പട്ടാളക്കാരന്‍ കഥാസ്വാദനം, സൗന്ദര്യപൂജ ആസ്വാദനം- കൃഷ്ണവേണി, ഇഖ്ബാല്‍ എച്ച്.എസ്.എസ് കാഞ്ഞങ്ങാട്, അശാന്തിപര്‍വങ്ങള്‍ക്കപ്പുറം - സമഗ്രാസൂത്രണം, സംവാദം .... അഭിപ്രായങ്ങള്‍ ക്ഷണിക്കുന്നു....... അഭിപ്രായങ്ങള്‍‍ ലഭിക്കുമ്പോഴാണ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാവുക.. കമന്റ് ബോക്സില്‍ നിങ്ങളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു

Saturday, June 18, 2011

വായന വാരം



വായന വാര മത്സരങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിരിക്കുന്ന പുസ്തങ്ങളെ പരിചയപ്പെടുത്തുന്നു‌

                            അജയ്യമായ ആത്മചൈതന്യം
എ.പി.ജെ. അബ്ദുൾകലാം

സ്മരണ
വില : 90 രൂപ
പ്രസിദ്ധീകരണം : ഡി.സി. ബുക്സ്

            തൊട്ടതൊക്കെ പൊന്നാക്കിയ പ്രതിഭയാണ് എ.പി.ജെ. അബ്ദുൾകലാം. തന്റെ ജീവിതവിജയത്തിന്റെ വേരുകൾ  തേടുന്ന ഒരു പ്രതിഭയുടെ മൗനം വാചാലമാകുന്ന സൂചനകളുടെ, വാക്കുകളുടെ പുസ്തകമാണ് അജയ്യമായ ആത്മചൈതന്യം. സ്മരണ എന്ന രചനാവിഭാഗത്തിൽ പെടുന്ന ഈ കൃതിയിൽ സ്വന്തം ജീവിതത്തിന്റെ പിന്നിട്ട പാതകളിൽ തന്നെ സ്വാധീനിച്ച വ്യക്തികളേയും ആശയങ്ങളേയും കലാം സ്മരിക്കുന്നു.
            ഇച്ഛാക്തിയുടെ മഹത്വം വിളിച്ചുപറയുന്ന ഈ കൃതി അജയ്യമായ ആത്മചൈതന്യം തന്നെയാണ് തൻറെ ഇച്ഛാശക്തിയുടേയും ആധാരം എന്ന് വെളിപ്പെടുത്തുന്നു. ഒട്ടനവധി കഴിവുകളും സാധ്യതകളുമുള്ള മനുഷ്യൻ പ്രതിസന്ധികളെ മുറിച്ചു കടക്കുമ്പോൾ മാത്രമാണ് വിജയിയാവുന്നതെന്നും അത്തരം വിജയികൾ ലോകത്തിന് വെളിച്ചം പകരുന്നവരാണെന്നും നമ്മെ ബോധ്യപ്പെടുത്തുന്നു.
            പതിനാല് ചെറുഭാഗങ്ങളാണ് ഈ കൃതിയിൽ ഉള്ളത്. പ്രചോദനം നൽകിയ വ്യക്തികൾ മുതൽ അജയ്യമായ ഇച്ഛാശക്തി വരെ പറന്നുകിടക്കുന്ന ഈ കൃതി വായനക്കാരെ ഏറെ സ്വാധീനിക്കുകയും അവരെ മാറ്റി മറിക്കുകയും ചെയ്യും എന്നത് വ്യക്തം. തന്റെ അമ്മയെ പരിചയപ്പെടുത്തുന്ന ആദ്യ ഭാഗം അമ്മ അനുഭവിച്ച ദാരിദ്ര്യവും പരിമിതികൾക്കുള്ളിലും പഠനത്തിന് തനിക്ക് നൽകിയ പ്രോത്സാഹനവും സ്മരിക്കുന്നു. അമ്മ വറ്റാത്ത  സ്നേഹത്തിന്റെ  ഉറവിടമാണെന്നും അതാണ് തന്നെ നിർമ്മിക്കുന്നതിൽ ഏറെ സ്വാധീനിച്ചതെന്നും പറയാതെ പറയുന്നു. തുടർന്ന് എം.എസ്. സുബ്ബലക്ഷ്മി, വിക്രം സാരാഭായ്, ബ്രഹ്മപ്രകാശ്, എം.ജി.കെ. മേനോൻ, രാജാ രാമണ്ണ എന്നിവർ വിദ്യാഭ്യാസത്തിലും പ്രവർത്തരംഗത്തും തന്നെ എങ്ങനെ സ്വാധീനിച്ചു എന്ന് വ്യക്തമാക്കുന്നു. ഈ ഭാഗം സ്വപ്നദർശികൾക്കു മാത്രമേ ഉന്നതങ്ങളിലെത്താൻ പറ്റൂ എന്നും അവർക്കു മാത്രമേ പുതുരാഷ്ട്രം കെട്ടിപ്പെടുക്കാൻ പറ്റൂ എന്നും നമ്മെ ഓർമ്മപ്പെടുത്തുന്നു.
            അധ്യാപകൻ, വിദ്യാഭ്യാസം എന്നിവ എന്താവണമെന്ന സമഗ്രബോധമാണ് അടുത്ത ഭാഗം നമുക്ക് തരുന്നത്. അധ്യാപകന്റെ ജീവിതം അനേകം ദീപങ്ങളെ ജ്വലിപ്പിക്കുന്നതാവണമെന്നും, വിദ്യാഭ്യാസം ശരിയായ അർത്ഥത്തിൽ സത്യാന്വേഷണമാണെന്നും കലാം തിരിച്ചറിയുന്നുണ്ട്.
            കലയും, സാഹിത്യവും ജീവിതത്തിൽ ശാന്തിയും സമാധാനവും പകരാൻ ഉപകരിക്കുന്നതാവണമെന്നും സംഗീതത്തിനും നൃത്തത്തിനും അതിനു കഴിയുമെന്നും സൂചിപ്പിക്കുന്നതാണ് അടുത്ത ഭാഗം.
            ധർമ്മവും നീതിയും വളർന്നാൽ മാത്രമേ ഒരു നല്ല സമൂഹം ഉണ്ടാകൂ എന്ന് സൂചിപ്പിക്കുന്ന ഭാഗമാണ് ശാശ്വതമൂല്യങ്ങൾ വിജ്ഞാനത്തോടൊപ്പം വിവേകം വളരുന്നില്ലെങ്കിൽ ഈ വിജ്ഞാനം മാനവരാശിയുടെ പതനത്തിലേക്കെത്തിക്കുമെന്ന് കലാം സൂചിപ്പിക്കുന്നു. ശാസ്ത്രവും ആത്മീയതയും കൈകോർക്കേണ്ടതിന്റെ ആവശ്യകത ഈ ഭാഗത്ത് കലാം നിർദ്ദേശിക്കുന്നു. സ്ത്രീ ശാക്തീകരണം, വികസിത ഇന്ത്യ എന്ന ഭാഗവും ഒരു സമഗ്രദർശനത്തിന്റെ പ്രായോഗികതയുടെ വഴികൾ തുറക്കുന്നവയാണ്.
            പതിനാല് ഭാഗങ്ങൾ വായിച്ചവസാനിപ്പിക്കുന്പോൾ നമ്മളിൽ നിറയുന്നത് ഒരു തമിഴ് ഭാഷാ പണ്ഡിതനും, കവിയും ആയ കലാം എന്ന ശാസ്ത്രജ്ഞന്റെ ആഴമുള്ള ചിന്തകളുടെ വെളിപാടുകളാണ്. അതാകട്ടെ പ്രബുദ്ധ പൗരബോധത്തിലേക്ക് നമ്മെ നയിക്കും. ഈ ഊർജ്ജം പകരുന്ന അജയ്യമായ ആത്മചൈതന്യം എന്ന പുസ്തകം വിശ്വമാനവികതയുടെ അണയാത്ത ദീപമാണ്. അതാകട്ടെ ശാശ്വതദർശനവുമാണ്.

എ. സുരേഷ് കുമാർ
ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ
അത്തോളി
Ph: 9946066070

No comments:

Post a Comment