തുകാരി വിവരിക്കുമ്പോൾ അതിഭാവുകത്വം അതിൽ കലരാതെ ശ്രദ്ധിച്ചിട്ടുമുണ്ട്.
            12 അധ്യായങ്ങളിലായി വിവരിക്കുന്ന സ്മരണകൾക്ക് പ്രൗഢമായ അവതാരികയെഴുതിയിരിക്കുന്നത് മലയാളത്തിലെ പ്രശസ്ത നിരൂപകയായ ഡോ.എം. ലീലാവതിയാണ്.
            ഉതുപ്പാന്റെ കിണർ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉതുപ്പാനായ കാരൂരിന്റെ കഥയാവുന്നത് എങ്ങനെയാണെന്ന്  നമുക്ക് വായിച്ചെടുക്കാൻ ഈ ഗ്രന്ഥം സഹായിക്കും. കാരൂരിന്റെ എഴുത്തിന് കരുത്തു പകർന്ന സഹധർമ്മിണി ഭവാനിയമ്മയെന്ന ഉത്തമ കുടുംബിനിയെയും കഥാകാരിയായ സരസ്വതി, ലീല എന്നീ മക്കളെയും കാരൂരിന്റെ സഹോദരൻമാരെയും കുടുംബത്തെയും സ്മരണയിൽ ഉചിതമായി ചേർത്തിരിക്കുന്നു.
            പ്രശംസാവാചകങ്ങൾ ഒട്ടും ഇഷ്ടപ്പെടാതിരുന്ന ഒരെഴുത്തുകാരന്റെ  ജീവിതം ഒട്ടും പൊലിപ്പിക്കാതെ കൃത്യതയോടെ ചിത്രീകരിച്ചു എന്നതിൽ മകൾക്ക് അഭിമാനിക്കാം. ഒപ്പം തോട്ടം സൂപ്രണ്ട് ,  അധ്യാപക കഥകൾ,  ഉതുപ്പാന്റെ കിണർ, മീനാക്ഷി ദർശനം, സേഫ്റ്റിപിൻ, ചെകുത്താൻ, മോതിരം, മരപ്പാവകൾ തുടങ്ങിയ നിലവധി കഥകളെ കഥാകാരി വിശകലനം ചെയ്യുകയും അനുഭവതലങ്ങളിലേക്കെത്തിക്കുകയും ചെയ്യുന്നു. 
            വിശ്രമരഹിതമായ ജീവിതം നയിച്ച ഒരെഴുത്തുകാരനായിരുന്നു കാരൂർ. 1975 സെപ്തംബർ 30ന് ജീവിത്തിൽ നിന്നും സാഹിത്യലോകത്തുനിന്നും എന്നെന്നേക്കുമായി വിടവാങ്ങിയപ്പോൾ കൈരളിക്ക് നഷ്ടമായത് മഹാനായ വിശ്വസാഹിത്യകാരനെയാണ്.
            ഓർമ്മകൾ ചന്ധനഗന്ധം പോലെ എന്ന ഈ സ്മരണാഗ്രന്ഥം വായനക്കാർക്ക് നൽകുന്നത് മികച്ച ഒരു വായനാനുഭവമാണ്.
                                                                          പ്രമോദ് എൻ.
                                                                          ജി.എച്ച്.എസ്.എസ്. പയമ്പ്ര

No comments:

Post a Comment